ഇന്ത്യ വാങ്ങുന്നത് 80 കോടി പേർക്കുള്ള കൊവിഡ് വാക്സിൻ
India buys Covid vaccine for 80 crore people
ന്യൂഡൽഹി: വിവിധ വാക്സിൻ നിര്‍മാതാക്കളിൽ നിന്നായി ഇന്ത്യ വാങ്ങുന്നത് 160 കോടി ഡോസ് കൊവിഡ് 19 പ്രതിരോധ വാക്സിൻ. ഇതോടെ ലോകത്തെ ഏറ്റവും വലിയ കൊവിഡ് 19 വാക്സിൻ ഉപഭോക്താവായി ഇന്ത്യ മാറി. 158 കോടി ഡോസ് വാക്സിൻ വാങ്ങിയ യൂറോപ്യൻ യൂണിയനും 100 കോടിയിലധികം ഡോസ് വാക്സിൻ വാങ്ങിയ യുഎസും ഇന്ത്യയ്ക്ക് പിന്നിലാണ്.
രാജ്യത്തെ എല്ലാവര്‍ക്കും കൊവിഡ് വാക്സിൻ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരിച്ച് ആഴ്ചകള്‍ക്ക് ശേഷം കേന്ദ്രസര്‍ക്കാര്‍ അത്തരത്തിൽ ഒരുറപ്പ് നല്‍കിയിട്ടില്ലെന്ന വിശദീകരണവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം രംഗത്തെത്തിയിരുന്നു. ഇത് വിവാദമായതിനു പിന്നാലെയാണ് ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. കുറഞ്ഞ ചെലവിൽ രാജ്യത്തെ ജനങ്ങള്‍ക്ക് വാക്സിൻ ലഭ്യമാക്കുമെന്നാണ് പ്രധാനമന്ത്രി സര്‍വകക്ഷിയോഗത്തിൽ വ്യക്തമാക്കിയത്.
കേന്ദ്രസര്‍ക്കാര്‍ വാങ്ങുന്ന 160 കോടി ഡോസ് വാക്സിൻ രണ്ട് ഡോസ് വീതം 80 കോടി ജനങ്ങള്‍ക്ക് ഉപയോഗിക്കാനാകും. രാജ്യത്തെ 50 കോടിയിലധികം പേര്‍ക്കും വാക്സിൻ ഇത്തരത്തിൽ ലഭ്യമാകുന്നില്ലെങ്കിലും രാജ്യത്ത് കൊവിഡ് വ്യാപനം തടയാൻ ആവശ്യമായ ഹെര്‍ഡ് ഇമ്മ്യൂണിറ്റിയുണ്ടാകാൻ ഇതു മതിയാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.
ഓക്സ്ഫഡ് സര്‍വകലാശാലയും ആസ്ട്രസെനക്കയും ചേര്‍ന്ന് വികസിപ്പിച്ച കൊവിഷീൽഡ് വാക്സിൻ്റെ 50 കോടി ഡോസ് ഇന്ത്യ വാങ്ങും. യുഎസ് കമ്പനിയായ നോവോവാക്സിൻ്റെ 100 കോടി ഡോസ് വാക്സിനും കേന്ദ്രസര്‍ക്കാര്‍ വാങ്ങും. ഈ രണ്ട് വാക്സിനുകളും ഉത്പാദിപ്പിക്കുന്നത് പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ്. കൂടാതെ റഷ്യൻ വാക്സിനായ സ്പുട്നിക് 5ൻ്റെ 10 കോടി ഡോസ് വാക്സിനും ഇന്ത്യ വാങ്ങും. ഇന്ത്യൻ ഫാര്‍മസ്യൂട്ടിക്കൽ കമ്പനിയായ ഡോ. റെഡ്ഡീസ് ഇത് പ്രാദേശികമായി ഉത്പാദിപ്പിക്കുന്നുണ്ട്.
നവംബര്‍ 30 വരെയുള്ള കാലത്ത് മൂന്ന് വാക്സിനുകളും ചേര്‍ത്ത് ഇന്ത്യ 160 കോടി വാക്സിൻ വാങ്ങിയിട്ടുണ്ടെന്നാണ് ലോഞ്ച് ആൻ്റ് സ്കെയിൽ സ്പീഡോമീറ്ററിൻ്റെ കണക്ക്. അതേസമയം, യുഎസും യൂറോപ്യൻ യൂണിയനും ആറ് തരം വാക്സിനുകള്‍ വാങ്ങിയിട്ടുണ്ട്. പബ്ലിക് ഡൊമൈനിൽ ലഭ്യമായ വിവരങ്ങളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടു ചര്‍ച്ച ചെയ്ത് ലഭിച്ച വിവരങ്ങളും ചേര്‍ത്താണ് ഈ കണക്ക് തയ്യാറാക്കിയതെന്ന് വൈറോളജിസ്റ്റായ ഷാഹിദ് ജമീൽ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
അടുത്ത വര്‍ഷം ജൂലൈ – ഓഗസ്റ്റ് മാസങ്ങള്‍ക്കുള്ളിൽ 40 മുതൽ 50 കോടി ഡോസ് വരെ വാക്സിൻ ലഭ്യമാക്കുമെന്നും 25 – 30 കോടി ആളുകള്‍ക്ക് വിതരണം ചെയ്യുമെന്നും നവംബറിൽ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധൻ വിശദീകരിച്ചിരുന്നു. ഇന്ത്യൻ കമ്പനികള്‍ നിര്‍മിക്കുന്ന വാക്സിനുകളാണ് സര്‍ക്കാര്‍ പ്രീ ബുക്ക് ചെയ്തിരിക്കുന്നതെന്നും സര്‍ക്കാര്‍ അറിയിച്ചു. സിറം ഇൻസ്റ്റിറ്റ്യൂട്ടിനും ഡോ. റെഡ്ഡീസിനും പുറമെ ഐസിഎംആറിൻ്റെ സഹകരണത്തോടെ ഭാരത് ബയോടെക് നിര്‍മിക്കുന്ന വാക്സിൻ്റെ മൂന്നാം ഘട്ട പരീക്ഷണവും ഈ ആഴ്ച ആരംഭിച്ചിട്ടുണ്ട്.