ArticlesLiterature

രാമവർമ്മ പതിനഞ്ചാമന്റെ സ്മരണയിൽ; കൊച്ചിൻ ബ്രിഡ്ജ് ഷൊർണൂർ

In memory of Rama Varma the 15th; Cochin Bridge Shoranur

ആനമലയിൽ നിന്നും ഉത്ഭവിച്ച് അറബിക്കടലിൽ സംഗമിക്കുന്ന സഹ്യപുത്രിയായ നിളാ നദിക്ക് കുറുകെ ഉയർന്ന ആദ്യ പാലമാണ് കൊച്ചി പാലം അഥവാ കൊച്ചിൻ ബ്രിഡ്ജ് ഷൊർണൂർ. മലയാള ഭാഷ സംസാരിക്കുന്ന തിരുവിതാംകൂർ കൊച്ചി രാജവശങ്ങളെയും തമിഴ്നാട് സർക്കാർ നിയന്ത്രണത്തിലുള്ള മദ്രാസ് പ്രസിഡൻസിയുടെ മലബാർ പ്രദേശങ്ങളെയും വിഭജിച്ച് ഒഴുകിയിരുന്ന ഒരു വലിയ ജലപ്രവാഹമാണ് നിളാനദി.

നിളാ നദിയുടെ തെക്ക് കൊച്ചി രാജവംശവും വടക്ക് ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രാസ് പ്രവിശ്യയിലെ മലബാറും ഒരേ ഭാഷ സംസാരിക്കുന്ന രണ്ട് രാജ്യങ്ങൾ തന്നെയായിരുന്നു. തിരുവിതാംകൂർ കൊച്ചി നാട്ടുരാജ്യങ്ങൾ ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് കപ്പം കൊടുത്ത് ഭരണം നിലനിർത്തിയപ്പോൾ, ടിപ്പു പടയോട്ടത്തിലൂടെ പിടിച്ചെടുത്ത കോഴിക്കോട് സാമൂതിരിയുടെയും മറ്റു സാമന്ത രാജാക്കൻമാരുടെയും നാട്ടുരാജ്യങ്ങൾ ഉൾപ്പെടുന്ന മലബാർ പ്രദേശം ബ്രിട്ടീഷുക്കാരുടെ നിയന്ത്രണത്തിലായി.

1956 നവംബർ ഒന്നിന് കേരളം ഐക്യപ്പെടുന്നതിനും ദശാബ്ദങ്ങൾക്ക് മുമ്പേ മലയാളികളെ ഐക്യപ്പെടുത്തിയ പാലമാണ് കൊച്ചിൻ ബ്രിഡ്ജ് ഷൊർണൂർ. ഇന്നത്തെ പാലക്കാട് ജില്ലയിലെ ഷൊർണൂർ നഗരസഭയുടെയും, തൃശൂർ ജില്ലയിലെ ചെറുതുരുത്തി വള്ളത്തോൾ നഗർ പഞ്ചായത്തിന്റെയും, നിളാ തീരങ്ങളെ ബന്ധിപ്പിച്ചാണ് കൊച്ചിൻ പാലം സ്ഥിതി ചെയ്യുന്നത്. നിളാ നദിയുടെ വടക്ക് ഇന്ത്യൻ റെയിൽവേയുടെ ഭൂപടത്തിൽ കേരളത്തിന്റെ മദ്ധ്യഭാഗം എന്ന് വിശേഷിപ്പിക്കുന്ന, രാജ്യത്തെ ആദ്യത്തെ റെയിൽവേ ഡിവിഷനായ സതേൺ റെയിൽവേയിൽ ഉൾപ്പെടുന്ന മലബാറിന്റെ ഭാഗമായ, ഷൊർണൂരിലൂടെയാണ് മലയാള നാട്ടിൽ ആദ്യമായ് തീവണ്ടി ഗതാഗതം ആരംഭിച്ചത്. 1862 ഏപ്രിൽ 14 നാണ് പോത്തനൂരിൽ നിന്നും പട്ടാമ്പിയിലേക്ക് നിളയുടെ തീരത്ത് കൂടെ ഷൊർണൂർ വഴി ആദ്യത്തെ തീവണ്ടി ചൂളം വിളിച്ച് ഓടിയത്.

