അന്നൊരിക്കല്‍ ദൈവസന്നിധിയില്‍, മാലാഖമാര്‍ എല്ലാവരും ഒത്തു ചേര്‍ന്നിട്ടുണ്ട്….
ദൈവം ഒരു പുതിയ വിളംബരം പുറപ്പെടുവിച്ചിരിക്കുന്നു.. നാളെ മുതൽ അവന്‍ പുതിയ ഒരു സൃഷ്ടിപ്പിന്റെ ജോലികള്‍ തുടങ്ങാൻ പോവുകയാണത്രേ.. മാലാഖമാര്‍ക്കിടയിൽ മുറുമുറുപ്പുകൾ പതിഞ്ഞ ശബ്ദത്തില്‍ അലയടിക്കുന്നുണ്ട്.
അതാ ദൈവം ആഗതനായിരിക്കുന്നു. എല്ലാവരും നിശബ്ദരായി. ദൈവം പറഞ്ഞു തുടങ്ങി :നാളെ മുതൽ ഞാൻ എന്റെ ജോലി തുടങ്ങുകയാണ്. അതിനെ കുറിച്ച് നിങ്ങൾ അറിഞ്ഞു കാണുമല്ലോ. എന്നിട്ട് മാലാഖമാരിലെ പ്രമുഖനോടായി പറഞ്ഞു നീ ഭൂമിയിലോട്ട് പോകുക.എന്നിട്ട് അവിടെ നിന്നും എനിക്ക് ആവശ്യത്തിനുള്ള മണ്ണ് കൊണ്ടുവരണം. “മണ്ണോ” മാലാഖമാര്‍ അല്‍ഭുതത്തോടെ ചോദിച്ചു.. അതേ ഞാൻ അവനെ മണ്ണില്‍ സൃഷ്ടിക്കാന്‍ പോകുന്നു ദൈവം പറഞ്ഞു. എന്തിനാണ് നാഥാ ഇനിയൊരു സൃഷ്ടി.. അങ്ങയെ അനുസരിക്കുന്ന ആരാധിക്കുന്ന അങ്ങേക്ക് വേണ്ടി സകല ജോലികളും ചെയ്യുന്ന ഞങ്ങളില്ലേ. മാലാഖമാര്‍ അവരുടെ സങ്കടം ദൈവത്തോടുണർത്തി. ദൈവം പറഞ്ഞു എന്റെ സൃഷ്ടികളിൽ ഏറ്റവും മനോഹരമായത് ഇതായിരിക്കും. ഏറ്റവും ശ്രേഷ്ഠമായതും. സൗന്ദര്യവും കരുത്തും വിശേഷ ബുദ്ധിയും നല്‍കി ഞാൻ അതിനെ നിങ്ങളില്‍ നിന്നൊക്കെയും വ്യത്യസ്തനാക്കും.എന്നെപോലെ ചിന്തിക്കുവാനും അതിനനുസരിച്ച് പ്രവര്‍ത്തിക്കാനും അവന് സാധിക്കും. നീ എനിക്ക് വേഗത്തിൽ മണ്ണ് എത്തിക്കുക ദൈവം വീണ്ടും മാലാഖയോട് പറഞ്ഞു.
ഭൂമി,
ദൈവ കല്പന നിറവേറ്റൻ മണ്ണ് തേടി മാലാഖ ഭൂമിയിലാകെ ചുറ്റി നടന്നു. പലയിടത്തും പലതരം മണ്ണ്. എതാവും ദൈവത്തിനു ഇഷ്ടപ്പെടുക. സംശയത്തിലായ മാലാഖ അവസാനം എല്ലാ മണ്ണും ശേഖരിച്ചു. ഇളം തവിട്ടു നിറത്തില്‍ കളിമണ്ണ്, ചെഞ്ചോര നിറത്തില്‍ ചെമ്മണ്ണ്, വെള്ളനിറത്തില്‍ മണല്‍ തരികൾ… അങ്ങനെ പല വര്‍ണത്തില്‍ മണ്ണുമായി തിരികെ ദൈവ സന്നിധിയിലോട്ട്.
