ഇന്ത്യയിൽ കൊവിഡ് മുക്തരായവർക്ക് വീണ്ടും രോഗബാധ കണ്ടെത്തിയതായി ഐസിഎംആർ
ICMR finds re-infection of Kovid-free patients in India
ന്യൂഡല്‍ഹി: കൊവിഡ് മുക്തരായ ആളുകൾക്ക് വീണ്ടും രോഗബാധയുണ്ടാകുമോയെന്ന ചോദ്യം വൈറസ് വ്യാപനത്തിന് പിന്നാലെ തന്നെ ആരംഭിച്ചിരുന്നു. ചില ഒറ്റപ്പെട്ട സംഭവങ്ങൾ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്തതോടെ രോഗമുക്തി നേടിയവരിലും ഇത്തരം ആശങ്കയും ഉണർന്നു. ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് മേധാവി ബല്‍റാം ഭാർഗവ.
ഇന്ത്യയില്‍ മൂന്ന് പേര്‍ക്കെങ്കിലും രണ്ടാമതും കൊവിഡ് ബാധിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. മുംബൈയില്‍ രണ്ട് പേര്‍ക്കും അഹമ്മദാബാദില്‍ ഒരാള്‍ക്കും കൊവിഡ് ഭേദമായ ശേഷവും രോഗം റിപ്പോര്‍ട്ട് ചെയ്തുവെന്നാണ് ഐസിഎംആര്‍ മേധാവി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലോകമെമ്പാടും 24 പേര്‍ക്ക് രണ്ടാമതും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേയും റിപ്പോർട്ട് ചെയ്യുന്നു.
കൊവിഡ് മുക്തമായവര്‍ക്ക് എത്ര ദിവസം കഴിഞ്ഞാല്‍ വീണ്ടും വൈറസ് ബാധിക്കാനുള്ള സാധ്യതയുണ്ട് എന്നകാര്യത്തില്‍ ഗവേഷകര്‍ക്ക് ഇതുവരെ വ്യക്തമായ ധാരണ ലഭിച്ചിട്ടില്ലെന്നും ഐസിഎംആർ മേധാവി ഭാർഗവ പറഞ്ഞു. കൊവിഡ് രോഗബാധിതനായി ഒരു വ്യക്തിയില്‍ ആന്റി ബോഡികള്‍ വികസിക്കുകയും അത് അവരെ വൈറസിനെതിരെ പോരാടാന്‍ സഹായിക്കുകയും ചെയ്യും. എന്നാല്‍, ഈ ആന്‍റി ബോഡികളുടെ ആയുസ് വളരെ കുറവാണെന്നാണ് കരുതപ്പെടുന്നത്.
‘ആന്‍റി ബോഡികളുടെ ആയുസ് 100 ദിവസമോ 90 ദിവസമോ ആണ്. ഇക്കാര്യത്തില്‍ ഇതുവരെ ലോകാരോഗ്യ സംഘടന കൃത്യമായ നിഗമനത്തില്‍ എത്തിയിട്ടില്ല. എന്നിരുന്നാലും, ഏകദേശം 100 ദിവസമായി ഞങ്ങള്‍ കണക്കാക്കുന്നു.’ ഐസിഎംആര്‍ മേധാവി പറഞ്ഞു. വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ രാജ്യത്ത് ഇതിനോടകം 62 ലക്ഷം ആളുകൾക്ക് കൊവിഡ് മുക്തി ലഭിച്ചെന്ന് വ്യക്തമാക്കി. ലോകത്തിൽ തന്നെരോഗമുക്തിയുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് നിലവിൽ 9 ലക്ഷത്തിൽ താഴെ ആക്ടീവ് കേസുകൾ മാത്രമാണുള്ളത്.