1895 മുതൽ 1914 വരെ കൊച്ചി മഹാരാജ്യം ഭരിച്ചിരുന്ന രാജാവ് രാജർഷി, ഒഴിഞ്ഞ വല്യമ്പ്രാൻ എന്നീ പേരുകളിൽ കൂടി അറിയപ്പെട്ടിരുന്ന രാജർഷി സർ ശ്രീ രാമവർമ്മ തമ്പുരാൻ പതിനഞ്ചാമനായിരുന്നു. സംസ്കൃതത്തിലും, ഇംഗ്ലീഷിലും അഗാധ പാണ്ഡിത്യം ഉണ്ടായിരുന്ന, ഭരണ കർത്താവ് എന്ന നിലക്കും വളരെ പ്രഗൽഭനായിരുന്ന രാജർഷി രാമവർമ തമ്പുരാൻ, കൊച്ചി മഹാനഗരത്തിന്റെ പിതാവ് എന്ന നിലക്കാണ് ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്.

രാമവർമ്മ തമ്പുരാന് തന്റെ യൗവനത്തിൽ സ്വന്തം സഹോദരിയെയും പിതാവിനെയും നഷ്ടപ്പെടുകയും, തുടർന്നുള്ള ജീവിതത്തിൽ വിഷാദരോഗിയായി മാറിയപ്പോൾ തരണം ചെയ്യുവാൻ തേടിയ പുസ്തകങ്ങളുടെ സൗഹൃദത്തിലുടെ, അക്കാലത്ത് കേരളത്തിനകത്തും പുറത്തും നടന്ന മിക്ക പണ്ഡിത സദസ്സുകളിലും രാജർഷി രാമവർമ്മക്ക് സർവ്വാദരണീയമായ സാന്നിദ്ധ്യം ഉണ്ടായിരുന്നതായി കാണപ്പെടുന്നു. അന്നത്തെ കാലത്ത് ശ്രീ. ശങ്കരന് ശേഷം കേരളത്തിന് പുറത്ത് ഇത്രയും ആദരിക്കപ്പെട്ട മറ്റൊരു വ്യക്തിത്വം ഇല്ലായിരുന്നുവത്രേ.

RAMAVARMA 15TH KOCHIN BRIDGE SHORANUR

കൊച്ചി രാജ്യത്ത് തീവണ്ടി ഗതാഗതം വരുന്നതിന് മുമ്പ് സഞ്ചാര പ്രിയനായിരുന്ന മഹാരാജാവ് രാമവർമ്മ പതിനഞ്ചാമന്റെ തീവണ്ടി യാത്രകൾ ഷൊർണൂരിൽ നിന്നായിരുന്നു. സഹ്യന്റെ മകൾ നിളയിൽ അന്നത്തെ കാലത്ത് നല്ല ഒഴുക്ക് ഉള്ളതിനാൽ മഹാരാജാവിന്റെ യാത്രകൾ അത്ര എളുപ്പമായിരുന്നില്ല. പാളങ്ങളാണ് ഇനിയുള്ള പുരോഗതിയുടെ അടുത്ത ഘട്ടമെന്ന് മനസിലാക്കിയ രാമവർമ്മ പതിനഞ്ചാമൻ, ഷൊർണൂരിലൂടെ കടന്ന് പോകുന്ന തീവണ്ടി ഗതാഗതം തന്റെ രാജ്യത്തേക്ക് എത്തിക്കുവാൻ ദൃഢനിശ്ചയം എടുത്തു.

ബ്രിട്ടീഷ് സർക്കാറിനോട് തന്റെ ആവശ്യം ഉന്നയിച്ച കൊച്ചി മഹാരാജാവ് രാമവർമ്മക്ക് ലഭിച്ച മറുപടി തീവണ്ടി ഗതാഗതത്തിന് വേണ്ട ചിലവ് രാജവംശം വഹിക്കണമെന്നായിരുന്നു. എന്നാൽ അത്തരമൊരു പദ്ധതി നടപ്പിലാക്കുവാനുള്ള പണം രാജ്യത്തെ പൊതു ഖജനാവിൽ ഇല്ലാത്തതിനാൽ, ബ്രിട്ടിഷ് സാമ്രാജ്യത്തോട് പദ്ധതിക്കാവശ്യമായ തുക വായ്പയായ് നൽകുവാൻ അപേക്ഷിച്ചു രാമവർമ്മ തമ്പുരാൻ. ബ്രിട്ടീഷ് സർക്കാർ വായ്പ നിരസിക്കുക മാത്രമല്ല അവരുടെ നികുതി വർദ്ധിപ്പിക്കുക എന്ന ഉപായമാണ് നിർദ്ദേശിച്ചത് തമ്പുരാനോട്, പക്ഷേ പ്രജകൾക്ക് ദോഷമാകുന്ന ഒരു അധിക നികുതിയും ചുമത്തുവാൻ ജനസ്നേഹിയായ രാമവർമക്ക് കഴിയുമായിരുന്നില്ല.

