India

ചർച്ചയ്ക്കുള്ള കേന്ദ്രത്തിന്റെ ക്ഷണം നിരസിച്ച് കർഷകർ

Farmers reject the Centre's invitation to the discussion

ന്യൂഡൽഹി: കാര്‍ഷിക നിയമത്തിൽ രാജ്യതലസ്ഥാനത്ത് കനത്ത പ്രതിഷേധം തുടരുന്നതിനിടെ ചര്‍ച്ചയ്ക്കുള്ള കേന്ദ്രസര്‍ക്കാരിൻ്റെ ക്ഷണം കര്‍ഷകര്‍ നിരസിച്ചു. ഉപാധികളില്ലാതെ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായെങ്കിലും തെരഞ്ഞെടുക്കപ്പെട്ട സംഘടനകളുമായി മാത്രം ചര്‍ച്ചയെന്ന കേന്ദ്രനിലപാടാണ് കര്‍ഷകരുടെ എതിര്‍പ്പിന് കാരണമായത്. രാജ്യത്തെ എല്ലാ കര്‍ഷക സംഘടനകളെയും ചര്‍ച്ചയ്ക്കായി വിളിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നായി അഞ്ഞൂറിലധികം കര്‍ഷക സംഘടനകളാണ് ഡൽഹിയിലേയ്ക്കുള്ള ഹൈവേകളിൽ സമരവുമായി തുടരുന്നത്. ആദ്യം ബുറാഡിയിൽ സര്‍ക്കാര്‍ അനുവദിച്ച സമരകേന്ദ്രത്തിലേയ്ക്ക് മാറിയാൽ ചര്‍ച്ചയെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഉപാധി കര്‍ഷകര്‍ തള്ളിയിരുന്നു. ഹൈവേയിൽ തന്നെ സമരം തുടരുമെന്നും ഡൽഹിയിലേയ്ക്കുള്ള അഞ്ച് പ്രധാന റോഡുകളും ഉപരോധിക്കുമെന്നും കര്‍ഷകര്‍ നിലപാട് വ്യക്തമാക്കിയതിനു പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ ഉന്നതതല യോഗം ചേര്‍ന്ന ശേഷം ഇന്നലെ ഉപാധികളില്ലാതെ ചര്‍ച്ചയ്ക്ക് തയ്യാറായത്. എന്നാൽ ഈ ശ്രമവും പരാജയപ്പെടുകയായിരുന്നു.

ആഴ്ചകള്‍ക്ക് മുൻപ് പാര്‍ലമെന്‍റ് പാസാക്കിയ പുതിയ കാര്‍ഷിക നിയമങ്ങളിൽ പ്രതിഷേധിച്ചാണ് ഡൽഹിയിലെ സമരം. കര്‍ഷകരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനാണ് പുതിയ പരിഷ്കരണങ്ങള്‍ എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിച്ച് ന്യായീകരിക്കുന്നതെങ്കിലും പുതിയ നിയമങ്ങള്‍ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് കര്‍ഷക സംഘടനകളുടെ നിലപാട്. തുടക്കത്തിൽ ഹരിയാനയിൽ നിന്നും പഞ്ചാബിൽ നിന്നുമുള്ള കര്‍ഷകരായിരുന്നു ട്രാക്ടറുകളും ബസുകളുമായി സമരത്തിന് എത്തിയിരുന്നതെങ്കിൽ ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ കര്‍ഷകര്‍ സമരവേദിയിലേയ്ക്ക് എത്തുന്നതോടെ കേന്ദ്രസര്‍ക്കാര്‍ കൂടുതൽ പ്രതിരോധത്തിലാകുകയാണ്. ആദ്യ ദിവസങ്ങളിൽ സമരം ശക്തിപ്പെട്ട സിംഘു, ടിക്രി അതിര്‍ത്തികള്‍ക്ക് പുറമെ ഉത്തര്‍ പ്രദേശ് ഡൽഹി അതിര്‍ത്തിയായ ഗാസിയാബാദിലും കര്‍ഷകര്‍ തമ്പടിച്ചിട്ടുണ്ട്.

അതേസമയം, ഗുഡ്ഗാവ് ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളിൽ അര്‍ധസൈനിക വിഭാഗങ്ങളെ വിന്യസിച്ച് കേന്ദ്രസര്‍ക്കാര്‍ സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button