India

കർഷക സമരം: പുരസ്കാരങ്ങൾ മടക്കുന്നവർ ഭാരത മാതാവിനെ അപമാനിക്കുന്നവരെന്ന് ബിജെപി മന്ത്രി

Karshaka Samaram: BJP minister says those who return awards are insulting Mother India

ഭോപ്പാല്‍: കര്‍ഷക സമരത്തെ പിന്തുണച്ച് പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കിയവര്‍ക്കെതിരെ മധ്യപ്രദേശ് കൃഷിമന്ത്രിയും ബിജെപി നേതാവുമായ കമല്‍ പട്ടേല്‍. പുരസ്കാരങ്ങൾ മടക്കി നൽകുന്നവർ ഭാരത മാതാവിനെ അപമാനിക്കുന്നവരും രാജ്യത്തെ ഭിന്നിപ്പിക്കുന്നവരുമാണെന്ന് അദ്ദേഹം പറഞ്ഞു.

പുരസ്‌കാര ജേതാക്കളും ബുദ്ധിജീവികളും രാജ്യസ്‌നേഹികളല്ലെന്ന് പറഞ്ഞാണ് മധ്യപ്രദേശ് കൃഷി മന്ത്രിയുടെ വിമർശനം. ‘പുരസ്‌കാരങ്ങള്‍ നേരത്തെയും തിരിച്ചുനല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് എങ്ങനെയാണ് പുരസ്‌കാരം ലഭിച്ചത്. രാജ്യത്തെ അപമാനിച്ചതും വിഭജിച്ചവര്‍ക്കുമാണ് പുരസ്‌കാരം ലഭിച്ചത്’ കമൽ പട്ടേൽ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ തന്നോട് ചോദ്യങ്ങള്‍ ചോദിക്കൂവെന്നും അവര്‍ക്കുള്ള ഉത്തരം താന്‍ നല്‍കാമെന്നും കമല്‍ പട്ടേല്‍ പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാണ് അവരുടെ ആവശ്യം. അത് എങ്ങനെ സാധിക്കും? ജനാധിപത്യ ഇന്ത്യയില്‍ ജനങ്ങള്‍ക്കാണ് അധികാരം. ആ ജനങ്ങള്‍ തെരഞ്ഞെടുത്ത പ്രതിനിധികളടങ്ങിയ പാര്‍ലമെന്‍റാണ് ഈ നിയമം പാസാക്കിയത്, കമല്‍ പട്ടേല്‍ പറഞ്ഞു.

കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പഞ്ചാബിൽ നിന്നുള്ള കായിക താരങ്ങളും രാഷ്ട്രീയ നേതാക്കളും അവർക്ക് ലഭിച്ച പുരസ്കാരങ്ങൾ മടക്കി നൽകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബിജെപി നേതാവിന്‍റെ വാക്കുകൾ.

കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ഇന്നാണ് നടക്കുക. രാവിലെ പതിനൊന്ന് മുതൽ മൂന്ന് മണി വരെയാണ് ബന്ദ്. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കേരളത്തെ ഒഴിവാക്കിയിട്ടുണ്ട്.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button