സ്വര്‍ഗം,
ദൈവം അസ്വസ്ഥനായി കാത്തിരിക്കുകയാണ്. അതാ മാലാഖ മണ്ണുമായി എത്തികഴിഞ്ഞു. തെളിനീരൊഴുകുന്ന പുഴയുടെ തീരത്ത് ദൈവം തന്റെ ജോലികള്‍ ആരംഭിച്ചു .ഒന്നാം നാൾ കളിമണ്ണ് വെള്ളം ചേര്‍ത്തു കുഴച്ചെടുത്തു അവന്‍ തന്റെ സൃഷ്ടിക്ക് മെയ്യൊരുക്കി. രണ്ടാം നാൾ ചെമ്മണ്ണ് പാലില്‍ കുഴച്ചെടുത്ത് ഹൃദയവും മൂന്നാം നാൾ കരിമണ്ണ് തേനില്‍ കുഴച്ച് കരളും പടച്ചു… നാലാം നാൾ മണല്‍ തരികൾ ചേര്‍ത്തു വെച്ച് കണ്ണുകൾ വരച്ചു..അഞ്ചാംനാൾ മണ്ണ് പുരണ്ട തന്റെ കൈകൾ കഴുകി ശുദ്ധമാക്കി. സ്വര്‍ഗത്തോപ്പിലെ പഞ്ഞി മരത്തിൽ നിന്നും കാ പറിച്ചു പഞ്ഞിയെടുത്ത് പന്തുണ്ടാക്കി അവന്‍ തലച്ചോറുണ്ടാക്കി. ആറാം നാൾ തലച്ചോറും ഹൃദയവും കരളും തമ്മില്‍ ബന്ധിപ്പിച്ച് നാഡി ഞരമ്പുകളും മെയ്യു മുഴുവന്‍ കോര്‍ത്തിണക്കി അസ്ഥികളും പടച്ചു. കണ്ണിമ വെട്ടാത്ത ആറു ദിന രാത്രങ്ങൾ. ഇങ്ങു ഭൂമിയില്‍ ആറായിരം സൂര്യാസ്തമയങ്ങൾ കഴിഞ്ഞിരിക്കുന്നു.
എല്ലാവരും ഒത്തുചേര്‍ന്നു. ദൈവം അവര്‍ക്കു മുമ്പില്‍ മറനീക്കി തന്റെ സൃഷ്ടിയെ പ്രദര്‍ശിപ്പിച്ചു. ആ വലിയ പ്രതിമയെ നോക്കി മാലാഖമാര്‍ അല്‍ഭുതപ്പെട്ടു. ദൈവം പതിയേ അവനെ തന്നിലേക്ക് അടുപ്പിച്ച് തന്റെ ശ്വാസം അവനിലേക്കൂതി. ഒരു ഉറക്കത്തിൽ നിന്നെന്ന പോലെ അവനുണര്‍ന്നു. ചുറ്റും നോക്കി എന്തെന്നോ ഏതെന്നോ അറിയാതെ പിറന്നുവീണ കുഞ്ഞു പോലെ അവന്‍.
“മനുഷ്യാ ”
ദൈവം അവനെ വിളിച്ചു. അവന്‍ കണ്ണു മിഴിച്ചു ചുറ്റും നോക്കി. തനിക്ക് മുന്നില്‍ അണിനിരന്നു നില്‍കുന്ന തീ രൂപങ്ങളും പ്രകാശ രൂപങ്ങളും കണ്ടു അവന്‍ ഭയന്നു. ദൈവം പതിയെ അവനെ തന്നിലേക്ക് വിളിച്ചു “വാ “. അനങ്ങാനറിയാതെ അവൻ അന്തിച്ചു നിന്നു. ദൈവം അവനെ കാലെടുത്ത് വെച്ച് നടക്കാൻ പഠിപ്പിച്ചു. സ്വര്‍ഗ്ഗവും നരകവും കാണിച്ചു കൊടുത്തു. എന്നിട്ടു പറഞ്ഞു ഇത് രണ്ടും അല്ല നിനക്കുള്ളയിടം. നിനക്കായി ഞാൻ ഭൂമി സൃഷ്ടിച്ചിരിക്കുന്നു. ഭൂമിയും അതിലെ സകല ചരാചരങ്ങളും നിനക്കായി സൃഷ്ടിച്ചതാണ്. അവിടെ നീയാണ് നാഥൻ. നിനക്കായി ഒരുക്കിയത് അത്രയും നീ സംരക്ഷിക്കുക.