വിദേശ ശക്തികളുടെ നയതന്ത്രങ്ങൾക്ക് മുമ്പിൽ പതറാത്ത രാമവർമ്മ പതിനഞ്ചാമൻ, തന്റെ പരദേവതയായ തൃപ്പൂണിത്തുറ ശ്രീ പൂർണ്ണത്രയീശ ക്ഷേത്രത്തിലെ നാല് ഉത്സവങ്ങളിൽ ഒരു ഉത്സവമായ വൃശ്ചികത്തിലെ തൃക്കേട്ട പുറപ്പാടിന് എഴുന്നള്ളിക്കുന്ന 15 ആനകളെ അണിയിക്കുന്ന, സ്വർണ്ണത്തിൽ തീർത്ത 15 നെറ്റിപട്ടങ്ങളിൽ 14 എണ്ണവും വിൽക്കുവാൻ തീരുമാനിച്ചു. മഹാരാജാവിന്റെ അഭ്യർത്ഥന കുടുംബാംഗങ്ങൾ നിരസിച്ചു എങ്കിലും തന്റെ ഇച്ഛാശക്തിക്ക് മുമ്പിൽ ക്ഷേത്രം അധികാരികൾ സമ്മതം നൽകുകയാണുണ്ടായത്.

ക്ഷേത്രം ഭാരവാഹികളിൽ നിന്നും സ്വർണ്ണ നെറ്റിപ്പട്ടങ്ങൾ ഏറ്റെടുക്കുന്നതിന് മുമ്പ്, പകരം വെള്ളിയിൽ ഉണ്ടാക്കിയ നെറ്റിപ്പട്ടങ്ങളിൽ സ്വർണ്ണം പൂശി നൽകിയിരുന്നു. മാത്രവുമല്ല ഭഗവാന്റെ തിരുനടയിൽ 72 പ്രാവശ്യം കുമ്പിട്ട മഹാരാജാവ്, സ്വർണ്ണത്തിൽ തീർത്ത നെറ്റിപ്പട്ടങ്ങൾ തിരിച്ചു വാങ്ങുവാൻ തീവണ്ടി ഗതാഗത വരുമാനത്തിൽ നിന്നും ഒരു ശതമാനം അനുവദിക്കുന്ന കരാറിൽ ഒപ്പ് വെച്ചിട്ടുണ്ടെന്ന് ക്ഷേത്രം രേഖകളിൽ ഉള്ളതായി പറയുന്നു. ഇതിനൊക്കെ പുറമേ കൊട്ടാരം നിലവറക്കുള്ളിലെ നിലയില്ലാത്ത സമ്പാദ്യവും തമ്പുരാന്റെ സ്വകാര്യ സ്വത്തുക്കളും ചേർത്ത്, 84 ലക്ഷം രൂപയോളം ചിലവാക്കി കൊച്ചി മഹാരാജാവ് രാമവർമ്മ പതിനഞ്ചാമൻ നിർമ്മിച്ചതാണ് ഷൊർണൂർ കൊച്ചി തീവണ്ടി പാത.

ഷൊർണൂർ കൊച്ചി തീവണ്ടി പാതക്ക് തുടക്കത്തിലേ മാർഗ്ഗ തടസ്സമായി ഉണ്ടായിരുന്ന നിളാ നദിക്ക് കുറുകെ ആദ്യമായ് ഒരു പാലം വരികയും, തുടർന്ന് അത് കൊച്ചി പാലം എന്ന പേരിൽ അറിയപ്പെടുവാൻ തുടങ്ങി. കൊച്ചി രാജവംശത്തിന് വേണ്ടി ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ മേൽ നോട്ടത്തിൽ മദ്രാസ് റെയിൽവേ കമ്പനിയാണ് കൊച്ചി പാലം നിർമ്മിക്കുന്നത്. ഐക്യ കേരളത്തിൽ കൊച്ചി പാലത്തിന്റെ ചുമതല വഹിക്കുന്ന കേരള പബ്ലിക് വർക്സ് ഡിപ്പാർട്ട്മെന്റിൽ നിന്നായി അറിയുവാൻ കഴിയുന്നത്, 322.5 മീറ്റർ നീളമുള്ള പാലത്തിൽ 21.5 മീറ്റർ വിത്യാസത്തിൽ 5.2 മീറ്റർ വീതിയിലുള്ള 15 സ്പാനുകൾ ഉണ്ടെന്നാണ്.

