ബാങ്ക് വായ്പകള്‍ക്കുള്ള മൊറട്ടോറിയം നീട്ടണമെന്ന് സര്‍ക്കാര്‍
Government calls for moratorium on bank loans
തിരുവനന്തപുരം: കാലാവധി തിങ്കളാഴ്ച അവസാനിക്കാനിരിക്കെ ബാങ്ക് വായ്പകള്‍ക്കുള്ള മൊറട്ടോറിയം നീട്ടണമെന്ന് സംസ്ഥാന സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനും കേന്ദ്രസര്‍ക്കാരിനും കത്തയക്കും. ആറ് മാസത്തേക്ക് കൂടി നീട്ടണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. അടുത്ത മന്ത്രിസഭാ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും റിപോർട്ടുണ്ട്. അതേസമയം, മൊറട്ടോറിയം നീട്ടണമെന്നും പലിശ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ മറ്റന്നാള്‍ സുപ്രീംകോടതി പരിഗണിക്കും. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നാളെ കോടതിയെ നിലപാട് അറിയിക്കും.
ആദ്യം മൂന്ന് മാസത്തേക്കും പിന്നീട് വീണ്ടും മൂന്ന് മാസത്തേക്കുമായി പ്രഖ്യാപിച്ച വായ്പകള്‍ക്കുള്ള മൊറട്ടോറിയം നീട്ടണമെന്ന് ആര്‍ബിഐയോട് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. അതിനാല്‍ മൊറട്ടോറിയം നീട്ടാന്‍ സാധ്യത കുറവാണ്. സെപ്തംബര്‍ 1 മുതല്‍ വായ്പകളുടെ തിരിച്ചടവ് തുടങ്ങേണ്ടി വരും.
മൊറട്ടോറിയം കാലയളവിലെ പലിശ രണ്ട് ലക്ഷം കോടി രൂപയോളം വരുമെന്ന് റിസര്‍വ് ബാങ്ക് സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. സെപ്തംബര്‍ മുതല്‍ വായ്പാ തിരിച്ചടവിന് മുടക്കം വന്നാല്‍ അത് ക്രെഡിറ്റിനെ ബാധിക്കും.
മൊറട്ടോറിയം തെരഞ്ഞെടുത്തവര്‍ക്ക് അധികമായി ആറ് ഗഡുക്കളും അതിന്റെ പലിശയും അടയ്‌ക്കേണ്ടി വരും. പുതിയ പ്രതിമാസ തിരിച്ചടവ് തുകയും തിരിച്ചടവ് തുടങ്ങാനുള്ള നടപടിക്രമങ്ങളും ബാങ്കില്‍ നിന്ന് ഉപഭോക്താക്കളെ അറിയിക്കും.