മുൻ സിബിഐ ഡയറക്ടർ അശ്വിനി കുമാർ മരിച്ച നിലയില്‍; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി
Former CBI director Ashwini Kumar found dead Suicide note found
ദില്ലി: മുന്‍ സിബിഐ ഡയറക്ടര്‍ അശ്വിനി കുമാര്‍ മരിച്ച നിലയില്‍. ഷിംലയിലെ അദ്ദേഹത്തിന്റെ വീട്ടിലാണ് അശ്വിനി കുമാറിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ തലവനായും നാഗാലാന്‍ഡ്, മണിപ്പൂര്‍ സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
69കാരനായ അശ്വിനി കുമാറിനെ വീടിനുളളില്‍ തൂങ്ങി മരിച്ച നിലയില്‍ ആണ് കണ്ടെത്തിയത്. അദ്ദേഹത്തിന്റെത് ആത്മഹത്യ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് അദ്ദേഹം സമീപകാലത്ത് കടന്ന് പോയിക്കൊണ്ടിരുന്നത് എന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. അദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പ് വീട്ടില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
ഉന്നത പോലീസ് ഉദ്യോഗസ്ഥരും മെഡിക്കല്‍ സംഘവും വീട്ടിലെത്തിയിട്ടുണ്ട്. 2013 ജൂലൈ മുതല്‍ 2014 ഡിസംബര്‍ വരെ അശ്വിനി കുമാര്‍ മണിപ്പൂരിന്റെ ഗവര്‍ണര്‍ ആയിരുന്നു. മണിപ്പൂരില്‍ നിന്ന് അദ്ദേഹത്തെ പിന്നീട് നാഗാലാന്‍ഡ് ഗവര്‍ണര്‍ സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. 2014 ജൂണ്‍ വരെയാണ് അശ്വിനി കുമാര്‍ നാഗാലാന്‍ഡ് ഗവര്‍ണര്‍ സ്ഥാനത്ത് തുടര്‍ന്നത്. 2014ല്‍ കേന്ദ്രത്തില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെയാണ് അശ്വിനി കുമാര്‍ ഗവര്‍ണര്‍ സ്ഥാനം രാജി വെച്ചത്.
2008 മുതല്‍ 2010 വരെ ആണ് അശ്വിനി കുമാര്‍ സിബിഐ ഡയറക്ടര്‍ ആയിരുന്നത്. സിബിഐ തലപ്പത്തിരിക്കുമ്പോള്‍ വിവാദമായ ആരുഷി-ഹേംരാജ് കൊലക്കേസ് അടക്കമുളള കേസുകളുടെ അന്വേഷണത്തിന് നേതൃത്വം വഹിച്ചിട്ടുണ്ട്. ഗുജറാത്തിലെ ഷൊറാബുദ്ദീന്‍ ഷേഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ സിബിഐ അറസ്റ്റ് ചെയ്തത് അശ്വിനി കുമാര്‍ ഡയറക്ടര്‍ ആയിരിക്കുമ്പോഴായിരുന്നു. 1973 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് അശ്വിനി കുമാര്‍. 2006 മുതല്‍ 2008 വരെ ഹിമാചല്‍ പ്രദേശ് ഡിജിപി ആയും സേവനം അനുഷ്ഠിച്ചു.