ArticlesLiterature

ഗുരുവായൂരപ്പന്റെ കടാക്ഷമേറ്റ ഷൊർണൂരിലെ; മെറ്റ്-ഇൻഡ് നഗർ തപാലാപ്പീസ്

Guruvayoorappan's gaze on Shornur; Met-Ind Nagar Post Office

ഒരോ തപാൽ ദിനവും കടന്ന് പോകുമ്പോൾ നമുക്ക് മനസിലാക്കുവാൻ കഴിയാതെ പോയ ചരിത്ര വസ്തുതകൾ പലതും കൺമുമ്പിൽ തന്നെ അവശേഷിക്കുന്നു. നമ്മുടെ രാജ്യത്ത് ആശയ വിനിമയ സംവിധാനത്തിൽ വിപ്ലവകരമായ ഒരുപാട് വലിയ മാറ്റങ്ങൾ സംഭവിച്ചു എങ്കിലും, ഇന്നും ഒളിമങ്ങാതെ കാലത്തിനൊത്ത് നൂതന മാറ്റങ്ങൾ വരുത്തി പ്രവർത്തിച്ച് വരുന്ന ഒന്നാണ് ഇന്ത്യൻ തപാൽ. ലോകത്തിലെ ഏറ്റവും വലിയ തപാല്‍ സംവിധാനമുള്ള രാജ്യമാണ് ഇന്ത്യ. 1764 ൽ ലോർഡ് ക്ലൈവിന്റെ കാലത്ത് ബ്രിട്ടിഷ് സർക്കാർ കൊൽക്കത്തയിൽ തുറന്ന രാജ്യത്തെ ആദ്യത്തെ പോസ്റ്റ് ഓഫീസിൽ ഇന്ത്യക്കാർക്ക് പ്രവേശനം നിഷിദ്ധമായിരുന്നു, ഒരു ദശാബ്ദത്തിന് ശേഷം 1774 ലാണ് വാറൻ ഹേസ്റ്റിംഗ്സ് ഇത് നാട്ടുകാർക്ക് തുറന്ന് കൊടുക്കുന്നത്.

സ്വാതന്ത്രം ലഭിക്കുന്നതിന് മുമ്പ് നാട്ടിൽ ഉണ്ടായിരുന്ന നിരവധി തപാൽ ശൃംഖലകളെ ഏകോപിച്ച് ഉണ്ടാക്കിയ ഒന്നാണ്, ഭാരത സർക്കാർ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർഷേൻ ടെക്നോളോജി മന്ത്രാലയത്തിന് കീഴിൽ ഇന്ന് പ്രവർത്തിക്കുന്ന ഇന്ത്യൻ തപാൽ വകുപ്പ്. ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പോസ്റ്റ് ഓഫീസ്, ഇന്ത്യയിലെ ഹിമാചൽപ്രദേശിൽ സമുദ്ര നിരപ്പിൽ നിന്നും 4,440 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഹിക്കീമിൽ, 1983 നവംബർ 5 ന് പ്രവർത്തനം തുടങ്ങിയ ഒന്നാണ്. വിമാനം മാർഗ്ഗം തപാലുകള്‍ മേല്‍വിലാസക്കാരന് എത്തിച്ച് കൊടുക്കാമെന്ന് ലോകത്തിന് ആദ്യമായി കാണിച്ച് കൊടുത്ത രാജ്യമായ ഇന്ത്യക്ക്, ഭൂഗോളത്തിലെ ഏറ്റവും തണുപ്പേറിയ പ്രദേശമായ അന്റാർട്ടിക്കയിലും പോസ്റ്റ് ഓഫീസ് ഉണ്ട്.

ഭാരതത്തിൽ നിലവിലുള്ള തപാല്‍ സംവിധാനം വരുന്നതിന്റെ എത്രയോ വർഷം മുമ്പ് തന്നെ, കേരളത്തിലെ നാട്ടുരാജ്യങ്ങളായ കൊച്ചി, തിരുവിതാംകൂര്‍ പ്രദേശങ്ങളിൽ ഉണ്ടായിരുന്ന ഒരു സംവിധാനമാണ്, 1951 ൽ ഇന്ത്യൻ തപാൽ വകുപ്പിൽ ലയിച്ച അഞ്ചൽ തപാല്‍. ഇൻറർനെറ്റും, ഇ മെയിലും, സോഷ്യൽ മീഡിയയും, വാട്സ് ആപ്പും, സജീവമായെങ്കിലും, സ്വന്തമായി തപാൽ ആഫീസ് തുടങ്ങുവാൻ കഴിയുന്ന ഇന്നത്തെ കാലത്ത്, പുതിയ തലമുറക്ക് പരിചിതമില്ലാത്ത പ്രതാപം മങ്ങിയെങ്കിലും ഒരുപാട് സ്മരണകൾ ഉണർത്തുന്ന ഒരു പോസ്റ്റ് ഓഫീസ് ഉണ്ട്, നിളയുടെ തീരത്തെ റെയിവേ നഗരമായ ഷൊർണൂരിൽ.

