ഹാഥ്രസ്; ജിഗ്നേഷ് മേവാനിയും ഹാര്‍ദിക് പട്ടേലും വീട്ടുതടങ്കലിൽ: പ്രതിഷേധത്തിനു മുൻപേ പോലീസ് നടപടി
Hathras; Jignesh Mewani and Hardik Patel under house arrest: Police take action ahead of protest
അഹമ്മദാബാദ്: ഹാഥ്രസ് യുവതിയ്ക്ക് നീതി ആവശ്യപ്പെട്ട് പ്രതിഷേധം നടത്താനിരിക്കേ ഗുജറാത്ത് കോൺഗ്രസ് വര്‍ക്കിങ് പ്രസിഡൻ്റ് ഹാര്‍ദിക് പട്ടേലിനെയും ജിഗ്നേഷ് മേവാനി എംഎൽഎയെയും വീട്ടുതടങ്കലിലാക്കി ഗുജറാത്ത് പോലീസ്. ഇരുവരും തങ്കള്‍ വീട്ടുതടങ്കലിലാണെന്ന വിവരം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു. സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അമിത് ചാവ്ദയും ബുധനാഴ്ച പോലീസിൻ്റെ പിടിയിലായെന്നാണ് റിപ്പോര്‍ട്ടുകള്‍. “ഗുജറാത്തിൽ ജനാധിപത്യം തകരുകയാണ്. ഹാഥ്രസിലെ ഇരയ്ക്ക് നീതി ആവശ്യപ്പെട്ടുള്ള റാലിയിൽ പങ്കെടുക്കാൻ എനിക്ക് അനുവാദമില്ല. ഞാൻ അഹമ്മദാബാദിൽ പിടിയിലാണ്. മുറിയിൽ നിന്ന് പുറത്തിറങ്ങാൻ അനുവാദമില്ല. ഹാര്‍ദിക് പട്ടേലിനും പരിപാടിയിൽ പങ്കെടുക്കാൻ അനുവാദമില്ല.” ജിഗ്നേഷ് മേവാനി ബുധനാഴ്ച ട്വീറ്റ് ചെയ്തു.
റാലി ആരംഭിക്കാൻ രണ്ട് മണിക്കൂര്‍ മാത്രം ശേഷിക്കേയാണ് തങ്ങളെ വീട്ടുതടങ്കലിലാക്കിയതെന്നാണ് ഹാര്‍ദിക് പട്ടേൽ ട്വിറ്ററിൽ കുറിച്ചത്. “ഗുജറാത്തിലും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും നടക്കുന്ന ബലാത്സംഗങ്ങള്‍ക്കെതിരെ അഹമ്മദാബാദിൽ ഇന്ന് ഞങ്ങള്‍ ഒരു റാലി നടത്താൻ പദ്ധതിയിട്ടിരുന്നു. റാലി തുടങ്ങാൻ രണ്ട് മണിക്കൂര്‍ ശേഷിയ്ക്കേ എന്നെ വീട്ടുതടങ്കലിലാക്കി. അഞ്ച് മണിക്കൂറോളം എന്നെ 30 പോലീസുകാരുടെ നിരീക്ഷണത്തിലാക്കിയ ശേഷം അവര്‍ എന്നെ പോകാൻ അനുവദിച്ചു. ഇന്ത്യയിലെ പെൺകുട്ടികള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുന്നത് ഒരു കുറ്റകൃത്യമാണോ?” ഹാര്‍ദിക് പട്ടേൽ ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.
കൊച്രാബ് ആശ്രമത്തിൽ നിന്ന് ആരംഭിച്ച് സബര്‍മതി ആശ്രമത്തിൽ അവസാനിക്കുന്ന റാലിയിൽ പങ്കെടുക്കാനായിരുന്നു സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അടക്കമുള്ള നേതാക്കള്‍ ആഹ്വാനം ചെയ്തത്. സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ടി നടത്തുന്ന “രാഷ്ട്രീയമില്ലാത്ത” റാലിയാണിതെന്നായിരുന്നു കോൺഗ്രസ് അധ്യക്ഷൻ്റെ വീഡിയോ സന്ദേശം.
യുപിയിൽ അതിക്രൂരമായ പീഡനത്തിന് ഇരയായി സെപ്റ്റംബര്‍ 29നാണ് യുപിയിലെ ഹാഥ്രസിൽ ദളിത് യുവതി കൊല്ലപ്പെട്ടത്. യുവതിയുടെ ചികിത്സ വൈകിപ്പിച്ചെന്നും പോലീസ് യഥാസമയം പരാതി സ്വീകരിക്കാൻ തയ്യാറായില്ലെന്നും കുടുംബം ആരോപിക്കുന്നതിനിടെയായിരുന്നു അര്‍ധരാത്രി കുടുംബാംഗങ്ങളുടെ സമ്മതമോ സാന്നിധ്യമോ ഇല്ലാതെ മൃതദേഹം പോലീസ് സംസ്കരിച്ച സംഭവം വിവാദമായത്. തുടര്‍ന്ന് രണ്ട് ദിവസത്തോളം ഗ്രാമത്തിലേയ്ക്ക് മാധ്യമങ്ങളെയോ പ്രതിപക്ഷ നേതാക്കളെയോ കടത്തിവിടാൻ പോലീസ് തയ്യാറായില്ല. ഈ സാഹചര്യത്തിലായിരുന്നു സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നത്. യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ “ഉയര്‍ന്ന ജാതിയിൽപ്പെട്ട” നാല് യുവാക്കള്‍ അറസ്റ്റിലായിട്ടുണ്ട്.