കരിപ്പൂർ വിമാന അപകടം; വെബിനാറിൽ സങ്കടങ്ങൾ പെയ്തിറങ്ങി
Karipur plane crash; Grief erupted on the webinar
ദോഹ: കരിപ്പൂർ വിമാന അപകടം കഴിഞ്ഞു ഒരു മാസം തികയുന്ന സെപ്തംബർ ഏഴിന് അപകടത്തിൽ മരണപ്പെട്ടവരുടെ ഏറ്റവും അടുത്ത ബന്ധുക്കളും പരിക്കേറ്റവരും പങ്കെടുത്ത ഓൺലൈൻ സംഗമം മലബാർ ഡവലപ്പ്മെന്റ് ഫോറം സംഘടിപ്പിച്ചു .വികാര തീവ്രമായ നിമിഷങ്ങൾ പെയ്തിറങ്ങിയ അനുഭവങ്ങളുടെ പങ്കുവെക്കലായിരുന്നു ഈ സംഗമം. കോവിഡ് കാല ദുരന്തങ്ങളിൽ നിന്നും രക്ഷ നേടി വന്ദേ ഭാരത് മിഷൻ വിമാനത്തിൽ പ്രതീക്ഷകൾ ചിറകിലേറ്റി നാട്ടിലേക്ക് പറന്നവർക്ക് സംഭവിച്ച ദുരന്തങ്ങളും വിഷമങ്ങളും വിവരിച്ചപ്പോൾ മനസ്സലിയിക്കുന്ന മുഹൂർത്തങ്ങൾക്കാണ് വെബിനാറിൽ പങ്കെടുത്തവർ സാക്ഷ്യം വഹിച്ചത്.
ജീവിതത്തിലെ ഓരോ ദുരന്തങ്ങളും വരും കാല ജീവിതത്തിലെ അനുഭവങ്ങൾ തീർക്കുന്നതിന് കാരണമാവാനും വീഴ്ചയിൽ നിന്ന് കര കയറി കരുത്ത് പകരാനും മനുഷ്യർക്ക് സാധിക്കണമെന്ന് വെബിനാർ ഉത്ഘാടനം ചെയ്തു സംസാരിച്ച പ്രശസ്ത മോട്ടിവേറ്ററും റൈസ് ഇന്റർനാഷനലിന്റെ ചെയർമാനുമായ എം സി റെജിലൻ പറഞ്ഞു. എം ഡി എഫ് പ്രസിഡണ്ട് എസ് എ അബൂബക്കർ അധ്യക്ഷത വഹിച്ചു. അഡ്വൈസറി ബോർഡ് ചെയർമാൻ യു എ നസീർ മുഖ്യ പ്രഭാഷണം നടത്തി .പ്രശസ്ത കൗൺസിലിംഗ് വിദഗ്ദ്ധൻ കെ സി രാജീവിലൻ സംസാരിച്ചു.
ഇപ്പോഴും ആശുപതികളിലും വീടുകളിലും ചികിത്സയിൽ കഴിയുന്ന പരിക്കേറ്റവരും മരണപ്പെട്ടവരുടെ ഏറ്റവും അടുത്ത ബന്ധുക്കളും പങ്കെടുത്ത മീറ്റിൽ അപകടത്തിൽ മരണപ്പെട്ട ബാലുശ്ശേരി രാജീവിന്റെ ഭാര്യയുടെ സംസാരം തുടങ്ങിയ സമയം മുതൽ അവസാനം വരെ ഭർത്താവിന്റെ ഓർമ്മകൾ ഓർത്തെടുത്തു കരഞ്ഞു തീർക്കുകയായിരുന്നു. സംസാരിക്കാൻ വാക്കുകൾ കിട്ടാതെ അവർ വിതുമ്പുമ്പോൾ ആശ്വാസ വാക്കുകൾ പറയാൻ പോലും ആവാതെ വെബിനാറിൽ പങ്കെടുത്തവർ വിഷമിച്ചു.