ഷൊർണൂരിൽ വ്യവസായ മേഖലക്ക് അത്യന്താപേക്ഷിതമായി ലഭിക്കേണ്ട അസംസ്കൃത വസ്തുക്കളായ പഴയ റെയിലും മറ്റും, പ്രയാസം കൂടാതെ പണ്ട് കാലത്ത് ലഭ്യമായതിനാൽ ഇവിടങ്ങളിൽ ഇരുമ്പ് വ്യവസായം പന്തലിച്ച് കൊണ്ടിരുന്നു. ഷൊർണൂർ നിർമ്മിത ഇരുമ്പ് ഉൽപ്പനങ്ങൾ രാജ്യവ്യാപകമായി വിപണി കൈയടക്കിയപ്പോൾ അതിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ്, 1928 മാർച്ച് 6 ന് പ്രവർത്തനം ആരംഭിച്ച ഇന്നത്തെ കേരള സർക്കാർ പൊതു മേഖല സ്ഥാപനങ്ങളിൽ ഒന്നായ ദി മെറ്റൽ ഇൻഡസ്ട്രീസ് ഷൊർണൂർ. ഇത് വഴി ലോക പ്രശസ്ത ഉരുക്ക് നഗരമായ ഇംഗ്ലണ്ടിലെ ഷെഫീൽഡിനെ താരതമ്യപ്പെടുത്തി കൊണ്ട് കേരളത്തിലെ ഷെഫീൽഡായി മാറി ഷൊർണൂർ.

നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടുന്ന കാലത്ത് ഇവിടെ ഷൊർണൂരിൽ ഇന്നത്തെ സ്‌റ്റേറ്റ് ഹൈവേ 23 ൽ, ഷൊർണൂരിന്റെയും കുളപ്പുള്ളിയുടെയും ഇടയിൽ മെറ്റൽ ഇൻഡസ്ട്രീസിൽ ജോലി ചെയ്തിരുന്ന വിവിധ ദേശങ്ങളിൽ നിന്നെത്തിയ, നൂറിലധികം കുടംബങ്ങൾ ഇൻഡസ്ട്രീസ് നിർമ്മിച്ച കോട്ടേഴ്സുകളിലായി താമസിച്ചിരുന്നു. ഇവരുടെ ആശയ വിനിമയത്തിനായി 1951 ആഗസ്ത് 15 ന് ഒരു തപാലാപ്പീസ് പ്രവർത്തനം ആരംഭിച്ചു, അതാണ് ഇന്ന് മെറ്റൽ ഇൻഡസ്ട്രീസിന്റെ മുമ്പിലൂടെ കടന്ന് പോകുന്ന സ്റ്റേറ്റ് ഹൈവേയുടെ മറുവശത്തായി കാണുന്ന, ഒറ്റമുറി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മെറ്റ് ഇൻഡ് നഗർ തപാൽ ആപ്പീസ്.

679122 എന്ന പിൻകോഡിൽ ആശയ വിനിമയങ്ങൾ നടത്തുന്ന ഷൊർണൂർ ഗവൺമെൻറ് പ്രസ്സ് സബ് പോസ്റ്റ് ഓഫീസിന്റെ കീഴിലുള്ള, ഒരു ബ്രാഞ്ച് പോസ്റ്റ് ഓഫീസാണ് മെറ്റ് ഇൻഡ് നഗർ പോസ്റ്റ് ഓഫീസ്. ഈ വർഷത്തെ ലോക തപാൽ ദിനവും ദേശീയ തപാൽ ദിനവും കടന്ന് പോകുമ്പോൾ, ഷൊർണൂരിലെ ഹൈവേയിലുള്ള കൗതുകം നിറയുന്ന ഒറ്റ മുറി തപാൽ ഓഫീസ്, ഗുരുവായൂരപ്പന്റെ കടാക്ഷ പുണ്യവുമായ് ജനശ്രദ്ധ ആകർഷിക്കുന്നു. 1996 ഒക്ടോബർ 3 മുതൽ ഇവിടെ പോസ്റ്റ് മാസ്റ്ററായി സേവനം ചെയ്തു വരുന്ന കവളപ്പാറ – കാരക്കാട് തെക്കേപ്പാട്ട് മന ജയപ്രകാശൻ നമ്പൂതിരി, ഇന്നിപ്പോൾ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി ഗുരുവായൂർ കണ്ണന്റെ മേൽശാന്തിയായി സേവനം അനുഷ്ഠിക്കുന്നു.

