സംസ്ഥാനത്ത് നാളെ മുതൽ തീവ്രമഴ; ബുധനാഴ്ച തീവ്രമഴ പ്രവചിച്ച് കാലാവസ്ഥാ വിഭാഗം
Heavy rains in the state from tomorrow; The weather department forecast heavy rain on Wednesday
തിരുവനന്തപുരം: തുലാവര്‍ഷത്തിൻ്റെ വരവറിയിച്ച് കിഴക്കൻ കാറ്റ് ശക്തിപ്പെടുന്ന സാഹചര്യത്തിൽ നാളെ കേരളത്തിലെ 11 ജില്ലകളിൽ നാളെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച 12 ജില്ലകളിലും ഓറഞ്ച് അലേര്‍ട്ടുണ്ട്. മുൻപ് യെല്ലോ അലേര്‍ട്ട് മാത്രമാണ് ഈ ദിവസങ്ങളിൽ പ്രഖ്യാപിച്ചിരുന്നതെങ്കിൽ തീവ്രമഴ പെയ്തേക്കുമെന്ന പ്രവചനത്തിൻ്റെ അടിസ്ഥാനത്തിലാണ് ഓറഞ്ച് അലേര്‍ട്ട്.
ന്യൂനമര്‍ദ്ദത്തിൻ്റെ ഭാഗമായുണ്ടായ കനത്ത മഴ ശമിച്ച് രണ്ട് ദിവസത്തിനു ശേഷമാണ് വീണ്ടും ഓറഞ്ച് അലേര്‍ട്ട്. തിരുവനന്തപുരം പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് കണ്ണൂര്‍ ജില്ലകളിലാണ് ബുധനാഴ്ച ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കൊല്ലം, ആലപ്പുഴ, കാസര്‍കോട് ജില്ലകളിൽ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് പുറത്തിറക്കിയ ജില്ലാ അടിസ്ഥാനത്തിലുള്ള മഴ മുന്നറിയിപ്പ് പ്രകാരം ചൊവ്വാഴ്ച തെക്കൻ കേരളത്തിലെയും മധ്യകേരളത്തിലെയും എട്ട് ജില്ലകളിൽ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
വ്യാഴാഴ്ച മൊത്തം 12 ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് വ്യാഴാഴ്ച ഓറഞ്ച് അലേര്‍ട്ടുള്ളത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ യെല്ലോ അലേര്‍ട്ടുമുണ്ട്.
ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിൽ തീവ്രമഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നത്. ഈ ജില്ലകളിൽ 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റര്‍ മുതൽ 204.4 മില്ലിമീറ്റര്‍ വരെ മഴ പെയ്യാനാണ് സാധ്യതയുള്ളത്. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിൻ്റെ ഭാഗമായി കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്തിരുന്നു. സംസ്ഥാനത്തിൻ്റെ പലയിടത്തും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും റിപ്പോര്‍ട്ട് ചെയ്തതോടെ അതീവ ജാഗ്രതയിലാണ് സംസ്ഥാന സര്‍ക്കാരും വിവിധ സേനകളും.
ഇടുക്കി ജില്ലയിൽ ഉള്‍പ്പെടെ കനത്ത മഴയുണ്ടായേക്കുമെന്ന മുന്നറിയിപ്പിൻ്്റെ അടിസ്ഥാനത്തിൽ ഇടുക്കി ഡാമിൻ്റെ മൂന്ന് ഷട്ടറുകളും ഉയര്‍ത്തി. ജലനിരപ്പ് ക്രമീകരിക്കുന്നതിനായി പരമാവധി ജലനിരപ്പ് എത്തുന്നതിനു മുൻപു തന്നെ ഡാമിൻ്റെ ഷട്ടറുകള്‍ ഉയര്‍ത്താൻ ഉന്നതതല യോഗത്തിൽ തീരുമാനിക്കുകയായിരുന്നു. ഇന്നു രാവിലെ 11 മണി മുതൽ ഷട്ടറുകള്‍ ഉയര്‍ത്തിയതോടെ സെക്കൻഡിൽ ഒരു ലക്ഷം ലിറ്റര്‍ വെള്ളമാണ് പുറത്തേയ്ക്ക് ഒഴുകുന്നത്. പെരിയാറിൻ്റെ കരകളിൽ അതീവജാഗ്രത തുടരുകയാണ്.
കക്കി ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തിയതോടെ അപ്പർ കുട്ടനാട്ടിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഇടമലയാർ ഡാമിലും ജലനിരപ്പ് ഉയർന്നതോടെ ഷട്ടറുകൾ ഉയർത്തി. അതേസമയം, 2018ലെ സാഹചര്യമില്ലെന്നും എന്നാൽ ജാഗ്രത തുടരണമെന്നുമാണ് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്.