
പ്രമേഹബാധിതർ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. ഇതിനായി ഭക്ഷണ നിയന്ത്രണം പ്രധാനമാണ്. പ്രമേഹം ചികിത്സയിലൂടെ ഭേദമാക്കാൻ സാധിക്കില്ല. എന്നാൽ, ചികിത്സയും ജീവിതശൈലി മാറ്റവും ഇതിന്റെ ലക്ഷണങ്ങളെ ലഘൂകരിക്കാൻ സഹായിക്കും.
ചില ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കാതെ അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, ആന്റി ഓക്സിഡന്റുകൾ, നാരുകൾ എന്നിവ നൽകുന്ന ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് അറിയാം.
ഇലക്കറികൾ: ഇലക്കറികളിൽ അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇലക്കറികൾ രക്തത്തിലെ പഞ്ചസാര വർധിപ്പിക്കുന്നില്ല. ബ്രോക്കോളി, ചീര, കെയ്ൽ, കോളിഫ്ലവർ, ബെൽ പെപ്പർ എന്നിവ പ്രമേഹരോഗികൾക്ക് ഗുണം ചെയ്യുന്ന പച്ചക്കറികളാണ്.
ബെറിപ്പഴങ്ങൾ: ആന്റി ഓക്സിഡന്റുകളും നാരുകളും കൊണ്ട് സമ്പുഷ്ടമാണ് ബെറികൾ. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിർത്തുന്നതിനും ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിനും സഹായിക്കുന്നു. ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി, ബ്ലാക്ക്ബെറി തുടങ്ങിയവ നല്ല ലഘുഭക്ഷണങ്ങളാണ്.
നട്സ്: ബദാം, വാൽനട്ട്, ഫ്ലാക്സ് സീഡുകൾ, ചിയ വിത്തുകൾ എന്നിവ ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, നാരുകൾ എന്നിവയാൽ സമ്പുഷ്ടമാണ്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിർത്താൻ സഹായിക്കുന്നു.
പയറുവർഗങ്ങൾ: ബീൻസ്, വൻപയർ, ചെറുപയർ തുടങ്ങിയ പയറുവർഗങ്ങൾ സസ്യാധിഷ്ഠിത പ്രോട്ടീനുകളുടെയും നാരുകളുടെയും മികച്ച ഉറവിടങ്ങളാണ്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
ധാന്യങ്ങൾ: ശുദ്ധീകരിക്കാത്ത ധാന്യങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ബ്രൗൺ റൈസ്, ക്വിനോവ, ഗോതമ്പ് ബ്രെഡ്, ഓട്സ് തുടങ്ങിയ ധാന്യങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ മികച്ചതാണ്.