1902 ജൂൺ 2 ന് ആദ്യത്തെ ചരക്ക് തീവണ്ടിയും ജൂലായ് 16ന് ആദ്യത്തെ യാത്രാ വണ്ടിയും മലബാറിൽ നിന്ന് തിരു: കൊച്ചിയിലേക്ക് ഷൊർണൂരിലുള്ള ഇന്നത്തെ പഴയ കൊച്ചി പാലത്തിലൂടെ ഉദ്ഘാടന സർവീസ് നടത്തി. തീവണ്ടികൾ സർവീസ് നടത്തിയിരുന്ന ഇതേ പാലത്തിലുടെ ആദ്യകാലത്ത് കാള വണ്ടികൾക്ക് കടന്ന് പോകുവാൻ അനുവദിച്ചിരന്നു. തുടക്കത്തിൽ നേരോ ഗേജ് ട്രേക്കായിരുന്നു പിന്നീട് 1935 ഒക്ടോബർ 24 ന് ഇത് ബ്രോഡ് ഗേജ് ട്രേക്കായി പരിവർത്തിച്ചത് ചില രേഖകളിൽ കാണുന്നു. 1945 ൽ ബ്രിട്ടീഷ് സർക്കാർ തീവണ്ടി ഗതാഗത്തിന് കൊച്ചി പാലത്തിന് സമാന്തരമായി പുതിയൊരു പാലം കൂടി നിർമ്മിച്ചപ്പോൾ ഇന്നത്തെ പഴയ കൊച്ചി പാലം മോട്ടോർ വാഹനങ്ങൾക്കും സൗകര്യപ്രദമായി.

തൃപ്പൂണിത്തുറ കോവിലകത്തിന്റെ സ്വർണ്ണ തിടമ്പിന്റെ ചരിത്രവും രാജമുദ്രയും പതിഞ്ഞ ഷൊർണൂരിലുള്ള കൊച്ചി പാലം, കാലത്തിന്റെ പുരോഗതിയിൽ ഉണ്ടായ അമിത ഗതാഗതവും അതിനനുസരിച്ചുള്ള അറ്റകുറ്റ പണികളുടെ അപര്യാപ്തയും മൂലം, ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ പാലം ബലക്ഷയം വന്നതിനെ തുടർന്ന് ഗതാഗതം നിരോധിക്കുകയും, തൊട്ടടുത്ത് തന്നെ സമാന്തരമായി മറ്റൊരു പാലം കേരള സർക്കാർ നിർമ്മിച്ച് ജനങ്ങൾക്കായ് തുറന്ന് കൊടുത്തു. ഇങ്ങിനെയാണ് 2003 ജനുവരി 25 ന് ഉപയോഗപ്രദമായ പാലം പുതിയ കൊച്ചി പാലവും, 101 വർഷം മുമ്പ് മുതൽ ഉപയോഗിച്ച് വരുന്ന പാലം പഴയ കൊച്ചി പാലവുമായി മാറുന്നത്.

ഗതാഗതം നിലച്ച പഴയ കൊച്ചി പാലത്തിലേക്ക് ഇരുകരകളായ ഷൊർണൂർ നഗരസഭയിലെയും ചെറുതുരുത്തി വള്ളത്തോൾ നഗർ പഞ്ചായത്തിലെയും മറ്റു ദൂര പ്രദേശങ്ങളിൽ നിന്ന് പോലും ജനങ്ങൾ കുടുംബസമേതം സായാഹ്നം ചിലവഴിക്കുവാൻ എത്തുക പതിവായിരുന്നു. ഇത് കണ്ട് കൊണ്ടിരുന്ന പഞ്ചായത്തിനും നഗരസഭയ്ക്കും മുമ്പിൽ, 2011 നവംബർ 9 ന് പഴയ കൊച്ചി പാലത്തിന്റെ മദ്ധ്യഭാഗത്തെ തൂണ്, നീണ്ട കാലത്തെ മണലെടപ്പ് മൂലമുണ്ടായ ബലക്ഷയം കാരണം രണ്ട് സ്പാനുകൾ നിലംപതിച്ചു. തുടർന്നും പതിവിൽ കൂടുതൽ ജനങ്ങളുടെ സാന്നിധ്യം കാണാമായിരുന്നു എന്നാൽ, തൃശൂർ പൂരത്തിന് ദൂര ദിക്കിൽ നിന്നും ഇരുചക്ര വാഹനത്തിൽ എത്തിയ രണ്ട് യുവാക്കൾ, പാലം മാറി കയറി അപകടം സംഭവിച്ചപ്പോൾ പാലത്തിന്റെ രണ്ട് പുറത്തെയും കവാടങ്ങൾ അടച്ചു.