യാത്രയയപ്പ്,
മാലാഖമാരുടെ കൈപിടിച്ച് അവൻ പതിയേ നടന്നു. ദൈവ ലോകത്തിന് അപ്പുറം ഏഴു ആകാശങ്ങള്‍ പറന്നിറങ്ങി. ഇപ്പോൾ അവന് സുന്ദരമായ ഒരു കാഴ്ച കാണാം. അതാണ് ഭൂമി മാലാഖമാര്‍ അവനു പരിചയപ്പെടുത്തി. ഭൂമിയില്‍ പറന്നിറങ്ങിയ അവർ കാടും മലയും പുഴയും കടലും പക്ഷിമൃഗാദികളും ഓരോന്നായി അവന് പഠിപ്പിച്ചു കൊടുത്തു.. പിന്നെ പതിയെ അവനോട് വിടവാങ്ങി..
മനുഷ്യന്‍! അവന്‍ നടക്കുകയാണ്. ഒരുപാട് ദൂരം നടന്നു കഴിഞ്ഞു. കാലുകൾക്ക് എന്തോ സംഭവിക്കുന്ന പോലെ. അവന്‍ ഒരു മരച്ചുവട്ടില്‍ ഇരുന്നു. വയറിനകത്ത് എന്തോക്കെയോ. അവന്‍ പതിയെ കൈകൾ കൊണ്ട് അതിശക്തമായി വയര്‍ അമർത്തി. ഇല്ല കുറയുന്നില്ല. എന്തു ചെയ്യണമെന്നറിയാതെ അവനുറക്കെ ശബ്ദമുണ്ടാക്കി. ആദ്യമായി അവന്‍ വിശപ്പറിഞ്ഞു. എന്തുചെയ്യണമെന്നറിയാതെ തളര്‍ന്നിരുന്ന അവന് മുന്നിലേക്ക് പാതി കൊത്തിയ ഒരു മാമ്പഴം കൊണ്ട് ആദ്യ വിരുന്നൊരുക്കി ഒരു അണ്ണാന്‍കുഞ്ഞ്. ദിവസങ്ങള്‍ കഴിഞ്ഞു പോകവെ മനുഷ്യന്‍ ജീവിക്കാൻ പഠിച്ചു തുടങ്ങിയിരിക്കുന്നു.
