‘ഇന്ത്യ നരകം; മോദിക്ക് അമിത ആത്മവിശ്വാസം’; രൂക്ഷമായി വിമര്‍ശിച്ച് ബ്രിട്ടീഷ് മാധ്യമം
'India is hell; Modi is overconfident '; The British media harshly criticized
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അതിരൂക്ഷമായി വിമര്‍ശിച്ച് ബ്രിട്ടീഷ് ദിനപത്രം ദ് ഗാര്‍ഡിയന്‍. വെള്ളിയാഴ്‍ച്ച പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് കൊവിഡ‍് വ്യാപനം നിയന്ത്രിക്കാന്‍ മോദിക്ക് കഴിയുന്നില്ലെന്ന് വിഖ്യാത ദിനപത്രത്തിന്‍റെ വിമര്‍ശനം.
നിയന്ത്രണംവിട്ട മഹാമാരി എന്നാണ് ഇന്ത്യയിലെ കൊവിഡ് വ്യാപനത്തെ ഗാര്‍ഡിയന്‍ വിശേഷിപ്പിച്ചത്.
നരേന്ദ്ര മോദിയുടെത് അമിത ആത്മവിശ്വാസമാണ്. വിദഗ്‍ധരുടെ അഭിപ്രായങ്ങളെ അകാരണമായി തള്ളിക്കളയുകയും ചെയ്യുന്നതാണ് മോദിയുടെ രീതി – പത്രം വിമര്‍ശിക്കുന്നു.
ഒരു ശതമാനംപോലും ആളുകള്‍ക്ക് വാക്സിന്‍ കിട്ടാത്തപ്പോള്‍ തന്നെ മോദി, ഇന്ത്യ ലോകത്തിന്‍റെ ഫാര്‍മസിയാണെന്ന് അവകാശപ്പെട്ടു. അധികം വൈകാതെ മഹാമാരിക്ക് മുന്‍പുള്ളതുപോലെ ജീവിതം തുടരുമെന്ന് പറഞ്ഞു. എന്നാല്‍ ആയിരങ്ങളെ ക്രിക്കറ്റ് സ്റ്റേഡിയങ്ങളില്‍ അനുവദിച്ചും ദശലക്ഷങ്ങളെ കുംഭമേളയ്ക്ക് അനുവദിച്ചും മോദി സര്‍ക്കാര്‍ സൂപ്പര്‍സ്പ്രെഡിങിന് വഴിവച്ചു – ഗാര്‍ഡിയന്‍ വിമര്‍ശിക്കുന്നു.
കൊവിഡ് രൂക്ഷമായപ്പോഴും മോദി, ഡോണള്‍ഡ് ട്രംപിനെ പോലെ തെരഞ്ഞെടുപ്പ് റാലി നടത്തി. ദേശത്തെ കുറിച്ചുള്ള വീമ്പുപറച്ചിലിനിടയില്‍ മതിയായ തയാറെടുപ്പുകള്‍ക്ക് കഴിഞ്ഞില്ല. വാക്സിന്‍ നിര്‍മ്മാണത്തില്‍ വരെ ഇത് പ്രകടമായി. ഇന്ത്യയെയായിരുന്നു വാക്സിന്‍ നിര്‍മ്മാണത്തില്‍ ലോകം ഉറ്റുനോക്കിയിരുന്നത്. ഇപ്പോള്‍ അത് മാറി. ചൈനയും അമേരിക്കയും ഇന്ത്യയെക്കാള്‍ വാക്സിന്‍ നിര്‍മ്മിക്കുന്നുണ്ടെന്നും ഗാര്‍ഡിയന്‍ നിരീക്ഷിക്കുന്നു.
ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മേല്‍ പഴിചാരി രക്ഷപെടാനാണ് മോദിയുടെ നീക്കം. ഇത് പാടില്ല. സ്വന്തം തെറ്റ് മോദി സമ്മതിക്കണം. വിദഗ്‍ധരോട് സംസാരിച്ച് സാഹചര്യങ്ങള്‍ അനുകൂലമാക്കണം. വേര്‍തിരിവിന്‍റെ ആശയസംഹിത ഉപേക്ഷിക്കണം, ഇന്ത്യയെ ഒന്നിപ്പിക്കണം — ഗാര്‍ഡിയന്‍ ഉപദേശിക്കുന്നു.
ഏപ്രില്‍ 26ന് രാവിലെ പുറത്തുവിട്ട കണക്ക് പ്രകാരം 3.46 ലക്ഷം കൊവിഡ് കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്‍തത്.രണ്ടായിരത്തിലധികം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‍തു. മഹാരാഷ്ട്രയിലാണ് കൂടുതല്‍ കേസുകള്‍. ഉത്തരേന്ത്യന്‍ നഗരങ്ങളിലെ ആശുപത്രികളില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷമായി തുടരുകയാണ്. ഇതിന്‍റെ പേരില്‍ കോടതികളില്‍ കേസും നടക്കുന്നുണ്ട്.