ഉള്ളുതുറന്ന് – അനഘ.കെ – വിശ്വവിഖ്യാതമായ ചെരട്ട
Inwardly - Anagha.K The world-famous coconut shell
കാലിന്റെ ഫോട്ടോയിടൽ ഒരു ട്രെൻഡായ കാലത്ത് ഞാനും അതാണ് ഉദ്ദേശിച്ചതെന്ന് നിങ്ങൾക്ക് തോന്നിയെങ്കിൽ തെറ്റി… ഇത് അതല്ല സൂർത്തുക്കളെ എന്റെ വിഷയം ചെരട്ടയാണ്, തേങ്ങയുടെ ചെരട്ടയാണോ…? അല്ല ഇത് ആ ചെരട്ടയല്ല. കാൽമുട്ടിന്റെ ചെരട്ട. വൈക്കം മുഹമ്മദ് ബഷീറിന്റെ വിശ്വവിഖ്യാതമായ മൂക്കിന്റെ അത്ര വരില്ലെങ്കിലും ഏതാണ്ടതുപോലെയൊക്കെ വിഖ്യാതമാണെന്റെ മുട്ടിന്റെ ചെരട്ടയും…. ഞാൻ ഏഴാം ക്ലാസിൽ പഠിക്കുന്ന സുന്ദര കാലഘട്ടത്തിലാണ് ഒരിടത്തടങ്ങി നിൽക്കാത്ത പരട്ട സ്വഭാവം എന്റെ ചെരട്ടയ്ക്കുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞത്. അന്നാണ് ഈ ചങ്ങായി ആദ്യമായി ഇടതുപക്ഷത്തേക്കൊന്ന് തെന്നിമാറിയത്.
തൂക്കുമന്ത്രിസഭയിലെ എം.എൽ.എ മറുഭാഗത്തേക്ക് ചാടിയാൽ മന്ത്രിസഭ വീഴുന്നത് പോലെ നിന്ന നിൽപ്പിൽ ഞാനും ദേ കിടക്കുന്നു താഴെ.. കുറച്ച് അഭ്യാസങ്ങൾക്ക് ശേഷം ചെരട്ട തൽസ്ഥാനത്തെത്തിയെങ്കിലും കാലിന്റെ മുട്ട് ചുവന്ന് തുടുത്ത് ആപ്പിളുപോലെ ഭംഗിയായിരുന്നു. അമ്മയോട് ചെരട്ട തെറ്റിയെന്ന് പറഞ്ഞപ്പം അതൊന്നും അങ്ങനെ തെറ്റുലാന്നും വീണപ്പം മുട്ട് കുത്തിയതാണെന്നും ഉള്ള പരിശോധന റിപ്പോർട്ടെഴുതി തന്നു. അന്നത്തെ നമ്മുടെ ബല്യ ഡോട്ടർ അമ്മയായതിനാൽ എന്നാ പിന്നെ എനിക്ക് തോന്നിയത് തന്നെ എന്ന് ഞാനും ഉറപ്പിച്ച്. കാരണം ബെറുതെ ഓരോന്ന് തോന്നുന്ന സൂക്കേട് അന്നേ എനിക്കുണ്ട്..
ഇടത്പക്ഷത്തോടുള്ള ചെരട്ടയുടെ സ്നേഹം കാരണം ന്റെ കാൽമുട്ടുകൾ ബോളു പോലെയാവുന്നത് പതിവായപ്പോഴാണ് സംഗതി തോന്നലല്ലാന്ന് മനസിലാക്കി എന്നേം പൊക്കി ഡോക്ടറുടെ അടുത്തെത്തിയത്. ഡോക്ടർ പറഞ്ഞതിൽ നിന്ന് കാര്യം നിസ്സാരം പക്ഷേ പ്രശ്നം ഗുരുതരം എന്ന സത്യം എനിക്ക് പുടികിട്ടി. ചുരുക്കത്തിൽ ഡോക്ടർ പറഞ്ഞത് ദോ ദിങ്ങനെയാണ് ഇത് ചെലോൽക്ക് ഉണ്ടാവാറുണ്ടെന്നും ഒരു സർജറി വേണമെന്നും (ചില അനുഭവസ്ഥർ കുറച്ച് കാലം കഴിഞ്ഞാൽ തനിയെ മാറുമെന്നും മാറിയില്ലേൽ സർജറി നടത്തിയാ മതിയെന്നും പറഞ്ഞതിനാൽ ഞാൻ ഇന്നും കട്ടവെയിറ്റിംഗ് ). സർജറി കഴിയുന്ന വരെ വളരെ ശ്രദ്ധിക്കാനും, Knee Cap ഇടാനും സ്പോർട്ട്സിൽ പങ്കെടുക്കരുതെന്നും പറഞ്ഞു. ബലേ ഭേഷ്…. അങ്ങനെ കേരളത്തിന് മറ്റൊരു അഞ്ജു ബോബി ജോർജിനെ നഷ്ടമായ വിവരം വ്യസനസമേതം അറിയിക്കട്ടെ !
ബസിൽ കേറുമ്പോൾ ഇറങ്ങുമ്പോൾ, നിൽക്കുമ്പോൾ ഇരിക്കുമ്പോൾ അങ്ങനെ ഞാൻ പടപടാന്ന് വീണുകൊണ്ടേയിരുന്നു. ഓരോ വീഴ്ച്ചയ്ക്ക് ശേഷവും ഇന്ത്യൻ ക്ലോസറ്റിൽ ഇരിക്കാൻ ഒന്ന് രണ്ട് മാസം കാത്തിരിക്കേണ്ട ഗതികേടുമായി.. അതിലിരുന്നാ മാത്രം കാര്യം സാധ്യമായിരുന്ന എനിക്ക് യൂറോപ്യനായി ഇഷ്ടക്കാരൻ. പട്ടി പിറകേ വന്നാൽ ഓടാൻ പറ്റാതെ കടികൊള്ളേണ്ട എന്റെ ഗതികേടോർത്ത് ഞാൻ ചിരിച്ച് ചത്ത് ( കരയാൻ എനിക്കറിഞ്ഞൂട എന്നാ പൊതുവെ വിലയിരുത്തപ്പെടുന്നത് ). ഇതിനിടയിൽ ഹോമിയോ ഡോക്ടറെ കാണിച്ച് കാണിച്ച് അയാൾക്കെന്നോട് ഒടുക്കത്തെ പ്രേമം വരെ തോന്നി, സ്വാഭാവികം ഇത്ര സുന്ദരിയും മിടുക്കിയും സൽസ്വഭാവിയുമായി എന്നോടത് തോന്നിയില്ലെങ്കിലേ അദ്ഭുതപ്പെടാനുള്ളു.
ആയുർവ്വേദം കാണിച്ച് ഡോക്ടറും ഞാനും കട്ട കമ്പനിയുമായി. പക്ഷേ ചെരട്ടയുടെ ചെറ്റത്തരം മാത്രം മാറീല.. ഇനി ചെരട്ട ഇടതുപക്ഷത്തേക്ക് പോകരുതെന്ന് ഉറപ്പിച്ച് ഓപ്പറേഷന് തീരുമാനിച്ചപ്പഴേക്കും അടുത്ത മാരണം കൊറോണയും വന്നു.. ഇനിയീ ചെരട്ട പരട്ടയെ എന്ന് നിലയ്ക്കുനിർത്താനാവുമെന്ന് ആർക്കറിയാം.