കടയ്ക്കാവൂർ: അമ്മ ചില മരുന്നുകൾ നൽകിയെന്ന് മകൻ; തെളിവുണ്ടെന്ന് സർക്കാർ
Kadakkavur: Son says mother gave him some medicine; The government says there is evidence
കൊച്ചി: കടയ്ക്കാവൂര്‍ പോക്സോ കേസിൽ മകനെ പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന അമ്മയ്ക്ക് ജാമ്യം നല്‍കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിൽ. വെറും കുടുംബപ്രശ്നമാണെന്ന് പറഞ്ഞ് അവഗണിക്കാൻ കഴിയില്ലെന്നും അമ്മയ്ക്കെതിരെ മകൻ നല്‍കിയ പരാതിയിൽ കഴമ്പുണ്ടെന്നുമാണ് സര്‍ക്കാര്‍ വാദിക്കുന്നത്. പ്രതിയായ യുവതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു സര്‍ക്കാര്‍ ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കിയത്.
പ്രതിയായ അമ്മയുടെ മൊബൈലിൽ നിന്ന് ചില നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. തനിക്ക് ചില മരുന്നുകള്‍ നല്‍കിയതായി കുട്ടി മൊഴി നല്‍കിയിട്ടുണ്ടെന്നും ഈ മരുന്നുകള്‍ പരിശോധനയിൽ കണ്ടെത്തിയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാൽ അന്വേഷണ പുരോഗതി വ്യക്തമാക്കുന്ന കേസ് ഡയറി ഹാജരാക്കാനാണ് സര്‍ക്കാരിന് കോടതിയുടെ നിര്‍ദേശം. പ്രോസിക്യൂഷൻ ഹാജരാക്കുന്ന കേസ് ഡയറി കൂടി പരിശോധിച്ച ശേഷം കോടതി ജാമ്യം നല്‍കുന്ന കാര്യത്തിൽ അന്തിമ തീരുമാനം സ്വീകരിക്കും.
തനിക്കെതിരെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമത്തചാണെന്നും താൻ ഭര്‍ത്താവിൻ്റെ മര്‍ദ്ദനത്തിന് ഇരയാകുന്നുണ്ടെന്നുമാണ് പ്രതിയായ യുവതി വാദിക്കുന്നത്. പോലീസ് ശരിയായ രീതിയിലല്ല കേസ് അന്വേഷിക്കുന്നതെന്നും ഇവര്‍ ആരോപിച്ചു. എന്നാൽ നെയ്യാറ്റിൻകര പോക്സോ കോടതി ഇവരുടെ ജാമ്യം നിഷേധിക്കുകയായിരുന്നു. ഇതിനു ശേഷമായിരുന്നു പ്രതിഭാഗം ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.
തനിക്ക് വിവാഹമോചനം നല്‍കാതെയാണ് ഭര്‍ത്താവ് മറ്റൊരു സ്ത്രീയെ വിവാഹ ചെയ്തതെന്നും ഈ കേസ് നാല് മക്കളുടെ അമ്മയായ തന്‍റെ മാതൃത്വത്തെ അവഹേളിക്കുന്നതാണെന്നും യുവതി ചൂണ്ടിക്കാട്ടി. തന്നെ ഭര്‍ത്താവ് ഉപേക്ഷിച്ചതിനു പിന്നാലെ തനിക്ക് ജീവനാംശം വേണമെന്നും നാല് കുഞ്ഞുങ്ങളുടെ ചെലവിനായി പണം നല്‍കണമെന്നും ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരുന്നു. ഇതിനു പിന്നാലെ മൂന്ന് മക്കളെയും തന്‍റെ പക്കൽ നിന്ന് പിടിച്ചു കൊണ്ടു പോയെന്നും ഈ കേസ് നിലനിൽക്കുന്നുണ്ടെന്നും യുവതി കോടതിയെ അറിയിച്ചു. കേസ് മൂലം മക്കളുടെ വിദ്യാഭ്യാസം മുടങ്ങിക്കിടക്കുകയാണെന്നും യുവതി വ്യക്തമാക്കി.
കൗൺസിലറായ രണ്ടാം ഭാര്യയാണ് കുട്ടിയെ ബ്രെയിൻവാഷ് ചെയ്ത് ഇതെല്ലാം പറയിപ്പിക്കുന്നതെന്നാണ് പ്രതിയായ യുവതിയുടെ മറ്റൊരു ആരോപണം.
യുവതിയുടെ ഭര്‍ത്താവ് രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് മുൻപ് ജമാഅത്ത് കമ്മിറ്റി വ്യക്തമാക്കിയിരുന്നു. രണ്ടാം വിവാഹത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് പീഡന പരാതിയിലേയ്ക്ക് എത്തിച്ചതെന്നാണ് യുവതിയുടെ കുടംബത്തിൻ്റെ ആരോപണം. രണ്ടാം വിവാഹശ്രമം എതിര്‍ത്തതിനെത്തുടര്‍ന്ന് യുവതി മൂന്ന് കുട്ടികളെയുമായി വീട്ടിൽ നിന്ന് ഇറങ്ങിയെന്നും എന്നാൽ പിന്നീട് ഭര്‍ത്താവ് കുട്ടികളെ തിരിച്ചു വീട്ടിലേയ്ക്ക് കൊണ്ടുവന്നെന്നുമാണ് പ്രതിഭാഗം പറയുന്നത്. എന്നാൽ കുട്ടികളിലൊരാള്‍ രണ്ട് മാസത്തിനു ശേഷം പീഡനവിവരം തുറന്നു പറഞ്ഞെന്നാണ് യുവതിയ്ക്കെതിരായ ആരോപണം.
അതേസമയ,ം അമ്മ കുട്ടിയെ ലൈംഗികമായി ദുരുപയോഗിച്ചെന്നാണ് കൗൺസിലിങ് റിപ്പോര്‍ട്ടിലുള്ളത്. ഇതേ കാര്യം തന്നെ മജിസ്ട്രേറ്റിനു മുന്നിലും കുട്ടി ആവര്‍ത്തിച്ചതായി വിധിന്യായത്തിലുണ്ട്. ഈ സാഹചര്യത്തിലാണ് യുവതിയ്ക്ക് കോടതി ജാമ്യം നിഷേധിച്ചത്.