ഇടുക്കി രാജമല പെട്ടിമുടി ദുരന്തം: പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി; മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും സഹായധനം പ്രഖ്യാപിച്ചു
Idukki Rajamala Pettimudi tragedy: PM expresses grief; Grants were announced for the dead and injured
ന്യൂഡല്‍ഹി: ഇടുക്കി രാജമല പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. രാജമലയിലെ മണ്ണിടിച്ചില്‍ മൂലം ജീവനുകള്‍ നഷ്ടപ്പെട്ടത് വേദനയുളാക്കുന്നു. ദുഃഖിതരായ കുടുംബങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു. പരിക്കേറ്റവര്‍ പെട്ടെന്ന് സുഖം പ്രാപിക്കട്ടെ, ദുരിതബാധിതര്‍ക്ക് സഹായം നല്‍കികൊണ്ട് ദേശീയ ദുരന്ത നിവാരണ സേനയും ഭരണകൂടവും പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ വ്യക്തമാക്കി.
ദുരന്തത്തില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും പ്രധാനമന്ത്രി സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ വീതം നല്‍കും. മണ്ണിടിച്ചിലില്‍ പരിക്കേറ്റവര്‍ക്ക് 50,000 രൂപയുമാണ് നല്‍കുക. പ്രധാനമന്ത്രി ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്.
പെട്ടിമമുടിയിലെ ലയങ്ങള്‍ക്ക് മുകളിലേക്കാണ് മണ്ണിടിഞ്ഞത്. 80-ഓളം പേര്‍ മണ്ണിനടിയില്‍പ്പെട്ടിരുന്നു. ഇതില്‍ 14 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. 12 പേരെ രക്ഷപ്പെടുത്തി. ബാക്കിയുള്ളവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.