HealthUncategorized

വേനൽക്കാലമാണ്, ഈ അഞ്ച് അസുഖങ്ങള്‍ സൂക്ഷിക്കണം

important summer tips make sure your drinking water is clean other wise these diseases will infect

വേനൽക്കാലം പലപ്പോഴും രോഗങ്ങളുടെ കാലവുമായി മാറാറുണ്ട്. മോശം വെള്ളവും, വൃത്തിയില്ലായ്മയുമായിരിക്കും ഇവയുടെ പ്രധാന കാരണങ്ങൾ. ശുദ്ധ ജലത്തിന്റെ ലഭ്യത കുറവായതിനാൽ ജലജന്യ രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. മഞ്ഞപിത്തത്തിന് കാരണമാകുന്ന ഹെപ്പറ്റൈറ്റീസ്-എ, ഹെപ്പറ്റൈറ്റിസ് ഇ, കോളറ, ടൈഫോയിഡ്, ഷിഗല്ല തുടങ്ങിയ അസുഖങ്ങളും ഇത്തരത്തിൽ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ഉയർന്ന ചൂടും കാറ്റും ഉള്ളതിനാൽ  ദാഹം തോന്നിയില്ലെങ്കിലും വെളളം കുടിക്കണം.

ഭക്ഷണത്തിൻറെ കാര്യത്തിൽ

ചൂട് കാലത്ത് ഭക്ഷണം പെട്ടന്ന് കേടാകാൻ സാധ്യതയുള്ളതിനാൽ പ്രത്യേകം ശ്രദ്ധിക്കാം. രുചിയിലോ മണത്തിലോ സംശയമുള്ള ഭക്ഷണങ്ങൾ കഴിക്കരുത്. കുടിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പ് വരുത്തണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണം. പുറത്ത് പോകുമ്പോൾ കുടിക്കുന്നതിന് തിളപ്പിച്ചാറിയ വെള്ളം കരുതാം.

ഭക്ഷണപാനീയങ്ങൾ ഈച്ച കടക്കാതെ അടച്ചു സൂക്ഷിക്കണം ഒപ്പം ഭക്ഷണം പാചകം ചെയ്യാനും കഴിക്കാനും ഉപയോഗിക്കുന്ന പാത്രങ്ങൾ ശുദ്ധജലത്തിൽ മാത്രം കഴുകുക. പാനീയങ്ങളിൽ ശുദ്ധജലം ഉപയോഗിച്ച് തയ്യാറാക്കിയ ഐസ് മാത്രം ചേർക്കുക. കുടിവെള്ള സ്രോതസുകളിൽ മലിന ജലം കലരുന്നത് ഒഴിവാക്കണം. കിണറുകളും കുടിവെള്ള സ്രോതസുകളും കൃത്യമായ ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യണം. മലിനജലം കലർന്നിട്ടുണ്ടെങ്കിൽ സൂപ്പർ ക്ലോറിനേഷൻ നടത്തണം.

കുട്ടികൾ മണ്ണിൽ കളിച്ചാൽ 

കുട്ടികളുടെ കാര്യത്തിലാണ് ഇക്കാലയളവിൽ ശ്രദ്ധ കൂടുതൽ വേണ്ടത്. മലമൂത്ര വിസർജനത്തിനു ശേഷം കൈകൾ സോപ്പുപയോഗിച്ച് കഴുകുക. കൈകളിലെ നഖം വെട്ടി വൃത്തിയായി സൂക്ഷിക്കുക. കുട്ടികൾ മണ്ണിൽ കളിച്ചാൽ കൈകൾ സോപ്പുപയോഗിച്ച് കഴുകുക. മലമൂത്ര വിസർജ്ജനം കക്കൂസിൽ മാത്രം നടത്തുക. ഈച്ചശല്യം ഒഴിവാക്കുക. വീടിന്റെ പരിസരത്തും പൊതുസ്ഥലങ്ങളിലും മാലിന്യം കുന്നുകൂടാതെ ശ്രദ്ധിക്കുക.

പൊതു ടാപ്പുകളും പരിസരവും വൃത്തിയായി സൂക്ഷിക്കുക. കൊതുകിന്റെ ഉറവിടമാകാതിരിക്കാൻ വീട്ടിനകത്തും പുറത്തും വെള്ളം കെട്ടി നിർത്തരുത്. കുട്ടികൾക്ക് വയറിളക്ക രോഗങ്ങളുണ്ടായാൽ വളരെ ശ്രദ്ധിക്കണം. നിർജലീകരണം ഉണ്ടാകാതിരിക്കാൻ ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, ഒ.ആർ.എസ്. എന്നിവ ഇടയ്ക്കിടയ്ക്ക് നൽകണം. വയറിളക്ക രോഗമുള്ളപ്പോൾ ഒ.ആർ.എസിനൊപ്പം ഡോക്ടറുടെ നിർദേശാനുസരണം സിങ്കും നൽകേണ്ടതാണ്. വയറിളക്കം കുറഞ്ഞില്ലെങ്കിൽ എത്രയും വേഗം വൈദ്യ സഹായം തേടണം.

വയറിളക്കം വന്നാൽ

വയറിളക്ക രോഗങ്ങളുള്ള രോഗി ഉപയോഗിച്ച ശുചിമുറി അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കിയതിന് ശേഷം മാത്രം മറ്റുള്ളവർ ഉപയോഗിക്കണം. രോഗി ഭക്ഷണം പാചകം ചെയ്യുകയോ ഭക്ഷണ പാനീയങ്ങൾ കൈകാര്യം ചെയ്യുകയോ പാടില്ല. കുഞ്ഞുങ്ങളുടെ വിസർജ്യം ശുചിമുറിയിൽ മാത്രം കളയുക. കുഞ്ഞുങ്ങളെ മലവിസർജനത്തിന് ശേഷം ശുചിമുറിയിൽ മാത്രം കഴുകിക്കുക. കഴുകിച്ച ശേഷം കൈകൾ സോപ്പുപയോഗിച്ച് കഴുകുക. ഉപയോഗശേഷം ഡയപ്പറുകൾ വലിച്ചെറിയാതെ ആഴത്തിൽ കുഴിച്ചിടുക.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button