പ്രവാസികൾക്കുള്ള ക്വാറന്റൈന്‍ കാലയളവുകളിൽ മാറ്റം വരുത്തി സർക്കാർ
Government changes quarantine periods for expatriates
ദോഹ: പ്രവാസികൾക്കുള്ള ക്വാറന്റൈന്‍ കാലയളവുകളിൽ മാറ്റം വരുത്തി സർക്കാർ പുതിയ നിർദേശം പുറത്തിറക്കി. കേരള സര്‍ക്കാര്‍ നിര്‍ദേശിച്ച 28 ദിവസത്തെ ക്വാറന്റൈന്‍ കാലയളവിനെതിരെയുള്ള പ്രതിഷേത്തിനൊടുവിലാണ് കേരളം സർക്കാരിന്റെ പുതിയ തീരുമാനം. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശപ്രകാരം 14 ദിവസമാണ് രാജ്യത്തിനു പുറത്തുനിന്നും വരുന്നവര്‍ ക്വാറന്റൈനില്‍ കഴിയേണ്ടത്.
കൊവിഡ് വ്യാപനം പൂര്‍ണമായി ഒഴിവാക്കാനായി സംസ്ഥാന സര്‍ക്കാര്‍ 28 ദിവസത്തെ ക്വാറന്റൈനില്‍ കഴിയണമെന്ന് നിര്‍ദേശിച്ചിരുന്നു, എന്നാല്‍ വര്‍ഷത്തില്‍ ഒരുമാസത്തെ ലീവിന് വരാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് ഇത് വളരെയേറെ പ്രയാസമുള്ള കാര്യമായിരുന്നു. ഇതിനെതിരെ മലയാളി പ്രവാസികള്‍ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ പുതിയ നിദേശം അനുസരിച്ച് 14 ദിവസത്തെ ഹോം ക്വാറന്റൈനോ അല്ലെങ്കില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലോ പ്രവാസികള്‍ കഴിയണം. ഈ കാലയളവിനിടെ എന്തെങ്കിലും തരത്തിലുള്ള കൊവിഡ് ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ 1056 എന്ന ദിശ ഹെല്‍പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെട്ട് വിവരം ധരിപ്പിക്കണം. കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ക്വാറന്റൈന്‍ കാലാവധി നീട്ടും. ഇത് അനുസരിച്ച് ആരോഗ്യ വകുപ്പ് കൊവിഡ് ടെസ്റ്റ് നടത്തും. കൊവിഡ് പോസിറ്റീവ് ആവുകയാണെങ്കില്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യും.
വാണിജ്യ, ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഏഴുദിവസത്തെ ഹ്രസ്യകാല സന്ദര്‍ശനത്തിന് കേരളത്തിലെത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ലെന്നും പുതിയ റിപ്പോർട്ടിൽ പറയുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ദിശ ഹെല്‍പ്പ് ലൈന്‍ അധികൃതരാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. എന്നാല്‍, ഭൂരിഭാഗം പ്രവാസികള്‍ക്കും ഇതുസംബന്ധിച്ച വിവരത്തില്‍ ധാരണയുണ്ടായിരുന്നില്ല. ക്വാറന്റൈന്‍ കാലാവധിയെക്കുറിച്ച് അറിയാന്‍ പ്രവാസികള്‍ ദിശ നമ്പറിലേക്ക് വിളിക്കുമ്പോള്‍ മാത്രമാണ് ഇതുസംബന്ധിച്ച വിവരം ലഭിക്കുന്നത്.
റിട്ടേണ്‍ ടിക്കറ്റ്, എന്ത് ആവശ്യത്തിനാണ് വരാന്‍ തീരുമാനിച്ചത് എന്നതിന്റെ പകര്‍പ്പ് രേഖകള്‍ എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. കൊവിഡ് 19 ജാഗ്രത എന്ന വെബ്‌പോര്‍ട്ടലിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. സംസ്ഥാനത്ത് എത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ വേണ്ടെങ്കിലും ഇവരുടെ കുടുംബത്തെ സര്‍ക്കാര്‍ നിരീക്ഷിക്കുകയും അവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ദേശിക്കുയും ചെയ്യുമെന്നും ദിശ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ ദിശ ഹെല്‍പ് ലൈനുമായും കൊവിഡ് 19 ജാഗ്രത എന്ന വെബ്‌പോര്‍ട്ടലിലും ബന്ധപ്പെടുക.