കഴക്കൂട്ടത്ത് യുവാവിനെ പോലീസ് മർദ്ദിച്ച സംഭവം; എസ്ഐക്ക് സസ്പെൻഷൻ
Kazhakoottam youth assaulted by police; Suspension for SI
തിരുവനന്തപുരം: കഴക്കൂട്ടത്ത് വീടിനു സമീപം നിന്ന യുവാവിനെ പോലീസ് മർദ്ദിച്ച സംഭവത്തിൽ എസ്ഐക്ക് സസ്പെൻഷൻ. കഴക്കൂട്ടം എസ്ഐ വിഷ്ണുവിനെയാണ് സസ്പെന്റ് ചെയ്തത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷ്ണറുടേതാണ് നടപടി.
പോലീസ് അകാരണമായി മർദ്ദിച്ചെന്നു ചൂണ്ടിക്കാട്ടി കഴക്കൂട്ടം സ്വദേശി ഷിബുകുമാർ മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിരുന്നു.
ഞായറാഴ്ചയാണ് ഷിബുകുമാറിന് മർദ്ദനമേറ്റ സംഭവം നടന്നത്. വീടിനു സമീപം നിൽക്കുകയായിരുന്ന തന്നെ ഒന്നും ചോദിക്കാതെ പോലീസ് മർദ്ദിക്കുകയായിരുന്നുവെന്ന് ഷിബുകുമാർ പറഞ്ഞു.
പോലീസ് ലാത്തികൊണ്ട് നിരവധി തവണ അടിച്ചതായി ഷിബുകുമാർ പറഞ്ഞു. ഷിബുവിന്റെ ഇടുപ്പിലും തോളിലും അടികൊണ്ട പാട് വ്യക്തമാണ്. മർദ്ദനത്തിനു പിന്നാലെ യുവാവ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്നു.
തങ്ങൾ സ്ഥിരം മദ്യപരുടെ കേന്ദ്രത്തിൽ നിന്നും സാമൂഹിക വിരുദ്ധരെ ഓടിച്ചു വിടുകയായിരുന്നുവെന്നാണ് പോലീസിന്റെ വാദം. കഴക്കൂട്ടം എസ്ഐ വിഷ്ണുവിന്റെ നേതൃത്വത്തിൽ മർദ്ദിച്ചെന്നാണ് യുവാവ് ആരോപിക്കുന്നത്.