ജോസ് കെ മാണി വിഭാഗം എൽഡിഎഫിലേക്ക്; നിലപാട് വ്യക്തമാക്കി
Jose K. Mani faction joins LDF; The position was made clear
കോട്ടയം: കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗം ഇടതുപക്ഷത്തേക്ക്. എൽഡിഎഫുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചെന്ന് ജോസ് കെ മാണിയാണ് വ്യക്തമാക്കിയത്. കോട്ടയത്ത് ചേർന്ന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചത്. മാസങ്ങൾ നീണ്ട് നിന്ന അഭ്യൂഹങ്ങൾക്കൊടുവിലാണ് ജോസ് വിഭാഗം തങ്ങളുടെ നിലപാട് വ്യക്തമാക്കുന്നത്. രാജ്യസഭാ അംഗത്വം രാജിവയ്ക്കുകയാണെന്നും ജോസ് കെ മാണി പ്രഖ്യാപിച്ചു. ആത്മാഭിമാനം നഷ്ടപ്പെടുത്തി ഇനി യുഡിഎഫിനൊപ്പം ഇല്ലായെന്ന് വ്യക്തമാക്കിയാണ് ജോസ് കെ മാണി വിഭാഗം രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചത്. മതേതര വിശ്വാസം കാത്തു സൂക്ഷിക്കുവാൻ ഇടതുമുന്നണിക്ക് സാധിച്ചെന്നും ഇടതുപക്ഷ മുന്നണിയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിനും പിജെ ജോസഫിനുമെതിരെ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു ജോസ് കെ മാണി വാർത്താ സമ്മേളനം ആരംഭിച്ചത്. കെഎം മാണിയെ യുഡിഎഫ് അപമാനിച്ചെന്നും ജോസ് ആരോപിച്ചു. പാലാ ഉപതെരഞ്ഞെടുപ്പിൽ ചതി നേരിട്ടെന്നും കോൺഗ്രസിൽ നിന്ന് കടുത്ത അനീതിയാണ് നേരിട്ടതെന്നും ജോസ് കെ മാണി പറഞ്ഞു. ഇടതുമുന്നണിയുമായി സഹകരിക്കുന്നതു സംബന്ധിച്ച് കൺവീനർ എ വിജയരാഘവനുമായി ജോസ് കെ മാണി നിരവധി തവണ ചർച്ചകൾ നടത്തിയിരുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
അതേസമയം പാലാ മണ്ഡലത്തെച്ചൊല്ലി ഇടതുമുന്നണിയിൽ അഭിപ്രായ വ്യത്യാസങ്ങളുയരാൻ സാധ്യതയുണ്ട്. പാല മണ്ഡലം ജോസ് വിഭാഗത്തിനു വിട്ടുകൊടുക്കില്ലെന്ന് എൻസിപിയും മാണി സി കാപ്പനും വ്യക്തമാക്കിയിരുന്നു. പാലാ, കുട്ടനാട്, ഇലത്തൂര്‍ എന്നീ മൂന്ന് മണ്ഡലങ്ങളിലും എൻസിപി ജയിച്ചത് ഇടതു മുന്നണിയുടെ കൂട്ടായ പ്രവർത്തനംകൊണ്ടാണ് അതിനാൽ സീറ്റ് വിട്ടുകൊടുക്കില്ലെന്നായിരുന്നു മാണി സി കാപ്പന്റെ പ്രസ്താവന. ഇന്ന് മാണി സി കാപ്പനും മാധ്യമങ്ങളെ കാണുന്നുണ്ട്. രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചതിനു ശേഷമേ പാലാ സീറ്റിൽ പ്രതികരിക്കുവെന്നായിരുന്നു ജോസ് കെ മാണി നേരത്തെ പറഞ്ഞത്. പാലാ എന്നത് ഒരു സ്ഥലത്തിനപ്പുറം ഹൃദയ വികാരമാണെന്നും ജോസ് കെ മാണി പറഞ്ഞിരുന്നു. പാലായെ കൈവിട്ടുള്ള രാഷ്ട്രീയം ചിന്തിക്കാൻ കഴിയില്ലെന്ന് എൻ ജയരാജ് എംഎൽഎയും നേരത്തെ വ്യക്തമാക്കിയതാണ്.