ശീലങ്ങൾ മാറ്റി എങ്ങിനെ പ്രതിരോധ ശക്തി വർദ്ധിപ്പിക്കാം
How to change habits and increase immunity
ആരോഗ്യം മികച്ച സന്പത്താണ്, നല്ല ആരോഗ്യമുള്ള ശരീരത്തിന് പ്രതിരോധ ശക്തി നിർബന്ധവുമാണ്. രോഗങ്ങളെ അകറ്റി നിർത്തി ഊർജ്ജസ്വലമായി തുടരുവാൻ പ്രതിരോധ ശേഷിയുള്ള ശരീരത്തിന് മാത്രമേ കഴിയൂ. എന്നാൽ രോഗം വന്ന ശേഷം ചികിത്സിക്കാനായി പോകുന്നവരാണ് നമ്മളിൽ പലരും. അല്പം ശ്രദ്ധിച്ചാൽ രോഗം വരാനുള്ള സാധ്യതയെ ഇല്ലാതാക്കാൻ കഴിയും. ജീവിത ചര്യകളിലും ഭക്ഷണ രീതികളിലും ചെറിയ മാറ്റങ്ങൾ കൊണ്ടുവരുന്നത് വർധിപ്പിക്കും.
കൊവിഡ് 19 പടർന്നു പിടിക്കുമ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് പ്രതിരോധ ശേഷി. പ്രതിരോധ ശക്തി കുറഞ്ഞ ഒരു ശരീരത്തിലേക്ക് വൈറസിന് കയറിപ്പറ്റാൻ വളരെ എളുപ്പമാണ്. വേണ്ടത്ര മുൻകരുതലുകൾ എടുക്കുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, വ്യായാമം ചെയ്യുക എന്നതിനോടൊപ്പം പ്രതിരോധ ശേഷി വർദ്ധിപ്പിക്കുക എന്ന കാര്യത്തിന് കൂടി പരിഗണന നൽകേണ്ടതുണ്ട്. അതുകൊണ്ടാണ് ഈ കൊറോണക്കാലത്ത് വൈറസ് ബാധ തടയാൻ പ്രതിരോധ ശക്തി കൂട്ടുക എന്നതാണ് മികച്ച മാർഗ്ഗമെന്ന് ആരോഗ്യ പ്രവർത്തകരടക്കം നിർദ്ദേശിക്കുന്നത്.
പല കാരണങ്ങൾ കൊണ്ടും പ്രതിരോധ ശേഷി കുറയാം. അതിൽ പ്രധാനപ്പെട്ട കാരണങ്ങൾ ഇനി പറയുന്നവയാണ്: നിർജ്ജലീകരണം, പോഷകാഹാരക്കുറവ്, വീക്കം, ക്ഷീണം, വ്യായാമക്കുറവ്, അനാരോഗ്യപരമായ ശീലങ്ങൾ എന്നിവയാണ് പ്രതിരോധ ശേഷി കുറയുന്നതിനും ജീവിതശൈലീ രോഗങ്ങൾ ബാധിക്കുന്നതിനുമുള്ള ചില കാരണങ്ങൾ. ഇത് കൂടാതെ, പുതിയ കാലത്ത് മിക്കവരുടെയും ഉത്കണ്ഠയും സമ്മർദ്ദ നിലയും ഉയർന്ന നിലയിലാണ്. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്.
കഴിക്കുമ്പോൾ വയറ് നിറച്ച് കഴിക്കുക എന്നതാണ് നാം ഇതുവരെ പിന്തുടർന്ന് പോന്നിരുന്ന ശീലം. എന്നാൽ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിൽ അല്ല കാര്യം. അതിന്റെ പോഷക ഗുണങ്ങളിലാണ്. കുറെയധികം ഭക്ഷണങ്ങൾ കഴിച്ചതുകൊണ്ട് പ്രതിരോധ ശേഷി കൈവരില്ല. ഇതിനായി ധാരാളം വിറ്റാമിനുകളും മിനറൽസുമടങ്ങിയ ആഹാര സാധനങ്ങൾ നിശ്ചിത അളവിൽ കഴിക്കാൻ ശ്രദ്ധിക്കണം. പോഷകങ്ങൾ അടങ്ങിയ ഭക്ഷണം എങ്ങനെ കഴിക്കുന്നു എന്നതും വളരെ പ്രധാനമാണ്. ഉദാഹരണത്തിന്, ചെറു മത്സ്യങ്ങൾ ആരോഗ്യപ്രദമാണ്. എന്നാൽ ഇവ ഒരുപാട് എണ്ണയിൽ മൊരിച്ചെടുത്ത് കഴിക്കുന്നത് ദോഷകരമാണ്. ഇതിലടങ്ങിയ പോഷക ഗുണങ്ങൾ കുറയ്ക്കാനും ഇങ്ങനെ ചെയ്യുന്നത് കാരണമാകും.
