India

ഇന്ത്യയുടെ ജിഡിപിക്ക് റെക്കോര്‍ഡ് ഇടിവ്; 23.9% ഇടിഞ്ഞു

India's GDP falls to record low; 23.9% decline

ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ആദ്യപാദത്തില്‍ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ (ജി.ഡി.പി) റെക്കോര്‍ഡ് ഇടിവ് രേഖപ്പെടുത്തി. 23.9 ശതമാനം ഇടിവാണ് ഇന്ത്യയുടെ ജിഡിപിയിലുണ്ടായിട്ടുള്ളത്. കൊറോണവൈറസ് പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജുകളൊന്നും കാര്യമായ ഫലം കണ്ടില്ലെന്നാണ് വിലയിരുത്തല്‍.

1996-മുതല്‍ ഇന്ത്യ ത്രൈമാസ ജിഡിപി കണക്കുകള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയതിന് ശേഷം സമ്പദ് വ്യവസ്ഥയിലുണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണിത്.

2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഒന്നാം പാദത്തില്‍ ജിഡിപി 35.35 ലക്ഷം കോടിയായിരുന്നത് 2020-21 സാമ്പത്തിക വാര്‍ഷത്തിന്റെ ആദ്യ പാദത്തിലെത്തിയപ്പോള്‍ 26.90 ലക്ഷം കോടിയായി ചുരുങ്ങി. സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്.

കടുത്ത സാമ്പത്തിക മാന്ദ്യത്തിന്റെ സാധ്യതകളാണ് കണക്കുകള്‍ അടയാളപ്പെടുത്തുന്നത്. കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലും സമാനമായ ഇടിവുണ്ടാകുമെന്നാണ് സൂചന.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അഞ്ച് ശതമാനം വളര്‍ച്ചനേടിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍, ജിഡിപി വളര്‍ച്ചാ നിരക്ക് 3.1 ശതമാനമായിരുന്നു.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button