വള്ളുവനാട്ടിലെ ചരിത്ര പ്രസിദ്ധമായ കവളപ്പാറ സ്വരൂപത്തിൽ വരുന്ന ഏറുപ്പെ ദേശത്തോട് ചേർന്ന് കിടക്കുന്ന, കാരക്കാട് ദേശത്തെ തെക്കേപ്പാട്ട് മനയിൽ പരേതനായ നാരായണൻ നമ്പൂതിരിയുടെയും, ശ്രീകൃഷ്ണപുരം വടക്കേടത്ത് മനയിൽ പാർവ്വതി ദേവി അന്തർജനത്തിന്റെയും നാല് ആൺമക്കളിൽ മൂന്നാമനാണ് 52 കാരനായ ജയപ്രകാശൻ നമ്പൂതിരി. മൂത്ത ജ്യേഷ്ഠൻ ശങ്കരൻ നമ്പൂതിരിയും, അനുജൻ ശിവദാസൻ നമ്പൂതിരിയും തെക്കേപ്പാട്ട് മനയുടെ പാരമ്പര്യ അവകാശമായ ചുടുവാലത്തൂർ ശിവ ക്ഷേത്രത്തിലെ ശാന്തി പണി ചെയ്തു വരുമ്പോൾ, മറ്റൊരു ജ്യേഷ്ഠനായ ജാതവേതൻ നമ്പൂതിരി ത്രാങ്ങാലി വാമനമൂർത്തി ക്ഷേത്രത്തിലെ ശാന്തി പണിയിൽ ഏർപ്പെട്ടു വരുന്നു.

ജീവിത മാർഗമായ തപാൽ സേവനത്തിന് ഒപ്പം തന്റെ കുടുംബം പാരമ്പര്യമായി ചെയ്തു വരുന്ന കുല തൊഴിലായ, ചുടുവാലത്തൂർ ശിവ ക്ഷേത്രത്തിലെ ശാന്തി പണിയിൽ സഹോദരങ്ങൾക്ക് ഒപ്പം ഏർപ്പെട്ട് വരികയായിരുന്നു, ഗുരുവായൂരപ്പന്റെ വിളി എത്തുമ്പോൾ ജയപ്രകാശൻ നമ്പൂതിരി. ഉപനയനം കഴിഞ്ഞതു മുതൽ പിതാവിന്റെ വഴിയെ ഈശ്വര സേവയിൽ മഹാദേവന് മുമ്പിൽ എത്തിയ ജയപ്രകാശൻ നമ്പൂതിരി, പിതാവിന്റെ മരണാനന്തരം ലഭിച്ച പോസ്റ്റ് മാസ്റ്റർ പദവിയിലൂടെ മാനവ സേവയിലും അച്ഛന്റെ വഴി പിൻതുടർന്ന് വരുന്നു. പട്ടാമ്പി കൊപ്പം പ്രഭാപുരം എം.എം. ഐ.ടി.ഇ. ടി.ടി.സി. സ്കൂളിലെ പ്രിൻസിപ്പൽ, കോട്ടയം രാമപുരം ഇടമന ഇല്ലത്ത് വിജിയാണ് പത്നി. ഏക മകൻ പ്രവിജിത്ത് ശ്രീകൃഷ്ണപുരം വി.ടി.ബി കോളേജിൽ നിന്നും ഡിഗ്രി കഴിഞ്ഞു നിൽക്കുന്നു.

JAYAPRAKASHAN NAMBOOTHIRI GURUVAYOOR

മഹാദേവ സന്നിധിയിൽ നിന്നും വിഷ്ണു സന്നിധിയിലേക്ക് ജയപ്രകാശൻ നമ്പൂതിരി പ്രവേശിക്കുമ്പോൾ കാത്തിരിപ്പിന്റെ പതിമൂന്ന് വർഷമാണ് പിന്നിടുന്നത്. മുപ്പത്തി ഒമ്പതാം വയസ്സിൽ തുടങ്ങിയ അപേക്ഷ ഇരുപത്തിയാറിൽ എത്തിയപ്പോഴാണ് ഗുരുവായൂരപ്പന്റെ കടാക്ഷം. വള്ളുവനാട്ടിൽ നിന്നും ഒരുപാട് പേർ മേൽശാന്തിയായി ഗുരുവായൂരപ്പനെ സേവിച്ചിരിക്കുന്നു, എന്നാൽ ഇപ്പോൾ തുടർച്ചയായി മൂന്നാം തവണയാണ് ഗുരുവായൂരപ്പന്റെ കടാക്ഷം വള്ളുവനാടൻ മണ്ണിൽ പതിക്കുന്നത്. ഒക്ടോബർ ഒന്നിന് തുടങ്ങിയ ജയപ്രകാശൻ നമ്പൂതിരിയുടെ ജീവിത അഭിലാഷം ഇനിയുള്ള ആറ് മാസം പുറപ്പെടാ ശാന്തിയായി ഗുരുവായൂർ കണ്ണന്റെ സന്നിധിയിൽ.
ഗുരുവായൂരപ്പന്റെ കടാക്ഷമേറ്റ ഷൊർണൂരിലെ
മെറ്റ്-ഇൻഡ് നഗർ തപാലാപ്പീസ്

തെയ്യാറാക്കിയത്
പ്രസാദ് കെ ഷൊർണൂർ

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button