പ്രതിരോധ ശേഷിയ്ക്കുള്ള അടിസ്ഥാന കാര്യങ്ങൾ ശരീരത്തിന് നല്ല പ്രതിരോധശേഷി ലഭിക്കാനായി ചില അടിസ്ഥാന കാര്യങ്ങളുണ്ട്. കുറഞ്ഞത് എട്ട് മണിക്കൂർ ഉറക്കം, ദിവസവും എട്ട് മുതൽ 10 ഗ്ലാസ് വെള്ളം, സമീകൃതാഹാരം, ദൈനംദിന വ്യായാമം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇവയിൽ ഏതെങ്കിലും കാര്യങ്ങൾ കൃത്യമായി നടക്കുന്നില്ലെങ്കിൽ ഇത് ശരീരത്തെ പ്രതികൂലമായി ബാധിക്കും. അതിനാൽ ഈ അടിസ്ഥാന കാര്യങ്ങളെല്ലാം കൃത്യമായി പിന്തുടർന്നാൽ പ്രതിരോധശേഷി കൂട്ടുന്നതിനെക്കുറിച്ച് ആകുലപ്പെടേണ്ടതില്ല. വിറ്റാമിൻ എ, അയഡിൻ എന്നിവയുടെ കുറവ് നമ്മുടെ ശരീരത്തിൽ ചില വിറ്റാമിനുകളുടെ കുറവ് പ്രതിരോധ ശക്തിയെ ദോഷകരമായി ബാധിക്കും.
വിറ്റാമിൻ എ, അയഡിൻ പോലുള്ള മൈക്രോ ന്യൂട്രിയന്റുകളുടെ കുറവ് പ്രതിരോധ ശക്തി ഇല്ലാതാക്കും. ലോകമെമ്പാടും, രണ്ട് ബില്ല്യണിലധികം ആളുകൾ മൈക്രോ ന്യൂട്രിയന്റ് കുറവ് അനുഭവിക്കുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്. വിറ്റാമിൻ എ, അയഡിൻ, ഇരുമ്പിന്റെ കുറവ് എന്നിവ അത്തരം ഉദാഹരണങ്ങളാണ്. വ്യായാമം ശീലമാക്കാം പതിവായി വ്യായാമം ചെയ്യുന്നത് ആരോഗ്യ നിലവാരം ഉയർത്തും. മാത്രമല്ല നിങ്ങളുടെ മനസ്സിക ഉത്സാഹത്തെയും ചർമ സൗന്ദര്യത്തെയും വളരെയധികം സ്വാധീനിക്കും. ആഴ്ചയിൽ ഏഴു ദിവസവും വ്യായാമം ചെയ്യേണ്ട ആവശ്യമില്ല എന്നാണ് വിദഗ്ധർ പറയുന്നത്.
ആഴ്ചയിൽ അഞ്ച് ദിവസം മാത്രം വ്യായാമം ചെയ്താൽ മതിയാകും. പേശികൾക്ക് വിശ്രമം ലഭിക്കാനും കൃത്യമായി പ്രവർത്തിക്കാനും വ്യായാമത്തിന് ഇടവേള നൽകുന്നത് അത്യാവശ്യമാണ്. ശരിയായ വ്യായാമം നിങ്ങളുടെ ജീവിതത്തിന്റെ മുഴുവനായുള്ള വികസനത്തിന് സഹായകമാകും. കൃത്യമായ ആരോഗ്യ പരിശോധന നിശ്ചിത ഇടവേളകളിൽ ആരോഗ്യ പരിശോധനകൾ നടത്തുന്നത് നിങ്ങളുടെ ശരീരത്തിന്റെ നിലവിലുള്ള അവസ്ഥയെക്കുറിച്ച് അറിയാൻ സഹായിക്കും.
ശരീരത്തിൽ ഏതെല്ലാം ഘടകങ്ങൾ കുറവാണെന്നും ഏതെല്ലാം കൂടുതലാണെന്നും അറിയാൻ കഴിഞ്ഞാൽ പരിഹാര മാർഗ്ഗങ്ങൾ നേരത്തെ തുടങ്ങാം. ഇങ്ങനെ ചെയ്യുന്നത് ഭാവിയിൽ വലിയൊരു ചികിത്സ ഒഴിവാക്കാൻ ഉപകാരപ്പെടും. അതിനാൽ പരിശോധനകൾക്കായി ചെലവഴിക്കുന്ന പണം അധിക ചെലവായി കണക്കാക്കേണ്ടതില്ല. അത് നല്ല ആരോഗ്യത്തിനായി ഒരു കരുതൽ മാത്രം.