ഹത്രാസ്: പ്രവാസ ലോകത്തും പ്രതിഷേധം അലയടിക്കുന്നു; നടുമുറ്റംഖത്തർ ചർച്ചാ സദസ്സ് സംഘടിപ്പിച്ചു
Hathras: Protests erupt in expatriate world; The courtyard hosted a panel discussion
ദോഹ: ഉത്തർപ്രദേശിലെ ഹത്രാസിൽ ദളിത് പെൺകുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടു കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യമെങ്ങും അലയടിക്കുന്ന പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു നടുമുറ്റം ഖത്തർ ചർച്ചാ സദസ്സ് സംഘടിപ്പിച്ചു. നടുമുറ്റം കോർഡിനേറ്ററും കൾച്ചറൽ ഫോറം വൈസ് പ്രസിഡന്റുമായ ആബിദ സുബൈർ ഉദ്ഘാടനം നിർവ്വഹിച്ചു. നടുമുറ്റം അംഗം അഹ്സന കരിയാടൻ വിഷയാവതരണം നടത്തി.
ന്യൂനപക്ഷങ്ങളെയും ദലിതുകളെയും നിരന്തരമായി വേട്ടയാടുന്ന സംഘപരിവാർ വംശീയ ഉന്മൂലന പ്രവർത്തികളെ എന്തു വില കൊടുത്തും തോൽപിക്കണമെന്നും സ്ത്രീകൾക്ക് സുരക്ഷയൊരുക്കാൻ കഴിയാത്ത, പ്രതികളെ സംരക്ഷിക്കുന്ന ഭരണകൂടത്തെ ചെറുത്തു തോൽപിക്കണമെന്നും സ്ത്രീ ശാക്തീകരണം കുടുംബത്തിനകത്തു നിന്ന് തന്നെ തുടങ്ങേണ്ടതുണ്ട് എന്നും ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
മുബീന ഫാസിൽ നേതൃത്വം നൽകിയ ചർച്ചയിൽ ഹുമൈറ വാഹിദ്, മുനീറ, നൂർജഹാൻ ഫൈസൽ, രമ്യ നമ്പിയത്, നബീസക്കുട്ടി, സജ്‌ന സാക്കി, റജീന അലി, നിമിഷ നിഷാദ്, ലത, ശഫാന തുടങ്ങിയവർ സംസാരിച്ചു. താജുന കവിതാലാപനം നടത്തി.ഹത്രാസ് സംഭവത്തിലെ പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പരിപാടിയിൽ പങ്കെടുത്തവർ പ്രതിഷേധ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. നടുമുറ്റം എക്‌സിക്യൂട്ടീവ് അംഗം നുഫൈസ സ്വാഗതവും കൾച്ചറൽ ഫോറം സെക്രട്ടറി രമ്യ നമ്പിയത്ത് നന്ദിയും പറഞ്ഞു.
ഷഫീക് അറക്കൽ