കൊവിഡ് കാലത്ത് ഇന്ത്യക്കാരെ പൊന്നുപോലെ നോക്കിയതിന് ഖത്തറിന് നന്ദി പറഞ്ഞ് വിദേശകാര്യമന്ത്രി
Foreign Minister thanks Qatar for treating Indians like gold during the Covid era
ദോഹ: കൊവിഡ് കാലത്ത് ഇന്ത്യന്‍ പ്രവാസികള്‍ക്ക് മികച്ച സംരക്ഷണമൊരുക്കിയ ഖത്തർ ഭരണകൂടത്തിന് നന്ദി അറിയിച്ച് ഇന്ത്യ. ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനിയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്‌ശങ്കർ നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് ഇന്ത്യ നന്ദി അറിയിച്ചത്. ഇക്കാര്യം തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി പങ്കുവയ്ക്കുകുകയും ചെയ്തു.
ഖത്തർ വിദേശകാര്യ മന്ത്രിയുമായി നടത്തിയ ടെലഫോൺ സംഭാഷണം ഊഷ്മളമായിരുന്നുവെന്നും അദ്ദേഹവുമായി നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് ഉടൻ അവസരമൊരുങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഡിസംബര്‍ എട്ടിന് ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന്റെ തുടർപുരോഗതികള്‍ വിലയിരുത്തിയതായും ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി ട്വിറ്ററില്‍ കുറിച്ചു.
ഖത്തർ ഇൻവെസ്റ്റ്മെൻ്റ് അതോറിറ്റിയുടെ നിക്ഷേപം ഇന്ത്യയിൽ ശക്തിപ്പെടുത്തുന്നത് ഒരു കർമ സേനയ്ക്ക് രൂപം നൽകാനും ഇരു ഭരണാധികാരികളും തമ്മിലുള്ള ടെലഫോൺ സംഭാഷണത്തിൽ തീരുമാനിച്ചിരുന്നു. ഖത്തർ ദേശീയ ദിനാഘോഷത്തിന് പ്രധാനമന്ത്രി ആശംസകൾ അർപ്പിക്കുകയും ചെയ്തിരുന്നു. ഖത്തറിലെ ഇന്ത്യൻ പ്രവാസികൾ ഖത്തർ ദേശീയ ദിനാഘോഷ പരിപാടികളിൽ വഹിക്കുന്ന സജീവമായ പങ്കാളിത്തത്തെ നന്ദിയോടെ അനുസ്മരിച്ചു.