Kerala

മൂപ്പിൽ നായർ സ്ഥാപിച്ച; കവളപ്പാറ സ്മാരക വായനശാല

Kavalappara Memorial Library, Founded by Moopil Nair

സൗരയൂഥത്തിന്റെ മാതൃ നക്ഷത്രമായ സൂര്യനിൽ നിന്ന് ഒരു ജ്യോതിർമാത്ര അകലെ കിടക്കുന്ന ഭൂമിയാണ്, നിലവിൽ സൗരയൂഥത്തിലെ ജീവനുള്ള ഏകഗ്രഹം. ഭൂമിയിലെ സകലമാന ജീവജാലങ്ങൾക്കും ബുദ്ധിയുണ്ട് എന്നാൽ അറിവും വിവേകവുമുള്ള എക ജീവജാലമാണ് മനുഷ്യജന്മം. മനുഷ്യന്റെ ഉത്പത്തി മുതൽ തന്നെ അവന് വിജ്ഞാന തൃഷ്ണ ഉണ്ടായിരുന്നു എന്ന് മാത്രല്ല, അവയെല്ലാം മറ്റുള്ളവരിലേക്ക് പകര്‍ന്ന് കൊടുക്കുവാനും ശ്രമിച്ചിരുന്നു എന്നതിന്റെ അടയാളങ്ങളാണ്, കല്ലുകളിലും ഗുഹകളിലും മരങ്ങളിലും ഒക്കെ കോറിയും വരച്ചും കൊത്തി വെച്ച് കാണപെട്ടിട്ടുള്ളത്. മനുഷ്യ ജന്മത്തിന്റെ പരിണാമത്തിൽ സംഭവിച്ച മാറ്റങ്ങളിൽ സുപ്രധാന വഴിത്തിരിവായി എഴുത്തും വായനയും എന്തെന്നാൽ അതൊന്ന് കൊണ്ട് മാത്രമാണ്, നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് സംഭവിച്ച കാര്യങ്ങള്‍ ഇന്നത്തെ തലമുറക്ക് കൈവെള്ളയിലെ രേഖകള്‍ പോലെ വ്യക്തമായി വായിച്ചു മനസ്സിലാക്കാന്‍ സാധിക്കുന്നത്.

മാനവ സമൂഹത്തിന്റെ പുരോഗതിക്ക് കാരണമായത് പരിണമിക്കുന്തോറും വളരുകയും വളരുന്തോറും പരിണമിക്കുകയും ചെയ്ത മനുഷ്യന്റെ എഴുത്തും വായനയുമാണ്. ആദിമ മനുഷ്യർ സൃഷ്ടിക്കുകയും ഒരു ജനിതക രൂപത്തിൽ സ്വഭാവികമായി പിന്നീട് വന്ന തലമുറകൾ, പൈതൃക സമ്പത്തായി ഇടമുറിയാതെ കാത്ത് സൂക്ഷിച്ച ഒന്നാണ് ഭാഷയും സംസ്ക്കാരവും. പ്രപഞ്ചത്തിൽ തനിക്ക് ചുറ്റുമുള്ള സകലമാന വസ്തുതകളെ കുറിച്ചും അറിയുവാനുള്ള മനുഷ്യന്റെ ജിജ്ഞാസക്ക് ഒപ്പം സഞ്ചരിച്ച, ഭാഷയുടെയും സംസ്ക്കാരത്തിന്റെയും വളർച്ചക്ക് അമൂല്യമായ സംഭാവനകൾ നൽകിയവയാണ് നമ്മുടെ ഗ്രന്ഥശാലകൾ. പ്രാചീന ഗ്രീസിലാണ് ആദ്യമായി ഗ്രന്ഥങ്ങൾ സൂക്ഷിക്കുന്ന ശാലകൾ നിലവിൽ വന്നതെന്ന് കരുതപ്പെടുമ്പോൾ, പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഇത്തരം ഗ്രന്ഥശാലകൾ ഇന്ത്യയിൽ തുടങ്ങുന്നത്.

