ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു ; 24 മണിക്കൂറിനിടെ 886 മരണം
India has over 20 lakh Kovid victims; 886 deaths in 24 hours
ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,538 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ദിനംപ്രതിയുള്ള കൊവിഡ് വർധനവിൽ ഏറ്റവുമുയർന്ന വർധനവാണിത്.
ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 20,27,074 പേർക്കാണ് രാജ്യത്ത് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരു ദിവസത്തിനിടെ 886 പേർ മരിച്ചു. മരണസംഖ്യ 41,585 ആയി ഉയർന്നു.
190 ദിവസം കൊണ്ടാണ് രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒന്നിൽ നിന്ന് ഇരുപത് ലക്ഷത്തിലേക്ക് എത്തിയിരിക്കുന്നത്. ജൂലൈ 17നായിരുന്നു കൊവിഡ് ബാധിതരുടെ എണ്ണം പത്ത് ലക്ഷത്തിലെത്തിയത്. അടുത്ത 21 ദിവസത്തിനിടെ പത്ത് ലക്ഷം കേസുകൾ കൂടി റിപ്പോർട്ട് ചെയ്തുവെന്നത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.
അതേസമയം രോഗമുക്തി നിരക്ക് ഉയരുന്നതും ആശ്വാസകരമാണ്. 24 മണിക്കൂറിനിടെ 49,769 പേരാണ് രോഗമുക്തി നേടിയത്. മഹാരാഷ്ട്രയിൽ ഇന്നലെ പതിനൊന്നായിരത്തിലധികം പേർക്കും ആന്ധ്രയിൽ പതിനായിരത്തിലേറെ പേർക്കും രോഗം സ്ഥിരീകരിച്ചു. കർണാടക, യുപി, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലും രോഗവ്യാപനം രൂക്ഷമാകുകയാണ്