ഏഴ് മാസത്തെ തടവ് ജീവിതത്തിന് അന്ത്യം കുറിച്ച് കഫീൽ ഖാൻ ജയിൽ മോചിതനായി
Kafeel Khan released from jail after ending seven months in jail
ലക്‌നൗ: അലിഗഡ് സര്‍വകലാശാലയിലെ പരിപാടിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രസംഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ജയിലിലടച്ച ഡോ കഫീല്‍ ഖാന്‍ ജയില്‍ മോചിതനായി. കഫീല്‍ ഖാനെതിരായ ദേശസുരക്ഷാ നിയമം (എന്‍എസ്എ) അലഹാബാദ് ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെയായിരുന്നു ജയില്‍ മോചനം.
നിയമവിരുദ്ധമായിട്ടാണ് കഫീല്‍ ഖാനെ തടവിലിട്ടിരിക്കുന്നതെന്നും ഉടന്‍ മോചിപ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ഇദ്ദേഹം ജയില്‍ മോചിതനായത്. അതേസമയം, കോടതി മോചിപ്പിക്കണമെന്ന് ഉത്തരവിട്ടിട്ടും മധുര ജയിലില്‍ നിന്ന് കഫീല്‍ ഖാനെ പുറത്തിറക്കുന്നില്ലെന്ന് ഭാര്യ ഷബിസ്ത ഖാന്‍ ആരോപിച്ചിരുന്നു. കോടതി പ്രകാരം വിട്ടയച്ചില്ലെങ്കില്‍ അലഹബാദ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുമെന്നും കുടുംബാംഗങ്ങള്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇദ്ദേഹം ജയില്‍ മോചിതനായത്.
നേരത്തെ കഫീല്‍ ഖാന് ജാമ്യം ലഭിച്ചെങ്കിലും പിന്നീട് എന്‍എസ്എ ചുമത്തി വീണ്ടും തടവിലിടുകയായിരുന്നു. ഇത് ചോദ്യം ചെയ്ത് കുടുംബം സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍. എന്‍എസ്എ ചുമത്തിയ ശേഷം മൂന്ന് തവണയാണ് കഫീല്‍ ഖാന്റെ തടവ് കാലാവധി നീട്ടിയത്. രണ്ടാംതവണ നീട്ടിയ പരിധി ആഗസ്റ്റ് 13ന് അവസാനിച്ചിരുന്നു. ഉപദേശക സമിതിയുടെയും അലിഗഡ് ജില്ലാ മജിസ്ട്രേറ്റിന്റെയും റിപ്പോര്‍ട്ട് പരിഗണിച്ച ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍ ഇനിയും മൂന്ന് മാസം കൂടി തടവ് നീട്ടിയിരുന്നു. ഇതു പ്രകാരം നവംബര്‍ 13 വരെയാണ് തടവില്‍ കഴിയേണ്ടത്. ഇതിനെതിരെയാണ് കഫീല്‍ ഖാന്റെ മാതാവ് കോടതിയെ സമീപിച്ചത്.
കഴിഞ്ഞ ഡിസംബറിലാണ് കഫീല്‍ ഖാന്‍ വിവാദ പ്രസംഗം നടത്തിയെന്ന് ആരോപിക്കുന്നത്. ജനുവരിയില്‍ മുംബൈയിലെത്തിയ യുപി പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ജാമ്യം ലഭിച്ച് പുറത്തിറങ്ങാനിരിക്കെയാണ് ഫെബ്രുവരിയില്‍ എന്‍എസ്എ ചുമത്തിയത്. പിന്നീട് തടവ് സര്‍ക്കാര്‍ തുടര്‍ച്ചയായി നീട്ടുകയായിരുന്നു.
എന്‍എസ്എ ചുമത്തിയാല്‍ സര്‍ക്കാര്‍ അനുമതിയുണ്ടെങ്കില്‍ 12 മാസം വരെ കുറ്റം ചുമത്താതെ തടവിലിടാന്‍ സാധിക്കും. പ്രതി പുറത്തിറങ്ങിയാല്‍ ഭീഷണിയാണ് എന്ന് സര്‍ക്കാരിന് കോടതിയെ അറിയിക്കാം. എന്നാല്‍ കഫീല്‍ ഖാന്റെ കാര്യത്തില്‍ ഭീഷണിയുടെ ഭാഗമില്ലെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.