India

സമരം ചെയ്യുന്ന കർഷകരെ തള്ളിപ്പറഞ്ഞ് ഹരിയാന മുഖ്യമന്ത്രി

Haryana Chief Minister rejects protesting farmers

ചണ്ഡീഗഡ്: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡൽഹിയിൽ സമരം ചെയ്യുന്ന കര്‍ഷകരെ തള്ളിപ്പറഞ്ഞ് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാൽ ഖട്ടര്‍. സംസ്ഥാനത്തെ കര്‍ഷകരല്ല, പഞ്ചാബ് സര്‍ക്കാരാണ് പ്രതിഷേധത്തിനു പിന്നിലെന്ന് ഹരിയാന മുഖ്യമന്ത്രി തുറന്നടിച്ചു. “പഞ്ചാബ് മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ ചുമതലയുള്ളവരാണ്” പ്രതിഷേധത്തിനു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

കര്‍ഷകസമരത്തെ ശക്തമായി നേരിട്ട ഹരിയാന പോലീസിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു. ഡൽഹി അതിര്‍ത്തിയിൽ കര്‍ഷകരെ ലാത്തിച്ചാര്‍ജ് ചെയ്യുകയും പ്രതിഷേധക്കാര്‍ക്കെതിരെ കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്ത പോലീസ് നടപടിയ്ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെയാണ് ഹരിയാന മുഖ്യമന്ത്രിയുടെ അഭിനന്ദനം.

“പഞ്ചാബിലെ കര്‍ഷകരാണ് പ്രതിഷേധിക്കുന്നത്. ഹരിയാനയിലെ കര്‍ഷകര്‍ സമരത്തിൽ നിന്ന് വിട്ടു നിൽക്കുകയാണ്. പഞ്ചാബ് മുഖ്യമന്ത്രി സമരത്തെ പിന്തുണയ്ക്കുകയാണ്. പഞ്ചാബ് മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ ചുമതലയുള്ളവരാണ് സമരത്തിനു പിന്നിൽ. ഹരിയാന മുഖ്യമന്ത്രി മാധ്യമങ്ങളോടു പറഞ്ഞതായി എൻഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

കര്‍ഷകസമരം ആരംഭിച്ചതിനു പിന്നാലെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങുമായി സംസാരിക്കാൻ ശ്രമിക്കുകയാണെന്നും എന്നാൽ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയാണ് വിവിധ സംസ്ഥാനങ്ങളിൽ കര്‍ഷകസംഘടനകള്‍ പ്രതിഷേധിക്കുന്നത്. പരമ്പരാഗത കാര്‍ഷിക വിപണികളുടെ കുത്തക ഇല്ലാതാക്കി കോര്‍പ്പറേറ്റുകളെ കാര്‍ഷിക രംഗത്തേയ്ക്ക് കടന്നുവരാൻ അനുവദിക്കുന്നുവെന്നും കേന്ദ്രസര്‍ക്കാര്‍ മിനിമം താങ്ങഉവില സമ്പ്രദായം അട്ടിമറിക്കുകയാണെന്നുമാണ് കര്‍ഷകസംഘടനകളുടെ ആരോപണം.

കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധവുമായി ഡൽഹിയിലേയ്ക്ക് പുറപ്പെട്ട കര്‍ഷക റാലികള്‍ ഡൽഹി ഹരിയാന അതിര്‍ത്തിയിൽ വെച്ച് ഡൽഹി പോലീസും ഹരിയാന പോലീസും തടയുകയായിരുന്നു. കര്‍ഷകരെ തടയാനായി ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതകവും പ്രയോഗിച്ച പോലീസ് മുള്ളുവേലികള്‍ ചുറ്റിയ ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും കര്‍ഷകരുടെ ട്രാക്ടറുകള്‍ തടയാനായി ഹൈവേയിൽ കിടങ്ങുകള്‍ നിര്‍മിക്കുകയും ചെയ്തു. എന്നാൽ നാൽപതിനായിരത്തോളം കര്‍ഷകര്‍ പ്രക്ഷോഭം തുടര്‍ന്നതോടെ ഡൽഹിയിൽ പ്രവേശിക്കാനും വടക്കൻ ഡൽഹിയിലെ ഒരു ഗ്രൗണ്ടിൽ പ്രതിഷേധിക്കാനും പോലീസ് അവസരം നല്‍കിയിരുന്നു.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button