ഞായറാഴ്‌ചവരെ ശക്തമായ മഴ; ജാഗ്രത പാലിക്കണമെന്ന് അധികൃതർ
Heavy rain until Sunday; Authorities urge caution
തിരുവനന്തപുരം: ബുറേവി ഭീതി മാറിയെങ്കിലും ആശങ്ക മാറാതെ കേരളം. ഡിസംബർ ആറുവരെ സംസ്ഥാനത്ത് ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നലോടു കൂടിയ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള ഇടിമിന്നൽ ജാഗ്രത നിർദേശങ്ങൾ പാലിക്കേണ്ടതുണ്ട്. ഡിസംബർ നാലിന് ഇടുക്കിയിലും അഞ്ചാം തീയതി മലപ്പുറത്തും ഇടുക്കിയിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർവരെ മഴ ലഭിച്ചേക്കും.
ഡിസംബർ നാലിന് തിരുവനന്തപുരം, കൊല്ലം, മലപ്പുറം ജില്ലകളിലും അഞ്ചിന് തിരുവനന്തപുരം കൊല്ലം, ആലപ്പുഴ ജില്ലകളിലും ആറിന് എറണാകുളം ജില്ലയിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ശക്തമായ മഴയ്‌ക്ക് സാധ്യത നിലവിലുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. താഴ്‌ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾ പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള പ്രദേശങ്ങൾ എന്നിവടങ്ങളിൽ താമസിക്കുന്നവർ ശ്രദ്ധിക്കണം.
അതേസമയം ബുറേവി ചുഴലിക്കാട് കൂടുതൽ ദുർബലമായതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. രാമനാഥപുരത്തിനടുത്ത് ഭീഷണിയുയർത്തുന്ന ന്യൂനമർദ്ദം തമിഴ്‌നാട് തീരം തൊടുമ്പോഴേക്ക് ശക്തി കുറയും. ഈ സാഹചര്യത്തിൽ ബുറേവി കേരളത്തിലെത്താൻ സാധ്യത കുറവാണെന്ന് അധികൃതർ വ്യക്തമാക്കി.