Gulf News

സൗദിയില്‍ ഡ്രൈവിംഗ് ലൈസന്‍സും ഇനി ഡിജിറ്റല്‍ രൂപത്തില്‍

In Saudi Arabia, driving licenses are now available in digital form

റിയാദ്: ഡിജിറ്റല്‍ സാങ്കേതിക വിദ്യാ സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഡ്രൈവിംഗ് ലൈസന്‍സിന്റെ ഡിജിറ്റല്‍ കോപ്പി സൗദി ട്രാഫിക് ഡയറക്ടറേറ്റ് പുറത്തിറക്കി. ഇനി മുതല്‍ ഡ്രൈവിംഗ് ലൈസന്‍സിന്റെ ഹാര്‍ഡ് കോപ്പി കൈയില്‍ കൊണ്ടുനടക്കേണ്ട ആവശ്യമില്ല. സുരക്ഷാ വകുപ്പുകളുമായി ബന്ധപ്പെട്ട ഡ്രൈവിംഗ് ലൈസന്‍സ് ആവശ്യമുള്ള നടപടിക്രമങ്ങള്‍ക്കെല്ലാം ഇനി മുതല്‍ ഡിജിറ്റല്‍ കോപ്പി പ്രദര്‍ശിപ്പിച്ചാല്‍ മതിയാവും. മറ്റ് സുരക്ഷാ ഏജന്‍സികളെല്ലാം ഡിജിറ്റല്‍ ഡ്രൈവിംഗ് ലൈസന്‍സ് അംഗീകരിച്ചതായി ട്രാഫിക് ഡയരക്ടറേറ്റ് വക്താവ് അറിയിച്ചു.

ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളായ ‘അബ്ശിര്‍ ഇന്‍ഡിവിഡ്വല്‍സ്’, ‘തവക്കല്‍നാ’ എന്നീ ആപ്പുകള്‍ വഴിയാണ് ലൈസന്‍സിന്റെ ഡിജിറ്റല്‍ കോപ്പി ലഭ്യമാക്കിയിരിക്കുന്നത്. സൗദി ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിക്കു കീഴിലെ നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി സഹകരിച്ചാണ് ഡ്രൈവിംഗ് ലൈസന്‍സിന്റെ ഡിജിറ്റല്‍ കോപ്പി വികസിപ്പിച്ചതെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.

ഡിജിറ്റല്‍ ഡ്രൈവിംഗ് ലൈസന്‍സ് കോപ്പിയില്‍ ക്യുആര്‍ കോഡ് അടങ്ങിയിട്ടുണ്ട്. ഇത് സ്‌കാന്‍ ചെയ്താല്‍ ലൈസന്‍സുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ ലഭ്യമാവും. ഡിജിറ്റല്‍ ലൈസന്‍സ് കോപ്പി മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള സ്മാര്‍ട്ട് ഉപകരണങ്ങളില്‍ സൂക്ഷിക്കാനും ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ തന്നെ ഏതു സമയത്തും ഉപയോഗിക്കാനും സാധിക്കുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു. പ്രവാസികള്‍ക്ക് ഉള്‍പ്പെടെ ഈ സേവനം ലഭ്യമാണ്.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button