ഖത്തറിലെ പ്രവാസികള്‍ക്ക് വസ്തു വാങ്ങാം; മാളുകളും വാണിജ്യ കോംപ്ലക്‌സുകളും സ്വന്തം പേരില്‍ വാങ്ങാന്‍ അവസരം
Expatriates in Qatar can buy property; Opportunity to buy malls and commercial complexes in your own name
ദോഹ: ഖത്തറിലെ പ്രവാസികള്‍ക്കും വിദേശ കമ്പനികള്‍ക്കും വസ്തുക്കള്‍ സ്വന്തമായി വാങ്ങാന്‍ അവസരമൊരുങ്ങുന്നു. ഖത്തറിലെ ഒന്‍പത് സ്ഥലങ്ങളിൽ മാളുകളില്‍ ഷോപ്പുകള്‍ സ്വന്തമായി വാങ്ങാനും റസിഡന്‍ഷ്യല്‍ യൂനിറ്റുകളില്‍ വീടുകള്‍ സ്വന്തമാക്കാനും പ്രവാസികള്‍ക്ക് അവസരമൊരുങ്ങും. ഇതിനു പുറമേ 16 സ്ഥലങ്ങളില്‍ 99 വര്‍ഷത്തേത്ത് വസ്തുക്കള്‍ ലീസിന് എടുക്കാനും സാധിക്കും. ഇതും രണ്ടും ചേരുമ്പോള്‍ 25 പ്രദേശങ്ങളിൽ പ്രവാസികള്‍ക്ക് വസ്തു വകകള്‍ സ്വന്തമായി വാങ്ങാൻ സാധിക്കും.
വെസ്റ്റ് ബേ ഏരിയ (ലെഗതാഫിയ), പേള്‍ ഖത്തര്‍, അല്‍ ഖോര്‍ റിസോര്‍ട്ട്, ദഫ്ന (അഡ്മിന്‍ ഡിസ്ട്രിക്റ്റ് നമ്പര്‍ 60), ദഫ്ന (അഡ്മിന്‍ ഡിസ്ട്രിക്റ്റ് നമ്പര്‍ 61), ഉനൈസ (അഡ്മിനിസ്ട്രേറ്റീവ് ഡിസ്ട്രിക്റ്റ്) ലുസൈല്‍, അല്‍ ഖറൈജ്, ജബല്‍ താഇലബ് എന്നിവയാണ് വ്യക്തികള്‍ക്ക് സ്വതന്ത്ര ഉടമസ്ഥാവകാശം ലഭിക്കാവുന്ന ഒന്‍പത് സ്ഥലങ്ങള്‍.
മുഷൈരിബ്, ഫരീജ് അബ്ദുല്‍ അസീസ്, ദോഹ ജദീദ്, അല്‍ ഗാനിം അല്‍ ആതിക്, അല്‍ റിഫ, അല്‍ ഹിത്മി അല്‍ അതിക്, അസ്ലത, ഫരീജ് ബിന്‍ മഹമൂദ് 22, ഫരീജ് ബിന്‍ മഹമൂദ് 23, റൗദത്ത് അല്‍ ഖൈല്‍, മന്‍സൂറ, ഫരീജ് ബിന്‍ ദിര്‍ഹം, നജ്മ, ഉം ഗുവൈലിന, അല്‍ ഖുലൈഫാത്ത്, അല്‍ സദ്ദ്, അല്‍ മിര്‍കബ് അല്‍ ജദീദ്, ഫരീജ് അല്‍ നാസര്‍, ദോഹ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നിവയാണ് വിദേശ കമ്പനികള്‍ക്കായുള്ള ഉടമസ്ഥാവകാശത്തിന്റെ പരിധിയില്‍ വരുന്ന സ്ഥലങ്ങള്‍.
പുതിയ തീരുമാനം ഖത്തറിന്റെ റിയല്‍ എസ്റ്റേറ്റ് മേഖലയുടെ ഉത്തേജനത്തിനും ഖത്തരി വിപണിയുടെ പുരോഗതിക്കും രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന്റെ ത്വരിതപ്പെടുത്തലിനും കാരണമാകുമെന്ന് ഖത്തര്‍ നീതിന്യായ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.