ചെന്നൈ: മുതിര്‍ന്ന സിനിമാ സംവിധായകനായ എബി രാജ് (രാജ് ആന്റണി ഭാസ്‌കര്‍ -95) അന്തരിച്ചു. 1951 മുതല്‍ 1986 വരെ സിനിമാ മേഖലയില്‍ സജീവ സാന്നിധ്യമായിരുന്നു. നടി ശരണ്യ മകളാണ്. ആലപ്പുഴ സ്വദേശി ഭാഗ്യനാഥപിള്ളയുടെയും രാജമ്മയുടെയും മകനായി 1929 ല്‍ മധുരയിലാണ് ജനിക്കുന്നത്. തമിഴ്നാട്ടില്‍ തന്നെയായിരുന്നു വിദ്യഭ്യാസം. കോളേജ് വിദ്യാര്‍ത്ഥിയായിരിക്കെ 1947 ലാണ് സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്.
11 വര്‍ഷക്കാലം ശ്രീലങ്കയിലായിരുന്നു. സിംഹള ഭാഷയില്‍ 11 സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. കളിയല്ല കല്യാണമാണ് ആദ്യ ചിത്രം. തുടര്‍ന്ന് കണ്ണൂര്‍ ഡീലക്‌സ്, ഡേയ്ഞ്ചര്‍ ബിസ്‌കറ്റ്, എഴുതാത്ത കഥ, ലോട്ടറി ടിക്കറ്റ്, ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു, പച്ചനോട്ടുകള്‍, കഴുകന്‍, ഇരുമ്പഴികള്‍, സൂര്യവംശം, അഗ്‌നിശരം, ഹലോ ഡാര്‍ലിംഗ്, അഷ്ടമി രോഹിണി, ചീഫ് ഗസ്റ്റ്, ടൂറിസ്റ്റ് ബംഗ്ലാവ്, ലൈറ്റ് ഹൗസ് തുടങ്ങിയ 65 ലേറെ മലയാള ചിത്രങ്ങള്‍ സംവിധാനം ചെയ്തു.
ചിരിക്കുടുക്കയുടെ തമിഴ്‌റീമേക്ക് ശിവാജി ഗണേശനും ചന്ദ്രബാബുവും അഭിനയിച്ച തുള്ളിയോടും പുള്ളിമാനാണ് രാജിന്റെ തമിഴ് ചിത്രം. സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം അക്കാലത്തെ ഹിറ്റ് ലിസ്റ്റില്‍ ഇടം പിടിച്ചിരുന്നു. ഹരിഹരന്‍, ഐവി ശശി, പി. ചന്ദ്രകുമാര്‍, രാജശേഖരന്‍ തുടങ്ങിയവര്‍ എബി രാജിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്നു.