“കേരളത്തിൽ നിന്നുള്ള ഒരാൾക്ക് ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പിക്കണമെങ്കിൽ അയാൾ പ്രത്യേകമായി എന്തെങ്കിലും ചെയ്യണം” സഞ്ജു സാംസൺ
IPL 2024 Sanju Samson Rajasthan Royals Shares How Hard A Kerala Player To Spot In Indian Cricket Team | Sanju Samson
മലയാളികൾക്ക് സഞ്ജു സാംസൺ എന്ന് പറയുന്നത് ഇപ്പോൾ വികാരമായി മാറിയിരിക്കുകയാണ്. മലയാളികൾക്ക് മാത്രമല്ല വലിയൊരു വിഭാഗം വരുന്ന സഞ്ജു ആരാധകർ ഇന്ത്യൻ ടീമിൽ താരം നേരിടുന്ന അവഗണനക്കെതിരെ സോഷ്യൽ മീഡിയയിൽ ശബ്ദമുയർത്താറുണ്ട്. ഉയർച്ച താഴ്ചകളിലൂടെ സഞ്ജുവിന് ഇന്ത്യൻ ടീമിന്റെ വൈറ്റ് ബോൾ ഫോർമാറ്റിൽ എത്തിയെങ്കിലും ഒരു സ്ഥാനം ഉറപ്പിക്കാനാകത്ത വിധമാണ് അവഗണന നേരിടുന്നത്. രാജസ്ഥാൻ റോയിൽസിന്റെ നായകസ്ഥാനം ലഭിച്ചതോടെ സഞ്ജുവിന്റെ കരിയറിന് വലിയ നേട്ടമായി മാറി. എങ്കിലും താരം നേരിടുന്ന അവഗണന വലിയ തോതിൽ ചർച്ച ചെയ്യപ്പെടാറുണ്ട്. എന്നാൽ ഒരിക്കൽ പോലും ഈ അവഗണനയെ കുറ്റപ്പെടുത്തികൊണ്ട് സഞ്ജു രംഗത്തെത്തിട്ടില്ല.
ലോകത്തെ ഒന്നാം നമ്പർ ക്രിക്കറ്റ് ടീമായ ഇന്ത്യൻ ടീമിൽ ഒരു സ്ഥാനം ഉറപ്പിക്കുന്നത് ചെറിയ കാര്യമല്ല. കാരണം അത്രത്തോളം കഴിവുള്ള താരങ്ങളാണ് ഒരു സ്ഥാനം ലഭിക്കുന്നതിനായി കാത്തിരിക്കുന്നത്. അതുകൊണ്ട് ഓരോ താരങ്ങളും മറ്റുള്ളവരിൽ നിന്നും തനിക്കെന്തെങ്കിലും പ്രത്യേകതയുണ്ടെന്ന് തെളിയിക്കണമെന്ന് സഞ്ജു സാംസൺ സ്റ്റാർ സ്പോർട്സിന്റെ ഒരു പരിപാടിയിൽ പറഞ്ഞു.
“ലോകത്തിൽ ഏറ്റവും മികച്ച രീതിയിൽ ക്രിക്കറ്റ് കളിക്കുന്ന രാജ്യത്തിന് വേണ്ടി കളിക്കുമ്പോൾ… ഇന്ത്യൻ തന്നെ ഒന്നാം നമ്പർ… താരങ്ങളും താരമികവുകളും എല്ലാമായി അത്രത്തോളം മത്സരമാണ് ഞങ്ങൾക്കുള്ളത്… പ്രത്യേകിച്ച് കേരളത്തിൽ നിന്നുമുള്ള ഒരാൾക്ക്. അങ്ങനെ ഒരാൾ ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പിക്കണമെങ്കിൽ അയാൾ എന്തെങ്കിലും പ്രത്യേകമായി ചെയ്യണം” സഞ്ജു സാംസൺ സ്റ്റാർ സ്പോർട്സിന്റെ ഒരു പരിപാടിയിൽ പറഞ്ഞു. കൂടാതെ സഞ്ജു തന്റെ പവർ ഹിറ്റിങ് ശൈലിയിൽ വന്ന മാറ്റമെന്താണെന്ന് പരിപാടിയിൽ വ്യക്തമാക്കുകയും ചെയ്തു.