ദൈവം സദാസമയം അവനെ നിരീക്ഷിച്ചു കൊണ്ടിരുന്നു. പോകപോകെ അവനില്‍ എന്തോ ഒരു സങ്കടം നിറഞ്ഞു നില്‍ക്കുന്നത് ദൈവം തിരിച്ചറിയുന്നുണ്ടായിരുന്നു. എന്താണതെന്ന് അറിയാനായി വീണ്ടും മാലാഖയോട് മനുഷ്യന്റെ അരികിലേക്ക് പോകാൻ ദൈവം കല്പിച്ചു. തന്റെ അരികില്‍ എത്തിയ മാലാഖയോട് അവന്‍ തന്റെ മനസ്സ് തുറന്നു. ഈ ഭൂമിയില്‍ സകല ജീവികള്‍ക്കും കൂട്ടുണ്ട്. ഞാൻ മാത്രം ഏകനായി കഴിയുന്നു. മാലാഖ അറിഞ്ഞു വന്ന വാർത്ത കേട്ട് ദൈവം ചിന്തയിലാണ്ടു. ഒരുപാട് നേരത്തെ ആലോചനകൾക്ക് ശേഷം ദൈവം വീണ്ടും ആ പുഴക്കരയില്‍ പോയി പുതിയ ഒരു സൃഷ്ടിക്കായുള്ള ജോലികള്‍ തുടങ്ങി. വീണ്ടും കളിമണ്ണ് കുഴച്ചു സുന്ദരമായ രൂപം കടഞ്ഞെടുത്തു, തേനും പാലും കൂടുതലൊഴുക്കി ഹൃദയവും കരളും സൃഷ്ടിച്ചു. സുന്ദരമായ ശരീരത്തില്‍ ശക്തമായ തലച്ചോറ് ഘടിപ്പിച്ച് ദൈവം പുതിയ സൃഷ്ടിയെ വ്യത്യസ്തമാക്കി. “അവൾ “…. മാലാഖമാര്‍ക്കൊപ്പം അവൾ ഭൂമിയിലേക്ക് പുറപ്പെട്ടു. അവിടെ എത്തിയ അവളെ കണ്ടു അവന്‍ ആദ്യം ആശ്ചര്യത്തോടെ നോക്കി പിന്നെ ആനന്ദ നൃത്തമാടി. ഭൂമി മുഴുവന്‍ അവളുടെ കൈ പിടിച്ചു ഓടി നടന്നു. വിശപ്പിന്റെയും ആത്മ ദാഹത്തിന്റെയും ദിനങ്ങള്‍. ആദ്യ കുടുംബം ആദ്യ തലമുറ ആദ്യ മതം ആദ്യ ജാതി അങ്ങനെ അങ്ങനെ പലതും ആദ്യമായി സൃഷ്ടിക്കപ്പെട്ടു.
കുടുംബങ്ങളും തലമുറകളും ഭൂമിയെ വീതിച്ചെടുത്ത് ആധിപത്യം സൃഷ്ടിച്ചു.
രാജാവും പ്രജയും, രാജ്യവും അതിർത്തിയും, ശത്രുവും മിത്രവും ജനിക്കപ്പെട്ടു കൊണ്ടിരുന്നു.
നിനക്ക് എന്നു പറഞ്ഞു ദൈവം നല്‍കിയ ഭൂമിക്ക് ഒരറ്റത്ത് ചിത കൊളുത്തി നിനക്ക് ഇടമില്ല എന്നു പറഞ്ഞ സ്വര്‍ഗ്ഗവും നരകവും വെച്ച് അവന്‍ കച്ചവടങ്ങൾ ഒരുക്കി. പ്ലാസ്റ്റിക് പുതപ്പിച്ച് മാലിന്യം ഒഴുക്കി അവന്‍ പച്ചപ്പിന്റെ മാലാഖയെ വറ്റിയ പുഴയിലെ പൂഴിയില്‍ ചവിട്ടി താഴ്ത്തി. ഇരുണ്ട പുകയുടെ മറവിൽ മഴയുടെ മലാഖ ഒളിച്ചിരുന്നു. കാഴ്ച മുടക്കിയ പൊടി പൊടിപടലങ്ങളുടെ ചിലന്തി വലയില്‍ കുടുങ്ങിയ മാലാഖമാര്‍ കാലം തെറ്റിയ മഴയും വെയിലും കാറ്റും തന്നുപോയി. ആര്‍ത്തി മൂത്ത് എല്ലാം വെട്ടിപ്പിടിച്ച് ആകാശവും കടന്നു അവന്‍ ഇടയ്ക്കിടെ ദൈവത്തെ ഒളിഞ്ഞു നോക്കും. തനിക്ക് ചുറ്റും വലയം ചെയ്യുന്ന സാറ്റലൈറ്റ് കണ്ണുകളെ പേടിച്ച് ദൈവം എവിടെയോ ഒളിച്ചിരിക്കുന്നു.
ജിസ്‌നി ശബാബ്