അപകടത്തിന്റെ ഞെട്ടലുകൾ വിവരിച്ച ആഷിക്ക് രണ്ടു കൈകൾക്കും പൊട്ടലുണ്ടായ തനിക്ക് ആശുപത്രിയിൽ മലമൂത്ര വിസർജനം നടത്തേണ്ടി വന്നപ്പോൾ വൃത്തിയാക്കാൻ വരെ തയ്യാറായി വന്ന കൊണ്ടോട്ടിക്കാരായ സഹോദരന്മാരെ അനുസ്മരിച്ചപ്പോൾ എല്ലാം മറന്നു അത്ഭുതകരമായ രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാരുടെ മഹത്വത്തെ എടുത്തു പറഞ്ഞു ലോകം ചർച്ച ചെയ്‌ത നാടിൻറെ മഹിമക്ക് മുമ്പിൽ വെബിനാർ പ്രണാമമർപ്പിച്ചു.
മംഗലാപുരം വിമാനാപകട ആക്ഷൻ ഫോറം ജനറൽ കൺവീനറായിരുന്ന റഫീക്ക് എരോത്ത് യാത്രക്കാർക്ക് ഭാവിയിൽ വേണ്ട തുടർ പ്രവർത്തനങ്ങൾക്ക് അനുഭവങ്ങളുടെ വെളിച്ചത്തിൽ നിർദേശം നൽകി.
എം ഡി എഫ് ഹെൽപ് ഡസ്‌ക്ക് കോഡിനേറ്റർ ഒ കെ മൻസൂർ, ബേപ്പൂർ , ട്രഷറർ സന്തോഷ് വി പി, രക്ഷാധികാരി ഗുലാം മുഹമ്മദ് ഹുസൈൻ, യു എ ഇ ചാപ്റ്റർ മുഖ്യ രക്ഷാധികാരി സഹദ് പുറക്കാട്, യു എ ഇ ചാപ്റ്റർ വർക്കിങ് പ്രസിഡണ്ട് ഹാരിസ് കോസ്മോസ്, മാധ്യമ പ്രവർത്തകനും മുൻ ജനറൽ സെക്രട്ടറി യുമായ അമ്മാർ കീഴ്പ്പറമ്പ്, സെക്രട്ടിറി മുഹമ്മദ് അൻസാരി, മറ്റു ഭാരവാഹികളായ കരീം വളാഞ്ചേരി, മുസ്തഫ മുട്ടുങ്ങൽ , പി എ ആസാദ്, സുജിത് വടകര , മുഹമ്മദ് കുറ്റിയാടി, ഹാഷിം പുന്നക്കൽ എന്നിവരും യാത്രക്കാരുടെ പ്രതിനിധികളായ ആഷിക്ക്, ഡോക്ടർ സജാദ് സഫ്‌വാൻ, മുഹമ്മദ് ശരീഫ് , സുൾഫിക്കർ , ശാമിൽ , അജ്മൽ റോഷൻ, അൻസാദ്, മുർതസ, ഫസൽ മുഹമ്മദ് അലി എന്നിവരും സംസാരിച്ചു.
ആഗസ്ത് ഏഴു രാത്രി മുതൽ ആശുപത്രിയിലും തുടർ ചികിത്സയിലും യാത്രക്കാരുടെ ബാഗേജ് എത്തിക്കുന്നതിലും യാത്രാ രേഖകൾ കണ്ടെത്തുന്നതിലും ചികിത്സ ആനുകൂല്യങ്ങൾ എത്തിക്കുന്നതിലും മലബാർ ഹെൽപ് ഡെസ്ക്ക് നടത്തിവരുന്ന സേവനങ്ങളെ യാത്രക്കാരും ആശ്രിതരും പ്രകീർത്തിച്ചു. മിംസ് ആശുപത്രിയിൽ ചികത്സയിലുള്ള നൗഫൽ, സഹോദരൻ റഹിം ,എന്നിവർ ആശുപത്രി കിടക്കയിൽ നിന്നാണ് വെബിനാറിൽ പങ്കെടുത്തത് .. എം ഡി എഫ് ജനറൽ സെക്രെട്ടറി അബ്ദുൽ റഹിമാൻ ഇടക്കുനി മോഡറേറ്റർ ആയിരുന്നു.