ഇന്ത്യയിലെ തന്നെ ആദ്യത്തെ ജനകീയ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് 1829 ൽ, കേരളത്തിൽ അന്നുണ്ടായിരുന്ന നാട്ടുരാജാക്കൻമാരിൽ സകലകലാവല്ലഭനായിരുന്ന ശ്രീ. സ്വാതി തിരുന്നാൾ മഹാരാജാവ്, തന്റെ സുഹൃത്തായ ബ്രിട്ടീഷ് റസിഡന്റ് കേണൽ എഡ്വേഡ് കഡോഗന്റെ സഹകരണത്തോടെ, നമ്മുടെ തലസ്ഥാനത്ത് സ്ഥാപിച്ച തിരുവനന്തപുരം പബ്ലിക് ലൈബ്രറി എന്ന ഇന്നത്തെ സ്റേററ്റ് സെൻട്രൽ ലൈബ്രറിയാണ്. 1945 ൽ അമ്പലപ്പുഴ പി.കെ. മെമ്മോറിയൽ ഗ്രന്ഥശാലയിൽ വെച്ച് തിരുവിതാംകൂർ ദിവാനായിരുന്ന സർ. സി.പി. രാമസ്വാമി ഉദ്ഘാടനം നിർവ്വഹിച്ച, അഖില തിരുവിതാംകൂർ ഗ്രന്ഥശാലാ സമ്മേളനത്തിലൂടെ രൂപീകരിക്കപ്പെട്ട അഖില തിരുവിതാംകൂർ ഗ്രന്ഥശാല സംഘമാണ്, മറ്റെല്ലാ ഗ്രന്ഥശാലകളെയും കാലാകാലങ്ങളിൽ ഏകോപിച്ച് കൊണ്ട് 1991 ൽ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എന്നായി മാറിയത്.

കാലപ്രവാഹത്തിൽ രാജവംശങ്ങളെല്ലാം സ്മരണകളായി എങ്കിലും ഇന്ത്യയിലെ ഏക നായർ സമുദായ നാട്ടുരാജ്യമായിരുന്നു, സാംസ്ക്കാരിക പെരുമകളുടെ ചരിത്രമുറങ്ങുന്ന വള്ളുവനാട്ടിലെ കവളപ്പാറ സ്വരൂപം. ആധുനിക കവളപ്പാറയുടെ ശിൽപ്പിയായി അറിയപ്പെടുന്ന ഭരണാധികാരി കേണൽ അപ്പുക്കുട്ടനുണ്ണി മൂപ്പിൽ നായർ പ്രായപൂർത്തി വന്നപ്പോൾ, മദിരാശി സർക്കാറിന്റെ അധീനതയിലുള്ള കോർട്ട് ഓഫ് വാർഡ്സ് എന്ന സ്ഥാപനത്തിൽ നിന്നും സുര്യപത്തിന്റെ ഭരണം ഏറ്റെടുത്തു. ഇതേ വർഷം തന്നെ 1910 ൽ, കലാ കായിക സാംസ്ക്കാരിക പ്രവർത്തനങ്ങൾ രാജ്യ താത്പര്യങ്ങളുടെ ഭാഗഭായി കണ്ട അപ്പുക്കുട്ടനുണ്ണി മൂപ്പിൽ നായർ, കവളപ്പാറ കൊട്ടാരത്തിന്റെ തിരുമുമ്പിൽ ഒരു ഗ്രന്ഥശാല പ്രവർത്തന സജമാക്കി, അതാണ് നമ്മൾ അവിടെ ഇന്ന് കാണുന്ന കവളപ്പാറ സ്മാരക വായനശാല.

