Gulf News

ഗാര്‍ഹിക തൊഴിലാളികള്‍ ആറ് മാസത്തിലധികം കുവൈറ്റിന് പുറത്തായാല്‍ ഇഖാമ റദ്ദാകും

Iqama will be revoked if the domestic worker stays outside Kuwait for more than six months

കുവൈറ്റ് സിറ്റി: ആറ് മാസത്തിലധികം കുവൈറ്റിന് പുറത്തായാല്‍ പ്രവാസികളായ ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ റദ്ദാക്കുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. ട്വിറ്ററിലൂടെയാണ് ആഭ്യന്തര മന്ത്രാലയം അറിയിപ്പ് പുറപ്പെടുവിച്ചത്. 2021 ഡിസംബര്‍ 1 മുതലുള്ള ആറ് മാസ കാലയളവിലാണ് സമയം കണക്കുകൂട്ടുന്നത്.

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ യാത്ര നിയന്ത്രണങ്ങള്‍ കാരണം ആറ് മാസം കഴിഞ്ഞുള്ള സ്വമേധയാ ഇഖാമ റദ്ദാക്കുന്നത് നിര്‍ത്തലാക്കിയിരുന്നു. ആറ് മാസത്തിലധികം ഗാര്‍ഹിക തൊഴിലാളികള്‍ രാജ്യത്തിന് പുറത്തായിരിക്കാന്‍ സ്വദേശി സ്‌പോണ്‍സര്‍മാര്‍ ആറ് മാസ കാലാവധി തീരുന്നതിന് മുമ്പ് അഡ്മിനിസ്‌ട്രേഷന് പ്രത്യേക അപേക്ഷ നല്‍കണമെന്ന് ഭരണകൂടം അറിയിച്ചു.

ഓരോ കേസും പ്രത്യേകം പരിഗണിച്ചാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം, ഗാര്‍ഹിക തൊഴിലാളികള്‍ ഒഴികെ ഉള്ളവര്‍ക്ക് ആറുമാസത്തിലധികം രാജ്യത്തിന് പുറത്തായാലും ഇഖാമ കാലാവധി ഉണ്ടെങ്കില്‍ കുവൈറ്റിലേക്ക് വരാം. ഇക്കാര്യത്തില്‍ പുതിയ തീരുമാനങ്ങളൊന്നും അധികൃതര്‍ സ്വീകരിച്ചിട്ടില്ല.

സ്വകാര്യ തൊഴില്‍ വിസയില്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് വിദേശത്തിരുന്ന് ഓണ്‍ലൈനായി ഇഖാമ പുതുക്കാവുന്ന സംവിധാനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം നവംബര്‍ മാസം അവസാനത്തില്‍ വ്യക്തമാക്കിയിരുന്നു. പാസ്‌പോര്‍ട്ട് കാലാവധി ഉണ്ടെങ്കില്‍ തൊഴിലാളി വിദേശത്താണെങ്കിലും സ്‌പോണ്‍സര്‍ക്കോ മന്‍ദൂബിനോ ഓണ്‍ലൈനായി ഇഖാമ പുതുക്കാം.

കുവൈറ്റിലെ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ താത്ക്കാലികമായി മരവിപ്പിക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം നിര്‍ത്തിവച്ചതായി കഴിഞ്ഞദിവസം എംപി അറിയിച്ചിരുന്നു. തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് പാര്‍ലമെന്റംഗം അബ്ദുല്ല അല്‍ തര്‍ജി ഇക്കാര്യം അറിയിച്ചത്. അനധികൃത ലൈസന്‍സുകളുമായി ബന്ധപ്പെട്ട പഠനം പൂര്‍ത്തിയാകുന്നതു വരെ ലൈസന്‍സ് മരവിപ്പിക്കാനുള്ള തീരുമാനം താത്ക്കാലികമായി പിന്‍വലിക്കുമെന്ന് ആഭ്യന്തര മന്ത്രി തനിക്ക് ഉറപ്പുനല്‍കിയതായും എംപി ട്വിറ്ററില്‍ കുറിച്ചു.

പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധപ്പെട്ട് നടപടികള്‍ നിര്‍ത്തിവയ്ക്കാനുള്ള തീരുമാനത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയം അതില്‍ നിന്ന് പിന്‍മാറിയത്. അനധികൃത ലൈസന്‍സുകള്‍ കണ്ടെത്താനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതു വരെ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കല്‍, നഷ്ടപ്പെട്ടവ മാറ്റി നല്‍കല്‍ തുടങ്ങിയ കാര്യങ്ങള്‍ നിര്‍ത്തിവയ്ക്കാനായിരുന്നു ആഭ്യന്തര മന്ത്രാലയം നേരത്തേ നിര്‍ദ്ദേശം നല്‍കിയിരുന്നത്. ഇതിനായി ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലഫ്റ്റനന്റ് ജനറല്‍ ഫൈസല്‍ അല്‍ നവാഫിന്റെ നേതൃത്വത്തില്‍ ഒരു ടെക്നിക്കല്‍ കമ്മിറ്റിക്ക് മന്ത്രാലയം രൂപം നല്‍കുകയും ചെയ്തിരുന്നു.

പ്രവാസികളുടെ കാലാവധി കഴിഞ്ഞ ലൈസന്‍സുകള്‍ പുതുക്കാനോ നഷ്ടപ്പെട്ടവയ്ക്ക് പകരം പുതിയത് നല്‍കാനോ ഉള്ള നടപടികള്‍ നിര്‍ത്തിവയ്ക്കാനുള്ള മുന്‍ തീരുമാനം പ്രവാസികളെ ഏറെ ബുദ്ധിമുട്ടിലാക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. ഈ ഉത്തരവ് നടപ്പിലാവുന്ന പക്ഷം, ലൈസന്‍സ് പുതുക്കാനാവാതെ വരുന്ന പ്രവാസികള്‍ വാഹനമോടിക്കുന്നത് നിയമവിരുദ്ധമായി പരിഗണിക്കപ്പെടുമായിരുന്നു. എന്നു മാത്രമല്ല, നിയമ നടപടികള്‍ നേരിടുന്നതിനൊപ്പം കുവൈറ്റില്‍ നിന്ന് പുറത്താക്കപ്പെടുന്ന സാഹചര്യവും സൃഷ്ടിക്കപ്പെടുമായിരുന്നു. ആ തീരുമാനം മരവിപ്പിക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം പ്രവാസികളെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാവും.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button