നാളെ ആരൊക്കെ സിപിഎമ്മിലേക്ക് വരുമെന്ന് കണ്ടറിയണം; മുഖ്യമന്ത്രി
It remains to be seen who will join the CPM tomorrow; Chief Minister
തിരുവനന്തപുരം: കോൺഗ്രസ് വിട്ട് നേതാക്കൾ സിപിഎമ്മിലെത്തുന്നതിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് വിട്ട് ആളുകൾ പോകുന്നത് സ്വാഭാവിക പ്രക്രിയയായി കണ്ടാൽ മതി. കോൺഗ്രസ് തകരുന്ന കൂടാരമാണ്. ചിന്തിക്കുന്ന ആരും തകർച്ചയിൽ കൂടെ നിക്കേണ്ട എന്നു വിചാരിച്ചു കാണുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ കോൺഗ്രസ് വിടുന്നവർ ബിജെപിയിലേക്ക് പോകുകയാണ് ചെയ്തിരുന്നത്. ബിജെപിയിലേക്ക് പോകും എന്നു തോന്നിയവരെ പിടിച്ചു നിർത്താൻ കോൺഗ്രസ് നേതൃത്വം ഇടപെട്ടതും പരസ്യമായാണ്. ബിജെപി മതനിരപേക്ഷതയ്ക്ക് എതിരായി നിലപാടെടുക്കുമ്പോൾ കോൺഗ്രസ് അതിനെ മനസിലാക്കി നേരിടാനല്ല ശ്രമിക്കുന്നതെന്ന് അതിനുള്ളിലുള്ളവർക്ക് അറിയാം. അത്തരം നിലപാട് സ്വീകരിക്കുന്നത് ഇടതുപക്ഷമാണെന്ന് അവർ തിരിച്ചറിയുന്ന നിലയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രധാനപ്പെട്ടവർ കോൺഗ്രസ് വിട്ട് സിപിഎമ്മുമായി സഹകരിക്കാൻ തീരുമാനിക്കുന്നത് നല്ല കാര്യമാണ്. ഇന്നലെ വിചാരിച്ചത് ഇന്നലത്തോടെ തീർന്നു എന്നാണ്. എന്നാൽ ഇന്നും ഒരു പ്രധാനി വന്നു. ഇനി നാളെ ആരൊക്കെ വരുമെന്ന് കണ്ടറിയണമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അതേസമയം, നാർക്കോട്ടിക്ക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെതിരെ കേസെടുക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന് അങ്ങനെയൊരു ആലോചനയില്ല. നമ്മുടെ സമൂഹത്തിന്റെ പ്രത്യേകത നിലനിർത്താനുള്ള ശ്രമമാണ് എല്ലാവരുടേയും ഭാഗത്തു നിന്നും ഉണ്ടാകേണ്ടത്. നാർക്കോട്ടിക്ക് ജിഹാദ് എന്ന വാക്ക് ആദ്യമായി കേൾക്കുകയാണ്. അത്തരമൊരു കേസും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. മാഫിയാ സംഘങ്ങൾ ലോകത്ത് ഉണ്ട് എന്നുള്ളത് ആർക്കും അറിയാത്തതല്ല. മാഫിയാ സംഘങ്ങളെ മാഫിയ ആയിട്ടാണ് കാണേണ്ടത്. അതിന് മത ചിഹ്നം നൽകാൻ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാർക്കോട്ടിക്ക് എന്ന് നമ്മൾ കേൾക്കാതില്ല. നാർക്കോട്ടിക്കിനെതിരെ നീക്കങ്ങൾ നടക്കുമ്പോൾ ഞാൻ അന്നും പറഞ്ഞതാണ്, നമ്മുടെ സമൂഹത്തിൽ നല്ലരീതിയിലുള്ള യോജിപ്പ് ഉയർത്തിക്കൊണ്ടുവരിക എന്നതാണ് പ്രധാനം. അതിൽ നിന്നും വ്യത്യസ്തമായ നിലപാട് സ്വീകരിക്കുന്നത് ഗുണകരമായിട്ടുള്ളതല്ല എന്ന് ആഘട്ടത്തിൽ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. നാർക്കോട്ടിക്ക് മാഫിയ എന്ന് നമ്മളെല്ലാവരും കേട്ടിട്ടുണ്ട്. ലോകത്തുതന്നെ ലഹരിമരുന്നിനുവേണ്ടി പ്രവർത്തിക്കുന്ന മാഫിയാ സംഘങ്ങളുണ്ട്. അവർ ചില സർക്കാരിനേക്കാളും ശക്തമായതുമാണ്. അങ്ങനെയുള്ള മാഫിയയെക്കുറിച്ച് ഇവിടെ ആരും അറിയാത്തതല്ല. മാഫിയയെ അങ്ങനെയായിട്ടല്ലേ കാണേണ്ടത്. അതിന് മത ചിഹ്നം നൽകാൻ പാടില്ല. ഞാൻ പറഞ്ഞത് മതചിഹ്നം നൽകിയതിനെക്കുറിച്ചാണ്. തങ്ങളുടെ വിഭാഗത്തിന് ആവശ്യമായ മുന്നറിയിപ്പ് നൽകിയതാണെന്ന് ബഹുമാന്യനായ പാലാ ബിഷപ്പിന്റെ വിശദീകരണം വന്നിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ കൂടുതൽ പ്രകോപനപരമായി പോകാതിരിക്കുകയാണ് വേണ്ടത്- മുഖ്യമന്ത്രി പറഞ്ഞു.