മുബൈ: രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായ ആര്യ രാജേന്ദ്രന് അഭിനന്ദനവുമായി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. തിരുവനന്തപുരം മേയറായി സ്ഥാനമേറ്റ ആര്യയുടെ വാർത്ത ദേശീയ തലത്തിൽ ചർച്ചയായിരുന്നു. ഉലകനായകൻ കമൽഹാസനും മലയാളികളുടെ പ്രിയതാരം മോഹൻലാലും രംഗത്ത് എത്തിയിരുന്നു.
അഭിനന്ദനവുമായി മുൻ നടൻ മോഹൻലാൽ കഴിഞ്ഞ ദിവസം ആര്യയെ ഫോണിൽ വിളിച്ചിരുന്നു. 51 ശതമാനം വരുന്ന ഇന്ത്യയിലെ 25 വയസിനു താഴെ പ്രായമുള്ളര്‍ നയിക്കേണ്ട കാലമാണിതെന്നാണ് തിരുവനന്തപുരം എംപിയും മുതിര്‍ന്ന കോൺഗ്രസ് നേതാവുമായ ശശി തരൂർ പറഞ്ഞത്. ഇതിന് പിന്നാലെയാണ് ട്വിറ്ററിലൂടെ അഭിനന്ദനവുമായി ഗൗതം അദാനി രംഗത്തുവന്നത്.
ഇന്ത്യയുടെയും തിരുവനന്തപുരത്തിൻ്റെയും ഏറ്റവും പ്രായം കുറഞ്ഞ മേയറായ ആര്യ രാജേന്ദ്രന് അഭിനന്ദനങ്ങൾ എന്നാണ് ഗൗതം അദാനി ട്വിറ്ററിലൂടെ പറഞ്ഞത്. “തികച്ചും അതിശയകരമായ കാര്യമാണിത്. യുവ രാഷ്‌ട്രീയ നേതാക്കൾ അവരുടേതായ വഴി തുറക്കുന്നതും മറ്റുള്ളവരെ പിന്തുടരാൻ പ്രേരിപ്പിക്കുന്നതും ഇങ്ങനെയാണ്. ഇതാണ് അവിശ്വസനീയമായ ഇന്ത്യ” – എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ട്വിറ്ററിലൂടെയായിരുന്നുഅ കമൽഹാസൻ ആര്യയെ അഭിനന്ദിച്ചത്. “വളരെ ചെറിയ പ്രായത്തിൽ തന്നെ തിരുവനന്തപുരം മേയറായി ചുമതലയേറ്റ ആര്യ രാജേന്ദ്രന് അഭിനന്ദനങ്ങൾ. എല്ലാ സ്‌ത്രീകൾക്കും ആര്യ പ്രചോദനമാണ്. തമിഴ്‌നാട്ടിലും മാറ്റങ്ങൾ സംഭവിക്കുകയാണ്” – എന്നും കമൽ ട്വിറ്ററിലൂടെ വ്യക്തമാക്കി.
യുവ പ്രതിനിധി മേയറായി എത്തട്ടെ എന്ന തീരുമാനത്തിലാണ് ആര്യയുടെ പേര് ജില്ലാ സെക്രട്ടേറിയേറ്റ് നിര്‍ദേശിച്ചതും പിന്നാലെ മേയറായി ആര്യ എത്തിയതും. ആൾ സെയിൻ്റ്സ് കോളേജിലെ ബിഎസ്‍സി വിദ്യാർഥിനിയായ ആര്യ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും, സിപിഎം കേശവദേവ് റോഡ് ബ്രാഞ്ച് അംഗവുമാണ്.