Kerala

ഇടുക്കി ഡാം തുറക്കും, ബാണാസുര സാഗര്‍ ഡാമില്‍ റെഡ് അലേര്‍ട്ട്

Idukki Dam to be opened, Banasura Sagar Dam on red alert

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ട് ഇന്ന് തുറക്കും. വയനാട് ബാണാസുര സാഗര്‍ ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് തുറക്കാനും സാധ്യതയുണ്ട്.

ഇടുക്കി അണക്കെട്ട് തുറന്നാല്‍ ആദ്യം വെള്ളമെത്തുന്നത് ചെറുതോണി ടൗണിലാണ്. ഡാം തുറന്ന് 50 ക്യൂസെക്സ് വെള്ളം ഒഴുക്കും. പെരിയാറിന്റെ ഇരുകരയിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് അറിയിച്ചു. ഡാം തുറന്നു കഴിഞ്ഞാല്‍ അഞ്ചു മുതല്‍ എട്ടു മണിക്കൂറില്‍ വെള്ളം ആലുവാപ്പുഴയിലൂടെ ഏലൂരിലെത്തുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

ഒഴുക്കുന്ന ജലത്തിന്റെ അളവ്, ഷട്ടര്‍ എത്ര സമയം തുറന്നു, പെരിയാറിന്റെ ജലനിരപ്പ് ഇവയുടെ എല്ലാം അടിസ്ഥാനത്തില്‍ സമയം വ്യത്യാസപ്പെട്ടിരിക്കുമെന്നും പറയുന്നു. നിലവിലെ ജലനിരപ്പ് 2382.88 അടിയാണ്. അര കൂടി ഉയര്‍ന്നാല്‍ റൂള്‍ കര്‍വ് പരിധിയിലെത്തും. 2403 അടിയാണ് ഇടുക്കി ഡാമിന്റെ പരമാവധി സംഭരണ ശേഷി. റെഡ് അലേര്‍ട്ട് 2382.53 ആയാണ് നിശ്ചയിച്ചിരിക്കുന്നത്. വൃഷ്ടിപ്രദേശത്തു മഴ തുടരുന്നതിനാലും മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നുള്ള അധിക ജലം ഒഴുക്കി വിടുന്നതിനാലും ഇതിനകം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതിനാലും ഏതു സമയത്തും ഡാം തുറക്കേണ്ട സാഹചര്യമുണ്ടാകും. ഇത് മുന്‍കൂട്ടി കണ്ടാണ് ജില്ലാ ഭരണകൂടം പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ആര്‍ച്ച് ഡാം ആയ ഇടുക്കി ജല വൈദ്യുതി പദ്ധതിയുടെ ഭാഗമായ ചെറുതോണി ഡാമില്‍ നിന്നാണ് വെള്ളം തുറന്നു വിടുക. ഇവിടെ മാത്രമാണ് വെള്ളം തുറന്നു വിടാന്‍ സംവിധാനമുള്ളത്. ഇടുക്കി ആര്‍ച്ച് ഡാമിനും പദ്ധതിയുടെ മൂന്നാമത്തെ അണക്കെട്ടായ കുളമാവ് ഡാമിനും ഷട്ടറില്ല. ചെറുതോണി ഡാമിന്റെ ഷട്ടര്‍ തുറന്നാല്‍ സ്പില്‍വേയിലൂടെ ഒഴുകി ചെറുതോണി പുഴയിലേക്ക് എത്തുന്ന വെള്ളം വെള്ളക്കയത്ത് വെച്ച് പെരിയാറില്‍ ചേരും.

തടിയമ്പാട്, കരിമ്പന്‍ ചപ്പാത്തുകളിലൂടെയും ചേലച്ചുവട്, കീരിത്തോട്, പാബ്ല വനമേഖലയിലൂടെയും നാട്ടിന്‍പുറങ്ങളിലൂടെയും ഒഴുകി എറണാകുളം ജില്ലാ അതിര്‍ത്തിയായ ലോവര്‍ പെരിയാര്‍ പാംബ്ല അണക്കെട്ട് വഴി നേര്യമംഗലം, ഭൂതത്താന്‍കെട്ട്, ഇടമലയാര്‍ വഴി മലയാറ്റൂര്‍, കാലടി എന്നീ ഭാഗങ്ങളിലെത്തും. എറണാകുളം ജില്ലയിലെ ആലുവ, ചെങ്ങമനാട് പഞ്ചായത്തിലെ തുരുത്ത്, കീഴ്മാട് പഞ്ചായത്തിലെ തോട്ടുമുഖം, മുളവുകാട് പഞ്ചായത്ത്, പനമ്പുകാട്, വല്ലാര്‍പാടം, മുളവുകാട്, പൊന്നാരിമംഗലം എന്നിവിടങ്ങളില്‍ വെള്ളമെത്തും. വന്‍തോതില്‍ ജലമെത്തിയാല്‍ നെടുമ്പാശേരി വിമാനത്തില്‍ ഉള്‍പ്പെടെ വെള്ളം കയറുന്ന സാഹചര്യമുണ്ടാകാം. ആലുവാപ്പുഴയില്‍ എത്തുന്ന വെള്ളം അറബിക്കടലിലേക്ക് എത്തും. കടല്‍ കയറി നില്‍ക്കുന്ന സമയമാണെങ്കില്‍ കൂടുതല്‍ കരപ്രദേശങ്ങളിലൂടെ പരന്ന് ഒഴുകാനുള്ള സാധ്യതയുണ്ട്.

ബാണാസുര സാഗര്‍ ജലസംഭരണിയില്‍ ജലനിരപ്പ് 773.50 മീറ്റര്‍ എത്തിയ സാഹചര്യത്തില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. അര മീറ്റര്‍ കൂടി ഉയര്‍ന്നാല്‍ ജലസംഭരണിയുടെ ഇന്നത്തെ അപ്പര്‍ റൂള്‍ ലെവലായ 774 മീറ്ററില്‍ എത്തും. ഈ സാഹചര്യത്തില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്കു ശേഷം ഷട്ടറുകള്‍ തുറന്ന് അധികജലം കാരമാന്‍ തോടിലേക്ക് ഒഴുക്കി വിടാന്‍ സാധ്യതയുണ്ട്. സെക്കന്റില്‍ 8.5 ക്യുബിക് മീറ്റര്‍ പ്രകാരം 35 ക്യുബിക് മീറ്റര്‍ വരെ വെള്ളം ഘട്ടംഘട്ടമായി ഒഴുക്കി വിടും. പുഴയിലെ ജലനിരപ്പ് 10 മുതല്‍ 15 സെന്റീമീറ്റര്‍ വരെ ഉയരാന്‍ സാധ്യത ഉള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button