യുഎന്നില്‍ തുര്‍ക്കിയുടെ കശ്മീര്‍ പരാമര്‍ശത്തിൽ ഇന്ത്യ അപലപിച്ചു
India condemns Turkey's reference to Kashmir at UN
ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിയില്‍ തുര്‍ക്കി പ്രസിഡന്റ് തയിപ് എര്‍ദോഗന്‍ കശ്മീരിനെ സംബന്ധിച്ച് നടത്തിയ പരാമര്‍ശത്തെ അപലപിച്ച് ഇന്ത്യ. എര്‍ദോഗന്റെ പ്രസംഗം ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലാണ്, ഇത് ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും ഇന്ത്യ പ്രതികരിച്ചു.
എര്‍ദോഗന്റെ പ്രസംഗത്തിന് പിന്നാലെ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.തിരുമൂര്‍ത്തിയാണ് ട്വിറ്ററിലൂടെ ഇത് സംബന്ധിച്ച് പ്രതികരണം നടത്തിയത്.
‘ജമ്മു കശ്മീനെ സംബന്ധിച്ച് തുര്‍ക്കി പ്രസിഡന്റ് നടത്തിയ പരാമര്‍ശങ്ങള്‍ ഞങ്ങള്‍ കണ്ടു. അവ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള കടുത്ത ഇടപെടലാണ്, പൂര്‍ണ്ണമായും അസ്വീകാര്യമാണ്. മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കാനും സ്വന്തം നയങ്ങളെക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ പ്രതിഫലിപ്പിക്കാനും തുര്‍ക്കി പഠിക്കണം’തിരുമൂര്‍ത്തി ട്വിറ്ററില്‍ കുറിച്ചു.
ദക്ഷിണേഷ്യയുടെ സ്ഥിരതയ്ക്കും സമാധാനത്തിനും പ്രധാനമായ കശ്മീര്‍ സംഘര്‍ഷം ഇപ്പോഴും കത്തുന്ന പ്രശ്‌നമാണ്. ആശയവിനിമയത്തിലൂടെ ഈ പ്രശ്‌നം പരിഹരിക്കേണ്ടത് അത്യാവശ്യമാണെന്നും എര്‍ദോഗന്‍ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ മുന്‍കൂട്ടി അവതരിപ്പിച്ച റെക്കോര്‍ഡ് ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു.
‘ഐക്യരാഷ്ട്രസഭ പ്രമേയങ്ങളുടെ ചട്ടകൂടിനുള്ളിലെ സംഭാഷണങ്ങളിലൂടെ, പ്രത്യേകിച്ച് കശ്മീര്‍ ജനതയുടെ പ്രതീക്ഷകള്‍ക്ക് അനുസൃതമായി ഈ പ്രശ്‌നം പരിഹരിക്കുന്നതിനോട് ഞങ്ങള്‍ക്ക് യോജിപ്പാണുള്ളത്’ തുര്‍ക്കി പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഒരു വര്‍ഷമായി പാകിസ്താനൊപ്പം ചേര്‍ന്ന് കശ്മീര്‍ വിഷയം വിവിധ അന്താരാഷ്ട്ര വേദികളില്‍ തുര്‍ക്കി ഉയര്‍ത്തികാണിക്കുന്നുണ്ട്. കശ്മീര്‍ തങ്ങളുടെ ആഭ്യന്തര വിഷയമാണെന്നാണ് ഇന്ത്യ എല്ലായ്‌പ്പോഴും ആവര്‍ത്തിച്ച് പറഞ്ഞിട്ടുള്ളത്.