‘ശബരിമലയില്‍ പോകാന്‍ ആഗ്രഹിച്ചതല്ല’; ബിന്ദു അമ്മിണി
'I did not want to go to Sabarimala'; Bindu Ammini
കോഴിക്കോട്: ശബരിമലയില്‍ ഇനിയും പോകുമോയെന്ന ചോദ്യത്തിന് മറുപടിയുമായി ബിന്ദു അമ്മിണി. താന്‍ സംഘപരിവാര്‍ അഴിഞ്ഞാട്ടത്തിന് ഇരയാകുകയാണെന്ന് ബിന്ദു അമ്മിണി ആരോപിച്ചു. എന്നാല്‍, ശബരിമലയില്‍ പോകാന്‍ ആഗ്രഹിച്ചതല്ലെന്നും പോയതില്‍ പശ്ചാത്താപമില്ലെന്നും ബിന്ദു അമ്മിണി പറഞ്ഞു.
‘സംഘപരിവാര്‍ അഴിഞ്ഞാട്ടം കണ്ടപ്പോള്‍ സ്ത്രീകളുടെ ആത്മാഭിമാനം സംരക്ഷിക്കാനാണ് പോയത്. ഇനി പോകാന്‍ ആഗ്രഹമില്ല’, ബിന്ദു അമ്മിണി വ്യക്തമാക്കി. സംഘപരിവാര്‍ വേട്ടയ്‌ക്കെതിരെ പരാതി നല്‍കിയിട്ടും പോലീസ് നടപടിയില്ലെന്ന് ബിന്ദു അമ്മിണി ആരോപിച്ചു.
‘ശബരിമലയില്‍ സുപ്രീം കോടതി വിധി നടപ്പാക്കാന്‍ മാത്രമാണ് പോയത്. ആ സമയത്ത് അത് അനിവാര്യമായിരുന്നു. അതിന്റെ പേരില്‍ മാധ്യമങ്ങളിലൂടെയും ഫോണിലൂടെയും വധഭീഷണി വരെ ഉണ്ടായിരുന്നു’, ബിന്ദു അമ്മിണി വ്യക്തമാക്കി.
‘ദിലീപ് വേണുഗോപാല്‍ എന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കഴിഞ്ഞ 18 ന് ഫോണില്‍ വധഭീഷണി മുഴക്കി. ആസിഡ് ഒഴിച്ച് കത്തിക്കുമെന്നാണ് ഭീഷണി മുഴക്കിയത്. പോലീസ് പരാതി പോലും സ്വീകരിക്കുന്നില്ല. പ്രതികളെ കുറിച്ച് പോലീസ് അന്വേഷിക്കുന്നുമില്ല. പരാതി നല്‍കാന്‍ എത്തിയാല്‍ പോലീസ് തന്നെ ബുദ്ധിമുട്ടിക്കുകയാണ്’, ബിന്ദു ആരോപിച്ചു.
‘വധഭീഷണി നടത്തുന്നവരെ കുറിച്ച് വ്യക്തമായ വിവരം നല്‍കിയിട്ടും പോലീസ് അവഗണിക്കുകയാണ്. ഒരാഴ്ചയ്ക്കുള്ളില്‍ നടപടി ഉണ്ടായില്ലെങ്കില്‍ കൊയിലാണ്ടി പോലീസ് സ്‌റ്റേഷന് മുന്നില്‍ സത്യാഗ്രഹം തുടങ്ങും. ദളിത് അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണ്. പോലീസ് പ്രതികളെ സംരക്ഷിക്കുകയാണെന്ന്’ ബിന്ദു അമ്മിണി പറഞ്ഞു.
‘സുപ്രീം കോടതി ഉത്തരവ് ഉണ്ടായിട്ടും പോലീസ് സംരക്ഷണം നല്‍കുന്നില്ല. കോടതി ഉത്തരവ് പാലിക്കാത്ത കൊയിലാണ്ടി പോലീസിനെതിരെ കോടതിയലക്ഷ്യ കേസ് എടുക്കും. തന്റെ പരാതിയില്‍ നടപടിയുണ്ടെങ്കില്‍ ശനിയാഴ്ച മുതല്‍ നിരാഹാരസമരം ആരംഭിക്കുമെന്നും’ ബിന്ദു അമ്മിണി മാധ്യമങ്ങളോട് പറഞ്ഞു.