Kerala

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ്; കേസുകൾ സിബിഐക്ക് വിട്ട് സർക്കാർ ഉത്തരവിറക്കി

Highrich fraud case Government orders CBI probe Malayalam News

Highrich fraud case Government orders CBI probe Malayalam News

തിരുവനന്തപുരം: ഹൈറിച്ച് കമ്പനിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് സിബിഐക്ക് വിട്ട് സംസ്ഥാന സർക്കാർ. സർക്കാർ ഇത് സംബന്ധിച്ച് ഉത്തരവിറക്കി. വിവിധ തരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകൾ നടത്തിയതായി ചൂണ്ടിക്കാട്ടി ഇരുപതോളം കേസുകളാണ് ഹൈറിച്ച് കമ്പനി ഉടമകൾക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിലവിലുള്ളത്. സംസ്ഥാനത്തിനകത്ത് നിന്നും പുറത്തുനിന്നും ഏകദേശം 3141 കോടിയിലേറെ രൂപ സമാഹരിച്ചതായി സംസ്ഥാന പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

ഇക്കാര്യം മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ബഡ്സ് നിയമപ്രകാരം ഹൈറിച്ച് ഓൺലൈൻ ഷോപ്പിയുടെ പേരിലുള്ള സ്ഥാവര ജംഗമ വസ്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് കേസ് സിബിഐയ്ക്ക് വിട്ട് ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഗ്രൂപ്പ് അംഗങ്ങൾ കേസുകൾ അട്ടിമറിക്കാൻ നീക്കം നടത്തുന്നതായുള്ള വാർത്തകൾ പുറത്ത് വന്നിരുന്നു. പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് കോഴ നല്‍കി കേസുകള്‍ ഒതുക്കിതീർക്കാൻ ശ്രമിക്കുന്നുവെന്ന് വ്യക്തമാകുന്ന ഗ്രൂപ്പ് അംഗത്തിന്റെ ശബ്ദരേഖ പുറത്ത് വന്നിരുന്നു. സർക്കാർ അഭിഭാഷകന് അംഗങ്ങളിൽ നിന്ന് പിരിച്ച അഞ്ചുകോടി രൂപ കൈമാറിയെന്നാണ് ശബ്ദരേഖയിൽ പറയുന്നത്.

100 കോടി രൂപയുടെ ഹവാല കടത്തുമായി ബന്ധപ്പെട്ടാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഭവത്തിൽ കേസ് അന്വേഷിക്കുന്നത്. ഓൺലൈൻ വഴി പലചരക്ക് ഉൾപ്പെടെയുള്ള സാധനങ്ങൾ വിൽക്കുന്ന കമ്പനി ഓൺലൈൻ മണിചെയിൻ ഉൾപ്പെടെ ആരംഭിക്കുകയും ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് ജനങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിച്ച് തട്ടിപ്പു നടത്തുകയും ചെയ്തു എന്നതടക്കം ഒട്ടേറെ പരാതികളാണ് നിലവിലുള്ളത്. ഇതിനിടെ, 126 കോടി രൂപ വെട്ടിച്ചുവെന്ന് സംസ്ഥാന ജിഎസ്‍ടി വിഭാഗം കണ്ടെത്തി ഉടമയായ കെ.ഡി. പ്രതാപനെ അറസ്റ്റ് ചെയ്തു. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു. കോടതിയിൽ സമർപ്പിച്ച 12 പേജ് വരുന്ന എതിർ സത്യവാങ്മൂലത്തിൽ ഇഡി ഇക്കാര്യങ്ങൾ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വിദേശത്തേക്ക് പണം കടത്തുന്നുവെന്ന പരാതിയിൽ ഇഡി റെയ്ഡ് നടത്തിയെങ്കിലും കമ്പനി എംഡി കെഡി പ്രതാപനും ഭാര്യയും കമ്പനി സിഇഒയുമായ ശ്രീനയും രക്ഷപ്പെട്ടു. ഇതിന് പിന്നാലെ ഇവർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ, പ്രതികൾ സ്ഥിരം കുറ്റവാളികളാണെന്ന് ചൂണ്ടിക്കാട്ടിയ ഇഡി, കേരളത്തിൽ മാത്രം 19 സ്ഥലങ്ങളിൽ ഇവർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നുള്ളതിന്റെ രേഖകളും കോടതിയിൽ സമർപ്പിച്ചു. തൃശൂർ ആസ്ഥാനമായ ഹൈറിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് 1630 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് ചേർപ്പ് പോലീസ് മുൻപ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.

<https://zeenews.india.com/malayalam/kerala/highrich-fraud-case-government-orders-cbi-probe-192371

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button