“എപ്പോഴും എന്റെ ബാറ്റിങ് ശൈലി വേറിട്ട് നിൽക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്. എന്റെ തനതായ ശൈലി ഉണ്ടാക്കിയെടുക്കുക. അതിപ്പോൾ ആദ്യ പന്തായാൽ പോലും മുന്നോട്ട് കയറി സിക്സർ അടിക്കണം. അതാണ് എന്റെ ചിന്താഗതയിൽ ഉണ്ടായ മാറ്റം. വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാൻ ഞാൻ ആഗ്രഹിച്ചു. ഒരു സിക്‌സർ അടിക്കാൻ നമ്മൾ എന്തിന് പത്ത് പന്തുകൾ വരെ കാത്തിരിക്കണം? അതായിരുന്നു എന്റെ പവർ ഹിറ്റിങ്ങിലുണ്ടായ മാറ്റം” സഞ്ജു പറഞ്ഞു.
അതേസമയം ഐപിഎല്ലിന്റെ 2024 സീസണിനുള്ള തയ്യാറെടുപ്പിലാണ് സഞ്ജു സാംസണിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാൻ റോയൽസ്. പ്രഥമ ഐപിഎൽ കിരീടം നേടിയ ടീം പിന്നീട് 2022 സീസണിൽ സഞ്ജു സാംസണിന്റെ നേതൃത്വത്തിലാണ് ലീഗിന്റെ ഫൈനലിൽ എത്തിയത്. എന്നാൽ ഹാർദിക് പാണ്ഡ്യ നയിച്ച ഗുജറാത്ത് ടൈറ്റൻസിനോട് രാജസ്ഥാന് ഫൈനലിൽ തോൽവി വഴങ്ങേണ്ടി വന്നു. അതേസമയം കഴിഞ്ഞ സീസണിൽ (2023) അഞ്ച് സ്ഥാനത്ത് ഫിനീഷ് ചെയ്ത രാജസ്ഥാന് പ്ലേഓഫിലേക്ക് പ്രവേശിക്കാനായില്ല. മാർച്ച് 22ന് ആരംഭിക്കുന്ന പുതിയ സീസണിൽ രാജസ്ഥാന് തങ്ങളുടെ ട്രോഫി ഷെൽഫിൽ സഞ്ജുവിന്റെ നേതൃത്വത്തിൽ രണ്ടാമത്തെ കിരീടം എത്തിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷയിലാണ് ആരാധകർ. മാർച്ച് 24ന് ലഖ്നൗ സൂപ്പർ ജെയ്ന്റ്സിനെതിരെ ജെയ്പൂരിൽ വെച്ചാണ് രാജസ്ഥാന്റെ ആദ്യ മത്സരം.
ഐപിഎൽ 2024 രാജസ്ഥാൻ റോയൽസ് സ്ക്വാഡ്
ധ്രുവ് ജുറെൽ, ഡൊണോവൻ ഫെറീയരാ, കുണാൽ സിങ് റാത്തോഡ്, ഷിമ്രോൺ ഹെത്മയർ, ശുഭം ദൂബെ, യശ്വസ്വി ജെയ്സ്വാൾ, ആർ അശ്വിൻ, റയാൻ പരാഗ്, റോവ്മാൻ പവെൽ, ജോസ് ബട്ലർ, സഞ്ജു സാംസൺ, ടോ കൊലെർ-കാഡ്മോർ, അബിദ് മുഷ്താഖ്, ആഡം സാംപ, അവേഷ് ഖാൻ, കുൽദീപ് സെൻ, നന്ദ്രെ ബർഗർ, നവ്ദീപ് സെയ്നി, പ്രസിദ്ധ് കൃഷ്ണ, സന്ദീപ് ശർമ, ട്രെന്റ് ബോൾട്ട്, യുസ്വേന്ദ്ര ചഹൽ.