ആഭ്യന്തര മന്ത്രി അമിത് ഷായെ ശ്വാസതടസ്സമൂലം വീണ്ടും എയിംസില്‍ പ്രവേശിപ്പിച്ചു
Home Minister Amit Shah re-admitted to AIIMS due to suffocation
ദില്ലി: ആഭ്യന്തര മന്ത്രി അമിത് ഷായെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദില്ലി എയിംസാണ് അദ്ദേഹം ഇപ്പോള്‍ ഉള്ളത്. നേരത്തെ കോവിഡ് മുക്തനായ ശേഷം അമിത് ഷാ ആശുപത്രിയില്‍ നിന്ന് മടങ്ങിയതായിരുന്നു. എന്നാല്‍ ഇന്ന് രാത്രി 11 മണിയോടെ അദ്ദേഹത്തെ വീണ്ടും ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഓഗസ്റ്റ് രണ്ടിന് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 14ന് നടത്തിയ പരിശോധനയില്‍ അദ്ദേഹം നെഗറ്റീവായിരുന്നു. നാല് ദിവസങ്ങള്‍ക്ക് ശേഷം ഷായെ വീണ്ടും എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു.
കോവിഡ് മുക്തനായി തിരിച്ചെത്തിയ ശേഷം അമിത് ഷായ്ക്ക് ശ്വാസതടസ്സങ്ങള്‍ ഉണ്ടാവാറുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അദ്ദേഹം ആശുപത്രിയില്‍ തന്നെ തുടരുന്നതാണ് നല്ലതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നു. തുടര്‍ച്ചയായി അദ്ദേഹത്തെ നിരീക്ഷിക്കാനും ഡോക്ടര്‍മാര്‍ക്ക് സൗകര്യം ലഭിക്കും. നേരത്തെ നാല് ദിവസത്തോളം അദ്ദേഹത്തിന് തളര്‍ച്ചയും ശരീരവേദനയും അനുഭവപ്പെട്ടിരുന്നു. തുടര്‍ന്നാണ് കോവിഡ് മുക്തനായതിന് പിന്നാലെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. എന്നാല്‍ വീണ്ടും ഇതേ സാഹചര്യമാണ് അമിത് ഷായ്ക്ക് ഉണ്ടായിരിക്കുന്നത്.
അതേസമയം ആശുപത്രി അധികൃതര്‍ അമിത് ഷായുടെ ആരോഗ്യ നിലയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ അദ്ദേഹത്തിനില്ലെന്നാണ് സൂചന. പക്ഷേ കോവിഡിന്റെ പ്രധാന ലക്ഷണങ്ങളിലൊന്ന് ശ്വാസ തടസ്സമായത് കൊണ്ട് ആശുപത്രിയില്‍ അദ്ദേഹത്തെ വീണ്ടും പരിശോധനകള്‍ക്ക് വിധേയനാക്കും. നേരത്തെ കോവിഡ് നെഗറ്റീവായതിന് പിന്നാലെ ദൈവത്തിന് നന്ദി പറഞ്ഞ് ട്വീറ്റ് ചെയ്തിരുന്നു അമിത് ഷാ.