Gulf News

വിസ പുതുക്കല്‍ മുതല്‍ ബില്ലടക്കല്‍ വരെ; ആപ്പുമായി യുഎഇ

From visa renewal to bill payment; UAE with the app

സര്‍ക്കാരിന്റെ വ്യത്യസ്ത സേവനങ്ങള്‍ എവിടെയൊക്കെ ലഭിക്കും എന്ന് തെരഞ്ഞുപോവേണ്ട സ്ഥിതി ഒഴിവാക്കുകയാണ് ഇതിലൂടെ പ്രധാനമായും ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഓരോ സേവനത്തിനും വ്യത്യസ്ത മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ ലോഡ് ചെയ്ത് ഉപയോഗിക്കേണ്ട സ്ഥിതി പുതിയ ആപ്പ് വരുന്നതോടെ ഇല്ലാതാവും. മികച്ച ഗുണനിലവാരത്തോടെയുള്ളതായിരിക്കും പുതിയ സൂപ്പര്‍ ആപ്പെന്നും അദ്ദേഹം വ്യക്തമാക്കി.

വിവിധ സര്‍ക്കാര്‍ സേവനങ്ങളെ കുറിച്ച് ആപ്പ് ഉപയോക്താക്കളെ ഓര്‍മപ്പെടുത്തുന്നതിനായി അലേര്‍ട്ട് സംവിധാനവും പുതിയ ആപ്പില്‍ ഒരുക്കിയിട്ടുണ്ട്. വിസ, പാസ്‌പോര്‍ട്ട്, ഇന്‍ഷൂറന്‍സ്, ലൈസന്‍സുകള്‍ തുടങ്ങിയവയുടെ കാലാവധി തീരാറായാല്‍ ആപ്പ് സ്വമേധയാ നോട്ടിഫിക്കേഷന്‍ അയക്കുമെന്നും അദ്ദേഹം പറഞ്ഞു. ദുബായിലെ ടെക്‌നോളജ് എക്‌സിബിഷനായ ജൈടെക്‌സുമായി ബന്ധപ്പെട്ട ചടങ്ങില്‍ സംസാരിക്കവെയാണ് യുഎഇ ഗവണ്‍മന്റ് സേവന വിഭാഗം തലവന്‍ പുതിയ ആപ്പിന്റെ കാര്യം പ്രഖ്യാപിച്ചത്.

വിസയും പാസ്‌പോര്‍ട്ടും ലൈസന്‍സുകളുമൊക്കെ പുതുക്കണമോ എന്ന് ചോദിച്ച് ആപ്പ് അയക്കുന്ന നോട്ടിഫിക്കേഷനുകള്‍ക്ക് വേണമെന്നു മറുപടി നല്‍കിയാല്‍ ആപ്പ് സ്വമേധയാ അത് പുതുക്കിക്കൊള്ളും. നേരത്തേ അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആപ്പില്‍ സൂക്ഷിച്ചിട്ടുണ്ട് എന്നതിനാലാണ് ഇത് സാധ്യമാവുന്നത്. ഓരോന്നിനും ആവശ്യമായ ഫീസ് ഓണ്‍ലൈനായി അടച്ചാല്‍ മാത്രം മതി. അതോടൊപ്പം ഇലക്ട്രിസിറ്റി, വാട്ടര്‍ ബില്ലുകള്‍ അടയ്ക്കാനും ഓര്‍മിപ്പിച്ച് ആപ്പ് അയക്കുന്ന സന്ദേശങ്ങള്‍ക്ക് യെസ് എന്ന് മറുപടി നല്‍കിയാല്‍ പിന്നെ നമ്മള്‍ ഒന്നും അറിയേണ്ട. അക്കൗണ്ടില്‍ നിന്ന് കാശെടുത്ത് ആപ്പ് തന്നെ ബില്ലുകള്‍ അടച്ചുകൊള്ളും.

സര്‍ക്കാര്‍ സേവനങ്ങള്‍ക്കൊപ്പം വിവിധ സ്വകാര്യ സ്ഥാപനങ്ങളുടെയും ഏജന്‍സികളുടെയും സേവനങ്ങളും സൂപ്പര്‍ ആപ്പില്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചുവരികയാണെന്നും യുഎഇ ഗവണ്‍മന്റ് സേവന വിഭാഗം തലവന്‍ തലവന്‍ മുഹമ്മദ് ബിന്‍ തലിയ പറഞ്ഞു. ഉദാഹരണമായി ഇന്‍ഷൂറന്‍സ് കമ്പനികള്‍, വാഹന രജ്‌സ്‌ട്രേഷന്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സേവനങ്ങളും ആപ്പില്‍ ലഭ്യമാവും.

അതേസമയം, ഇവയില്‍ നിന്ന് വ്യത്യസ്തമായ സേവനങ്ങള്‍ നല്‍കുന്ന രണ്ട് മൊബൈല്‍ ആപ്പുകള്‍ കൂടി തങ്ങള്‍ വികസിപ്പിച്ചെടുത്തതായി തലവന്‍ മുഹമ്മദ് ബിന്‍ തലിയ പറഞ്ഞു. ഉസ്രത്തീ, ബശര്‍ എന്നിവയാണവ. 10 സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ 12 സേവനങ്ങളാണ് ഉസ്രത്തീ ആപ്പില്‍ ലഭിക്കുക. വിവാഹം, കുടുംബജീവിതം, രക്ഷാകര്‍തൃത്വം, ശിശുപരിപാലനം തുടങ്ങിയവയുമായി ബന്ധപ്പെട്ട സേവനങ്ങളാണ് ഇതിലൂടെ ലഭിക്കുക.

അതേസമയം, രാജ്യത്ത് പുതിയ ബിസിനസ് സ്ഥാപനം തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുകയെന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയതാണ് ബശര്‍. 18 ഫെഡറല്‍, പ്രാദേശിക ഭരണകൂടങ്ങളുടെ 14 സേവനങ്ങളാണ് ഇതില്‍ ലഭ്യമാവുക. ബിസിനസുമായി ബന്ധപ്പെട്ട ലൈസന്‍സുകളെടുക്കാനും മറ്റ് രേഖകള്‍ ശരിയാക്കാനും ഇതിലൂടെ സാധിക്കും. സേവന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാതെ, രേഖകള്‍ സമര്‍പ്പിക്കാതെ നിക്ഷേപകര്‍ക്ക് യുഎഇയില്‍ തങ്ങളുടെ ബിസിനസ് സംരംഭം തുടങ്ങാന്‍ ഈ ആപ്പിലൂടെ സാധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button