സംസ്ഥാനത്ത് മഴ ശക്തമാകും; നാല് ജില്ലകളിൽ റെഡ് അലേർട്ട്
Heavy rains in the state; Red Alert in four districts
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. വ്യാഴാഴ്ച സംസ്ഥാനത്ത് നാല് ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ടും ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
യെല്ലോ അലേർട്ട്
ഡിസംബർ ഒന്ന് ചൊവ്വാഴ്ച- തിരുവനന്തപുരം, കൊല്ലം
ഡിസംബർ രണ്ട് ബുധനാഴ്ച- ആലപ്പുഴ, കോട്ടയം, എറണാകുളം
ഡിസംബർ നാല് വെള്ളിയാഴ്ച- കോട്ടയം, എറണാകുളം ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ഓറഞ്ച് അലേർട്ട്
ഡിസംബർ രണ്ട് ബുധനാഴ്ച- തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി
ഡിസംബർ മൂന്ന് വ്യാഴാഴ്ച- കോട്ടയം എറണാകുളം, ഇടുക്കി
ഡിസംബർ നാല് വെള്ളിയാഴ്ച- തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് ഇവിടെ പ്രവചിച്ചിരിക്കുന്നത് . 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
റെഡ് അലേർട്ട്
ഡിസംബർ മൂന്ന് വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. 24 മണിക്കൂറിൽ 204.5 mm ൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയാണിത്. ഇത്തരത്തിൽ അതിതീവ്ര മഴ ലഭിക്കുന്നത് അപകട സാധ്യത വർധിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്. അതേസമയം ബുധനാഴ്ച ഇടുക്കിയിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലേർട്ട് പിൻവലിച്ചിട്ടുമുണ്ട്.