കൊച്ചി: കൊവിഡ് കാലത്ത് ഇരുട്ടടിയായി രാജ്യത്ത് പാചകവാതക വില വീണ്ടും വർധിപ്പിച്ചു. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറുകൾക്ക് 50 രൂപയാണ് കൂട്ടിയത്. ഇതോടെ സിലിണ്ടറുകളുടെ വില 701 രൂപയായി. വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വിലയും വർധിപ്പിച്ചിട്ടുണ്ട്. 37 രൂപ വര്‍ധിപ്പിച്ച് 1,330 രൂപയാണ് സിലിണ്ടറിന്റെ പുതിയ വില. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.
ഒരു മാസത്തിനിടെ രണ്ടാമത്തെ തവണയാണ് പാചകവാതക സിലിണ്ടറുകളുടെ വില വര്‍ധിപ്പിക്കുന്നത്. ഈ മാസം രണ്ടിനാണ് ഇതിനു മുമ്പ് വില വർധിപ്പിച്ചത്. കഴിഞ്ഞ ആഴ്ച പാചകവാതക സിലിണ്ടറിന്റെ വില 50 രൂപയും വാണിജ്യ സിലിണ്ടറിന്റെ വില 55 രൂപയുമാണ് വർധിപ്പിച്ചത്. ഡിസംബറില്‍ മാത്രം ഗ്യാസ് സിലിണ്ടറിന് 100 രൂപയാണ് കൂടിയത്. നവംബറില്‍ 1,241 രൂപയായിരുന്നു വാണിജ്യ സിലിണ്ടറിന്റെ വില.
അഞ്ചുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് പാചക വാതക വില വര്‍ധിപ്പിക്കുന്നത്. ജൂലൈയിലാണ് പാചക വാതക സിലിണ്ടറിന്റെ വില അവസാനമായി വർധിപ്പിച്ചത്. എണ്ണ വിപണന കമ്പനികൾ വാണിജ്യ വാതകത്തിന്റെ നിരക്ക് വർദ്ധിപ്പിച്ചതാണ് വിലവർധനവിന് കാരണമെന്നാണ് റിപ്പോർട്ട്. അതേസമയം പാചകവാതക വിലവര്‍ദ്ധനവിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ നേരിടുന്നതിന് പിന്നാലെയാണ് വീണ്ടും വിലവര്‍ധവ് ഉണ്ടായിരിക്കുന്നത്.