ഒരു നൂറ്റാണ്ടിലേറെ കാലത്തെ തലമുറകളുടെ സ്മരണകൾ ഏറ്റുവാങ്ങി കാലപഴക്കത്തെ അതിജീവിച്ച് കൊട്ടാര മണ്ണിൽ യശസ്സുയർത്തി നിൽക്കുന്ന വായനശാല കെട്ടിടം 1200 ഓളം ചതുരശ്രയടിയുള്ളതാണ്. മദിരാശി സർക്കാറിന്റെ സഹകരണത്തോടെ മൂപ്പിൽ നായർ സമാഹരിച്ച 700 മലയാള പുസ്തകങ്ങളും, 300 ഇംഗ്ലീഷ് പുസ്തകങ്ങളുമടക്കം 1000 ത്തോളം പുസ്തകങ്ങളുമായി തുടങ്ങിയ ഗ്രന്ഥശാലയിൽ, ഇന്ന് വിവിധ ഭാഷകളിലായി 5000 ത്തോളം പുസ്തകങ്ങളുണ്ടെന്ന് നിലവിലെ ഭരണ സമിതി വിലയിരുത്തുന്നു. വായനശാലക്ക് ആവശ്യമായ അലമാരകൾ, കസേരകൾ, മേശകൾ, ബെഞ്ചുകൾ തുടങ്ങിയ സാമഗ്രികൾക്ക് പുറമേ, ഫുട്ബോൾ, ടേബിൾ ടെന്നീസ്, റൗണ്ടേഴ്സ് എന്നിവക്കുള്ള ഉപകരണങ്ങളും നൽകിയ മൂപ്പിൽ നായർ, അക്കാലത്തെ ജനത കേട്ടു കേൾവി പോലുമില്ലാത്ത ഒരു ജിംനേഷ്യവും സ്ഥാപിച്ചിരുന്നു വായനശാലയിൽ.

സ്വാതന്ത്ര്യ സമര കാലത്ത് ധാരാളം യോഗങ്ങൾ നടന്നിരുന്ന വായനശാലയിൽ ബ്രിട്ടീഷുകാരായ പല കലക്ടർമാരും സന്ദർശിക്കുകയും, അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സന്ദർശന പുസ്തകത്തിൽ രേഖപ്പെടുത്തിയിരുന്നുവത്രേ 1933 ൽ മഹാത്മ ഗാന്ധിയും കേരള ഗാന്ധി കെ. കേളപ്പനും ഉജ്വല സ്വീകരണമാണ് ദേശ സ്നേഹികളായ നാട്ടുകാർ, വായനശാലയിൽ നൽകിയതെന്ന് ഇവിടങ്ങളിൽ വാമൊഴിയായി ഇന്നും നിലകൊള്ളുന്നു.. 1964 ൽ നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകനും നവോഥാന നായകനുമായ മന്നത്ത് പദ്മനാഭൻ, കവളപ്പാറ കൊട്ടാരം ഒരുക്കിയ സ്വീകരണത്തിൽ പങ്കെടുത്തും വായനശാല സന്ദർശിച്ചതും, പൂരപൊലിമയോടെ ഓർത്തെടുക്കുന്നു കവളപ്പാറയുടെ ചരിത്രം എഴുതിയ ഓട്ടൂർ പുത്തൻവീട്ടിൽ ബാലകൃഷ്ണൻ.

പാലക്കാട് ജില്ലയിലെ തന്നെ ഏറ്റവം വലിയ റഫറൻസ് ലൈബ്രറിയായിരുന്ന ഈ വായനശാല, ഗ്രന്ഥശാല സംഘം രൂപീകരിച്ചതോടെ അതിൽ അഫിലിയേറ്റ് ചെയ്തു. വായനയിൽ വസന്തം വിരിയിച്ച കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച, പുതുവാളിൽ നാരായണ പണിക്കർ എന്ന പി.എൻ. പണിക്കർ ഇവിടം സന്ദർശിച്ച് മടങ്ങിയത്, നിറമനസ്സോടെയെന്ന് സന്ദർശന പുസ്തകത്തിൽ വായിക്കാമായിരുന്നു.1976 ൽ ഒറ്റപ്പാലം താലൂക്കിലെ ഏറ്റവും നല്ല കലാസമിതിയായി തിരഞ്ഞെടുക്കപ്പെട്ട കവളപ്പാറ കലാസമിതി ഈ വായനശാല കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. 2007 ൽ പ്രബ്ദ്ധുരായ നാട്ടുകാരുടെ സഹായത്തോടെ അറ്റകുറ്റ പണികൾ തീർത്ത ഈ വായനശാലയിൽ നൂറോളം പേർക്കിരിക്കാവുന്ന ഒരു വലിയ ഹാളുണ്ട്. പാലക്കാട് ജില്ലയിൽ മൂന്ന് പതിറ്റാണ്ട് തുടർച്ചയായി സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് വിജയകരമായി നടത്തി വരുന്ന, മിഷ ആർട്സ് & സ്പോർട്സ് ക്ലബ് വായനശാല കെട്ടിടത്തിൽ ഒപ്പം പ്രവർത്തിക്കുന്നു.

