India

ജോ ബൈഡന്റെ പൂര്‍വികന്‍ ജീവിച്ചത് ചെന്നൈയില്‍

Joe Biden's ancestor lived in Chennai

ചെന്നൈ: നിയുക്ത അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ അമ്മയുടെ ജന്മദേശമായ തമിഴ്‌നാട്ടിലെ തിരുവാരൂരുകാര്‍ ആ വിജയം ആഘോഷിക്കുമ്പോള്‍ നിയുക്ത പ്രസിഡന്റ് ജോ ബൈഡനും ഉണ്ട് ഇന്ത്യന്‍ ബന്ധം. അതും ചെന്നൈ ബന്ധം തന്നെ.

അഞ്ച് തലമുറകള്‍ക്ക് മുമ്പ് ബൈഡന്റെ മുതുമുത്തച്ഛന്‍ ക്രിസ്റ്റഫര്‍ ബൈഡന്‍ ഇംഗ്ലണ്ടില്‍നിന്ന് ഇന്ത്യയിലെത്തി സ്ഥിരതാമസമാക്കിയ വ്യക്തിയാണ്. ഇദ്ദേഹം ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയിലെ ക്യാപ്റ്റനായിരുന്നു. സഹോദരന്‍ വില്ല്യം ബൈഡന് ഒപ്പമാണ് ക്രിസ്റ്റഫര്‍ ഇന്ത്യയിലെത്തുന്നത്. വില്യം 1843-ല്‍ റംഗൂണില്‍വെച്ച് മരണമടഞ്ഞു. 1800-ല്‍ ചെന്നൈയിലെത്തിയ(പഴയ മദ്രാസില്‍) ക്രിസ്റ്റഫര്‍ 1858-ല്‍ ചെന്നൈയിലാണ് മരിച്ചത്. അന്തിയുറങ്ങുന്നത് ചെന്നൈയിലെ സെന്റ് ജോര്‍ജ് കത്തീഡ്രലിലും.

ബൈഡന്‍ കുടുംബത്തിന്റെ ഇന്ത്യ ബന്ധത്തിന് തെളിവായി 19 വര്‍ഷം മദ്രാസിലെ മാസ്റ്റര്‍ അറ്റന്‍ഡറായിരുന്ന കാപ്റ്റന്‍ ക്രിസ്റ്റഫര്‍ ബൈഡന്റെ ഓര്‍മ്മയ്ക്ക് എന്ന് എഴുതിയ ശിലാഫലകം സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ അന്തിയുറങ്ങുന്ന ക്രിസ്റ്റഫര്‍ ബൈഡന്റെ ശവ കുടീരത്തില്‍ കാണാം.

ആദ്യമായി ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ 2013-ല്‍ ജോ ബൈഡനും തന്റെ ചെന്നൈ ബന്ധത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. തന്റെ മുതുമുത്തച്ഛനായ ജോര്‍ജ് ബൈഡന്‍ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ക്യാപറ്റനായിരുന്നുവെന്നും അദ്ദേഹം ഇന്ത്യയില്‍ സേവനം ചെയ്തിരുന്നുവെന്നും റിട്ടയര്‍മെന്റിന് ശേഷം മദ്രാസില്‍ സ്ഥിരതാമസമാക്കിയ ഇദ്ദേഹം ഇന്ത്യക്കാരിയെ ആണ് വിവാഹം ചെയ്തതെന്നും ബൈഡന്‍ അന്ന് മുംബൈയില്‍വെച്ച് പറഞ്ഞു.

എന്നാല്‍, ബൈഡന്റെ പൂര്‍വികരെക്കുറിച്ച്‌ പഠിച്ച ലണ്ടന്‍ കിങ്‌സ് കോളേജിലെ വിസിറ്റിങ്ങ് പ്രഫസര്‍ റ്റിം വില്ലസിയ്ക്ക് ജോര്‍ജ് ബൈഡനെ കണ്ടെത്താനായില്ല. ജോ ബൈഡന്‍ ഉദ്ദേശിച്ചത് ക്രിസ്റ്റഫര്‍ ബൈഡനെ ആകാമെന്നാണ് നിഗമനം.

 

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button