ന്യൂഡൽഹി: ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിൻ്റെ സാന്നിധ്യം ബ്രിട്ടനിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ നിർത്തിവച്ച യുകെയിൽ നിന്നുള്ള വിമാനസർവീസുകൾ വീണ്ടും തുടങ്ങുന്നു. ജനുവരി എട്ട് മുതൽ നിയന്ത്രിതമായ രീതിയിൽ വിമാന സർവീസുകൾ പുനഃരാംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കി.
ട്വിറ്ററിലൂടെയാണ് ഹർദീപ് സിംഗ് പുരി പുതിയ നിർദേശങ്ങൾ പങ്കുവച്ചത്. ജനുവരി എട്ട് മുതൽ ഇന്ത്യയിൽ നിന്ന് യുകെയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ആരംഭിക്കും. ജനുവരി 23വരെ ആഴ്‌ചയിൽ 15 ഫ്ലൈറ്റുകൾ മാത്രമേ സർവീസ് നടത്തൂ. ഡൽഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ് എന്നീ നഗരങ്ങളിലേക്ക് മാത്രമാകും സർവീസ്. വിമാനങ്ങൾ പുറപ്പെടുന്ന സമയക്രമം അടക്കമുള്ള വിവരങ്ങൾ വ്യോയാന അതോറിറ്റി പുറത്തുവിടുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.
പുതിയ ഇനം കൊറോണ വൈറസ് നിയന്ത്രണാതീതമാണെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് യുകെയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും ഇന്ത്യ താൽക്കാലികമായി നിർത്തിവെച്ചത്. ഇന്ത്യൻ സിവിൽ ഏവിയേഷൻ മന്ത്രാലയമാണ് ഇത് സംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചത്.
ജനിതക മാറ്റം സംഭവിച്ച വൈറസ് ബാധ ഇന്ത്യയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ബ്രിട്ടനില്‍ നിന്നെത്തിയ ആറ് യാത്രക്കാര്‍ക്കാണ് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ആദ്യഘട്ടത്തിൽ സ്ഥിരീകരിച്ചത്. നിലവിലെ നിയന്ത്രണങ്ങൾ അനിശ്ചിതകാലത്തേക്കുള്ളതാവുമെന്ന് കരുതുന്നില്ലെന്നും യാത്ര നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നതിനെക്കുറിച്ച് അടുത്ത ദിവസങ്ങൾ പുതിയ തീരുമാനം ഉണ്ടാകുമെന്നും ഹർദീപ് സിംഗ് പുരി കഴിഞ്ഞയാഴ്‌ച പറഞ്ഞിരുന്നു.