2009 മുതൽ പഴയ കൊച്ചി പാലം സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് റിട്ടയേർഡ് ഹോണററി ക്യാപ്റ്റൻ കെ. ജി. ചന്ദ്രശേഖരൻ അധ്യക്ഷനായ പഴയ കൊച്ചിൻ പാലം പുരാവസ്തു സംരക്ഷണ സമിതി ചെറുതുരുത്തിയിൽ പ്രവർത്തിച്ചിരുന്നു. ഇതിനിടയിൽ പ്രദേശത്തെ ചില കച്ചവട ലോബികൾ ഗവർൺമെൻറിൽ സ്വാധീനം ചെലുത്തി പഴയ കൊച്ചി പാലം പൊളിച്ച് കൊണ്ട് പോകുവാനുള്ള നീക്കങ്ങൾ ആരംഭിച്ചിരുന്നു. മുപ്പത് ലക്ഷം രൂപയുടെ ടെൻഡർ നടപടികൾ പൂർത്തിയാക്കി തിരുവനന്തപുരത്ത് നിന്നും പൊതു മരാമത്ത് വകുപ്പ് ചീഫ് എൻഞ്ചിനീയറുടെ അനുമതിക്കായ് കാത്ത് നിൽക്കുമ്പോൾ, ഇത് മനസിലാക്കിയ ഷൊർണൂരിലെ ഫ്രീലാൻസ് ജർണലിസ്റ്റായ പ്രസാദ് കെ ഷൊർണൂർ വിഷയത്തെ ആസ്പദമാക്കി ഒരു വാർത്ത 2016 ജൂലായ് 14 ന് ദി ന്യു ഇന്ത്യൻ എക്സ്പ്രസ്സിലൂടെ പുറത്ത് കൊണ്ട് വന്നു.

ഫേസ്ബുക്കിൽ സജീവമായ ഈ വിഷയത്തിൽ പാലക്കാട് നിന്നും പൊതു പ്രവർത്തകനായ ബോബൻ മാട്ടുമന്ത, 2016 ജൂലായ് 17 ന് പഴയ കൊച്ചി പാലം സംരക്ഷിക്കുവാൻ രേഖാമൂലം പരാവസ്തു വകുപ്പിനെ സമീപിച്ചു. ഇത് പ്രകാരം ആർക്കിയോളോജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ തൃശൂർ സർക്കിൾ ഓഫീസ് ഇതിലിടപ്പെടുകയും, പാലം പൊളിക്കുവാനുള്ള ടെൻഡർ നടപടികൾ മരവിപ്പിക്കുകയും ചെയ്തു. തുടർന്ന് സൂപ്പർഇൻട്ടെൻഡെന്റ് സ്മിത എസ് കുമാറിന്റെ നേതൃത്വത്തിൽ പാലം സന്ദർശിച്ച് പരിശോധന നടത്തുകയും, 2016 ആഗസ്റ്റ് 11 ന് പഴയ കൊച്ചി പാലം സംരക്ഷിച്ച് നിലനിർത്തണമെന്ന റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കുകയും ചെയ്തു. എന്നാൽ സർക്കാർ നടപടികളുടെ കാലതാമസത്താൽ 2018 ലെ മഹാപ്രളയം അതിജീവിച്ച പഴയ കൊച്ചി പാലം, 2019 ലെ പ്രളയത്തിൽ ഒരു സ്പാൻ കൂടി ചരിഞ്ഞു.

പ്രപഞ്ചത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളുടെയും മനുഷ്യന്റെ ഭൂതകാല പ്രവർത്തികളുടെയും രേഖപ്പെടുത്തലാണ് ചരിത്രം. ആധുനിക കാലത്തിന്റെ സൗകര്യങ്ങളിൽ നമ്മൾ ഇന്ന് ജീവിക്കുന്നത് പിൻമുറക്കാർ കടന്ന് വന്ന ഒരുപാട് ചരിത്രങ്ങളിലൂടെയാണ്. അത്തരം കാലത്തിന്റെ പ്രതാപങ്ങൾ പുതിയ തലമുറക്ക് നൽകുവാൻ കഴിയുന്നത് ശേഷിക്കുന്ന ചരിത്ര സ്മാരകങ്ങളിലുടെയാണ്. അത് കൊണ്ട് തന്നെ കൊച്ചിൻ ബ്രിഡ്ജ് ഷൊർണൂർ കൊച്ചി മഹാരാജാവ് രാമവർമ്മ പതിനഞ്ചാമന്റെ സ്മരണാർത്ഥം സംരക്ഷിച്ച് നിലനിർത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാകുന്നു.

തെയ്യാറാക്കിയത്
പ്രസാദ് കെ ഷൊർണൂർ

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button