Kerala

ജനങ്ങൾ സഹകരിച്ചില്ലെങ്കിൽ’ വീണ്ടും ലോക്ക് ഡൗൺ വേണ്ടി വരു; ആരോഗ്യമന്ത്രി

If people do not cooperate, come back to the lockdown; Minister of Health

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗമാണെന്നും ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്നും കെ കെ ശൈലജ. ലോക്ക് ഡൗൺ ഒഴിവാക്കാനാണ് ശ്രമിക്കുന്നതെന്നും എന്നാൽ ജനങ്ങള്‍ സഹകരിച്ചില്ലെങ്കിൽ മറ്റു വഴികള്‍ ഇല്ലാതെ വരുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയിൽ മുന്നോട്ടു പോകുന്നുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. “മറ്റൊരു സംസ്ഥാനത്തെക്കാളും കൂടുതൽ ശ്രദ്ധിക്കേണ്ട സംസ്ഥാനമാണ് കേരളം. ആ ഒരു ഗൗരവം കേരളത്തിലെ ജനങ്ങള്‍ക്ക് ഉണ്ടായിരിക്കണം.” മന്ത്രി പറഞ്ഞു.

മൂന്ന് ഘടകങ്ങളാണ് സംസ്ഥാനത്ത് ഭീഷണിയാകുന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. “പ്രായമായവരുടെ ജനസംഖ്യ കൂടുതലുള്ള ഭൂപ്രദേശമാണ് കേരളം.” രാജ്യത്തു തന്നെ ജനസംഖ്യയിൽ പ്രായമായവരുടെ ശതമാനം ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളമെന്നും ജനസംഖ്യയുടെ 15 ശതമാനം 60 വയസ്സിനു മുകളിൽ പ്രായമുള്ളവരാണെന്നും മന്ത്രി പറഞ്ഞു. “പത്തനംതിട്ട ജില്ലയിൽ ഇത് 18 ശതമാനം വരെയാണ്.” മന്ത്രി ഓര്‍മിപ്പിച്ചു. “ഇത് നല്ലകാര്യമാണ്. പക്ഷെ പകര്‍ച്ചവ്യാധിയുടെ കാലത്ത് ശ്രദ്ധിച്ചില്ലെങ്കിൽ പ്രായമായവരിലേയ്ക്ക് രോഗം കടന്നു ചെല്ലും.”

കേരളത്തിന്റെ ജനസാന്ദ്രത ഉയര്‍ന്നതാണെന്നും ഇത് രോഗവ്യാപനം വര്‍ദ്ധിക്കാൻ ഇടയാക്കുമെന്നും മന്ത്രി പറഞ്ഞു. ചതുരശ്ര കിലോമീറ്ററിൽ 860 പേരാണ് സംസ്ഥാനത്ത് അധിവസിക്കുന്നത്. കോമോര്‍ബിഡിറ്റി അഥവാ ജീവിതശൈലി രോഗങ്ങള്‍ ഏറ്റവുമധികം ഉള്ളത് കേരളത്തിലാണെന്നും ഇത് മരണനിരക്ക് കൂടാൻ ഇടയാക്കുമെന്നും മന്ത്രി ഓര്‍മിപ്പിച്ചു. ലോകത്തെ പല രാജ്യങ്ങളും വീണ്ടും ലോക്ക് ഡൗണിലേയ്ക്ക് പോകുകയാണെന്ന് ചൂണ്ടിക്കാട്ടിയ ആരോഗ്യമന്ത്രി ആ സാഹചര്യം നമുക്ക് പാഠമാകണെന്ന് ആവശ്യപ്പെട്ടു. എല്ലാവര്‍ക്കും കൊവിഡ് വന്നു പൊയ്ക്കോട്ടെ എന്ന നിലപാടല്ല സര്‍ക്കാര്‍ സ്വീകരിച്ചത്. “ഇസ്രയേൽ, ഇംഗ്ലണ്ട്, ഫ്രാൻസ്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങള്‍ കടുത്ത ഷട്ട് ഡൗണിലേയ്ക്ക് പോകാൻ തുടങ്ങിയിരിക്കുന്നു”. മന്ത്രി പറഞ്ഞു. “നിസ്സാരമായി തള്ളിക്കളയേണ്ടതല്ല, ഗൗരവത്തോടെ കാണേണ്ടതാണ് കൊവിഡ് 19.” ആരോഗ്യമന്ത്രി വ്യക്തമാക്കി.

യുവാക്കള്‍ക്ക് കൊവിഡ് ബാധിക്കില്ലെന്ന ധാരണ തെറ്റാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 656 പേരാണ് കൊവിഡ് 19 ബാധിച്ചു മരിച്ചത്. ഇതിൽ 72 ശതമാനം പേരും 60 വയസ്സിനു മുകളിലുള്ളവരാണ്. എന്നാൽ മരിച്ചവരിൽ 28 ശതമാനം പേര്‍ ചെറുപ്പക്കാരാണെന്ന് മന്ത്രി ഓര്‍മിപ്പിച്ചു. “അതുകൊണ്ട് ചെറുപ്പക്കാരെ കൊവിഡ് മരണം കീഴടക്കില്ല എന്ന ചിന്തയുണ്ടെങ്കിൽ അത് തെറ്റാണ്.” മന്ത്രി വ്യക്തമാക്കി. ഏറ്റവുമധികം രോഗം ബാധിച്ചത് 20 വയസ്സ് മുതൽ 40 വയസ്സു വരെ പ്രായമുള്ളവരിലാണെന്നും “കൊവിഡ് ഏറ്റവുമധികം പരത്തുന്നത് ചെറുപ്പക്കാരാ”ണെന്നും മന്ത്രി വ്യക്തമാക്കി.

രോഗമുക്തി നിരക്കിൽ കേരളം പിന്നിലാണെന്ന ആരോപണം ശരിയല്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. മരണനിരക്ക് ഭീതിയുണ്ടാക്കുന്ന അവസ്ഥയിലല്ല. മറ്റു സംസ്ഥാനങ്ങളിൽ മരണനിരക്ക് കേരളത്തെ അപേക്ഷിച്ച് വളരെ കൂടുതലാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് 19 പരിശോധന വര്‍ധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button