ഗ്യാൻവ്യാപി മസ്ജിദിൽ പുലർച്ചേ വീണ്ടും പൂജ; അടിയന്തര വാദം കേൾക്കണമെന്ന ആവശ്യവുമായി പള്ളിക്കമ്മിറ്റി അലഹബാദ് ഹൈക്കോടതിയിൽ
Gyanvapi Masjid

ന്യൂഡൽഹി: ഗ്യാൻവ്യാപി പള്ളിയുടെ ബേസ്മെന്റിൽ ഇന്ന് പുലർച്ചേ വീണ്ടും പൂജ നടത്തി. വാരണാസി ഹൈക്കോടതിയുടെ വിധി വന്നതിന് പിന്നാലെ കഴിഞ്ഞ ദിവസം കാശിവിശ്വനാഥ് ട്രസ്റ്റ് നിയോഗിച്ച പൂജാരി ഗ്യാൻവാപിയുടെ തെക്ക് ഭാഗത്തുള്ള നിലവറകളിൽ പൂജ നടത്തിയിരുന്നു. വിധി പ്രസ്താവിക്കുമ്പോൾ 7 ദിവസത്തിനകം ക്ഷേത്രത്തിൽ പൂജാ കർമ്മങ്ങൾ നടത്തുന്നതിനാവശ്യാമാ ക്രമീകരണങ്ങൾ നടത്താനായിരുന്നു കോടതി നിർദ്ദേശിച്ചത്. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ ഹൈന്ദവവിഭാഗം അവിടെ പൂജ നടത്തുകയായിരുന്നു.
അതേസമയം പള്ളിയിൽ പൂജ നടത്താനുള്ള ജില്ലാകോടതിയുടെ വിധിക്കെതിരെ പള്ളിക്കമ്മിറ്റി അലഹബാദ് ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു. സംഭവത്തിൽ അടിയന്തരവാദം കേൾക്കണമെന്നാണ് പള്ളിക്കമ്മിറ്റിയുടെ ആവശ്യം. ഉത്തരവിനെതിരെ കമ്മറ്റി സുപ്രീംകോടതിയിൽ ഹർജി സമർപ്പിരുന്നു. എന്നാൽ അതിന് അനുമതി ലഭിച്ചില്ല. ഹൈക്കോടതിയെ സമീപിക്കാനായിരുന്നു കോടതി നിർദ്ദേശിച്ചത്. അതേസമയം ഹൈന്ദവവിഭാഗവും തടസ്സ ഹർജിയുമായി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ഗ്യാൻവ്യാപി മസ്ജിദിന്റെ തെക്കുഭാഗത്തുള്ള നിലവറയിൽ ഹിന്ദു ദേവതകളുടെ വിഗ്രഹങ്ങളുണ്ടെന്നും ഇവിടെ പൂജക്ക് അനുമതി വേണമെന്നും ആവശ്യപ്പെട്ടാണ് വിവിധ ഹൈന്ദവ സംഘടനകള്‍ ജില്ലാ കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി, ശ്രീ കാശിവിശ്വനാഥ ക്ഷേത്ര ട്രസ്റ്റ് നിര്‍ദേശിക്കുന്ന പൂജാരിക്ക് ഇവിടെ പൂജ നടത്താമെന്ന് അനുമതി നല്‍കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പൂജ നടന്നത്.