സ്റേററ്റ് ലൈബ്രറി കൗൺസിലിന്റെ മാനദണ്ഡ പ്രകാരം വായനശാല അംഗങ്ങൾ തീരുമാനിക്കുന്ന 12 പേരടങ്ങുന്ന ജനകീയ കമ്മിറ്റിയിൽ നിന്നും, തിരഞ്ഞെടുത്ത പ്രസിഡന്റ് ഒ.പി. ഗോവിന്ദൻ കുട്ടി, സെക്രട്ടറി രാജഗോപാൽ കവളപ്പാറ, എന്നിവരുടെ നേതൃത്വത്തിലാണ് കവളപ്പാറ സ്മാരക വായനശാലയുടെ പ്രവർത്തനങ്ങൾ ഇപ്പോൾ മുന്നോട്ട് പോകുന്നത്. പുസ്തകം വായന കുറഞ്ഞെങ്കിലും സ്പോൺസർമാരുടെ മാനവികതയിൽ പ്രമുഖ മലയാള ദിനപത്രങ്ങളും, ദി ഹിന്ദു ഇംഗ്ലീഷ് ദിനപത്രവും കാലങ്ങളായി ഇവിടെയുണ്ട്. ലൈബ്രറി കൗൺസിലിൽ നിന്നും വർഷത്തിൽ ഒരിക്കൽ ലഭിക്കുന്ന 15000 ത്തോളം രൂപയാണ് സർക്കാർ ഭാഗത്ത് നിന്നും ലഭിക്കുന്ന ഏക സഹായം. ദീർഘകാലം ലൈബ്രറിയനായി സേവനം അനുഷ്ഠിച്ച രാമംകണ്ടത്ത് ഗോപിനാഥൻ പ്രായാധിക്യത്താൽ ഒഴിഞ്ഞപ്പോൾ, 2017 മുതൽ പ്രദേശവാസിയായ സിജി അനിലാണ് തുച്ഛമായ ഓണറേറിയത്തിൽ പ്രവർത്തിക്കുന്ന ഇപ്പോഴത്തെ ലൈബ്രറിയൻ.

വിരൽ തുമ്പിൽ വിഞ്ജാനം എത്തി നിൽക്കുന്ന ഇന്നത്തെ കാലത്ത് ഇത്തരം ഗ്രന്ഥശാലകൾ നിലനിൽക്കുrന്നത് തന്നെ, മലയാളിയെ വായനയുടെ മാസ്മരിക വലയത്തിലേക്ക് എത്തിച്ച ക്രാന്തദർശിയായ പി. എൻ. പണിക്കർ ജീവിത വ്രതമായി കൊണ്ട് നടന്ന, അശ്രാന്ത പരിശ്രമത്തിന്റെ പരിണിത ഫലമായ കേരള സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ ഒന്ന് കൊണ്ട് മാത്രമാണ്. വിഞ്ജാനം നേടുവാൻ മാത്രമല്ല അത് മറ്റുള്ളവരിലേക്ക് പകർന്ന് കൊടുക്കുവാനും, നാലാൾ കൂടുംമ്പോൾ ലഭിക്കുന്ന സഹവർത്തിത്വവും അതിലൂടെ സ്വാംശീകരിച്ച് എടുക്കുന്ന സാഹോദര്യവുമാണ്. ഒരോ വായനശാലകളും സമൂഹത്തിന് നൽകുന്നത്. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള അനേകായിരം തലമുറകൾക്ക് വിഞ്ജാനത്തിന്റെ കവാടം തുറന്ന് കൊടുത്ത, വള്ളുവനാടിന്റെ ഹൃദയ ഭൂമിയിൽ ഒരു ചരിത്ര സ്മാരകമായി നിലകൊള്ളുന്ന കവളപ്പാറ സ്മാരക വായന ശാലയുടെ നവീകരണം, ഗ്രന്ഥശാല ദിനമായ ഒരോ സെപ്തംബർ 14 കടന്ന് പോകുമ്പോഴും ഓർമ്മപ്പെടുത്തലായി മാറുന്നു.

തെയ്യാറാക്കിയത്
പ്രസാദ് കെ ഷൊർണൂർ

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button