ദേശീയ അധ്യാപക അവാർഡ് ജേതാക്കൾക്ക് കേരള ഗവർണറുടെ ആദരം
Governor of Kerala honors National Teachers Award winners
തിരുവന്തപുരം: ഈ വർഷത്തെ കേരളത്തിൽ നിന്നുള്ള ദേശീയ അധ്യാപക അവാർഡ് ജേതാക്കളായ വരവൂർ ഗവ.എൽ.പി.സ്കൂൾ പ്രധാനാധ്യാപകൻ എം.ബി. പ്രസാദ്, കഴക്കൂട്ടം സൈനിക സ്കൂൾ അധ്യാപകൻ മാത്യു.കെ.തോമസ് എന്നിവരേയും, കുടുംബാംഗങ്ങളേയും കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തിരുവനന്തപുരം രാജ്ഭവനിൽ ക്ഷണിച്ചു വരുത്തി ആദരിച്ചു. എം.ബി. പ്രസാദിന്റെ ഭാര്യയും, പനങ്ങാട്ടുകര എം.എൻ.ഡി . സ്കൂൾ പ്രധാനാധ്യാപികയുമായ രേഖ സി. മക്കളായ ഹൃദ്യാ കൃഷ്ണ, ദിയാ കൃഷ്ണ എന്നിവരെയും, മാത്യു .കെ.തോമസിന്റെ ഭാര്യയും കഴക്കൂട്ടം സൈനിക സ്കൂളിലെ നേഴ്സിങ്ങ് സിസ്റ്ററുമായ മോളി .പി. ജോസഫിനേയും,ഗവർണർ പ്രത്യേകം അഭിനന്ദിച്ചു.
രാജ്യത്തെ കെട്ടിപ്പടുക്കുന്ന പുതിയ തലമുറയെ, വാർത്തെടുക്കുന്ന അധ്യാപകർ സമൂഹത്തിന് ഏറ്റവും വിലപ്പെട്ടവരാണെന്നും, എല്ലാ അധ്യാപകരും സാമൂഹിക പ്രതിബദ്ധതയുള്ളവരാകണമെന്നും, വിദ്യാലയത്തിലെ പഠന പ്രവർത്തനത്തോടൊപ്പം നടത്തിയ സാമൂഹ്യ പ്രവർത്തനങ്ങളുടെ കൂടി അംഗീകാരമാണ് ഈ അധ്യാപകരെ ദേശീയ പുരസ്ക്കാരത്തിനർഹരാക്കിയതെന്നും, മറ്റ് അധ്യാപകരും, ജീവനക്കാരും, ഈ മാതൃകകൾ ഉൾക്കൊണ്ട് സമൂഹ നന്മക്കായി പ്രവർത്തിക്കുന്നവരായി മാറണം എന്നും, ഗവർണർ തന്റെ ആശംസാ പ്രസംഗത്തിൽ പറഞ്ഞു. എല്ലാ കുട്ടികളും ഡോക്ടറും, എഞ്ചിനീയറും, ഉദ്യോഗസ്ഥരും, മാത്രമേ ആവൂ എന്ന് ശാഠ്യം പിടിക്കാതെ നല്ല കർഷകരാകാനും കൂടി പരിശ്രമിക്കണമെന്നും, അദ്ദേഹം കൂട്ടിച്ചേർത്തു പറഞ്ഞു.
റിപ്പോർട്ട്: ബാബു കാങ്കലാത്ത്